

തിരുവനന്തപുരം: എക്‌സിറ്റ് പോള്‍ ഫലം തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കേരളത്തെ സംബന്ധിച്ച് തങ്ങള്‍ക്ക് യാതൊരു ഉത്കണ്ഠയുമില്ലെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. ഈ സര്‍വ്വേ രണ്ട് കാര്യം വ്യക്തതയോടെ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ വിരുദ്ധ വികാരം ഇല്ലെന്നും മുഖ്യമന്ത്രിയാകാന്‍ യോഗ്യന്‍ പിണറായി വിജയന്‍ തന്നെയെന്നും എക്‌സിറ്റ് പോള്‍ ഫലത്തില്‍ പറയുന്നുവെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
'60 മുതല്‍ 69 വരെ സീറ്റുകളാണ് കാണിക്കുന്നത്. കേവല ഭൂരിപക്ഷത്തിന് തൊട്ടടുത്താണ് ഇത്. ഇടതുമുന്നണിക്ക് നല്ല സാധ്യതയുള്ള സര്‍വേയാണ് ഇത്. ഇടതുമുന്നണി വീണ്ടും അധികാരത്തില്‍ വരും എന്നതാണ് എക്‌സിറ്റ് പോളിന്റെ ഉള്ളില്‍ കാണിക്കുന്നത്. അസംഭവ്യമായ ചില കാര്യങ്ങള്‍ സര്‍വേയില്‍ ഉണ്ട്. 16 സീറ്റ് വരെ ബിജെപി പിടിക്കും എന്ന് പറയുന്നു. നേമം അടക്കം ചേര്‍ത്താണ് പറയുന്നത്. ഒരു സീറ്റുപോലും ബിജെപിക്ക് ലഭിക്കാന്‍ പോകുന്നില്ല', എം വി ഗോവിന്ദന്‍ പറഞ്ഞു.
ഇടതുമുന്നണിയെ അധികാരത്തില്‍ എത്തിക്കും എന്ന പരസ്യ പ്രഖ്യാപനത്തിന്റെ ഉള്ളറകളാണ് സര്‍വ്വേയില്‍ ഉള്ളതെന്നും പിണറായി വിജയന്‍ പൊതുവേ അംഗീകരിക്കപ്പെടുകയാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളാ കോണ്‍ഗ്രസിന് ഒരു സീറ്റ് മാത്രം എന്നതൊന്നും ശരിയായ സര്‍വേയല്ല. ജനങ്ങളിലാണ് വിശ്വാസമെന്നും ഒരു റിപ്പോര്‍ട്ടിനെയും അല്ല വിശ്വസിക്കുന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
'നാലാം തീയതി ആകുമ്പോള്‍ അത് അത്രത്തോളമാണ് എന്ന യാഥാര്‍ത്ഥ്യം ബോധ്യപ്പെടും. ഞാന്‍ തള്ളിയത് കൊണ്ടോ തള്ളാത്തതുകൊണ്ടോ എക്‌സിറ്റ് പോളുകള്‍ ഇല്ലാതാകുന്നില്ല. ഞങ്ങള്‍ ജയിക്കുമെന്ന് പറയാന്‍ പരസ്യമായി കഴിയാത്ത ചില ആളുകള്‍ രഹസ്യമായി പറയുന്നതാണ് ഈ സര്‍വെ. ഭരണ പക്ഷത്ത് വരുന്ന ഞങ്ങള്‍ പ്രതിപക്ഷ നേതാവിനെ കുറിച്ച് ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലല്ലോ. മുഖ്യമന്ത്രിയെ സ്റ്റേറ്റ് കമ്മിറ്റി യോഗത്തില്‍ തീരുമാനിക്കും', എം വി ഗോവിന്ദന്‍ പറഞ്ഞു.
Content Highlights: M V Govindan about exit poll results