'ഏത് സിംഹം അലറിയാലും കഷ്ടപ്പെട്ടവനൊപ്പം';WhatsApp ഗ്രൂപ്പിൽ നേതാക്കൾക്ക് അധിക്ഷേപം,അഡ്മിനെതിരെ നടപടിയെടുക്കും

റോജി എം ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ അധിക്ഷേപത്തിനും ഈ ഗ്രൂപ്പില്‍ ആഹ്വാനം ചെയ്തിരുന്നു

'ഏത് സിംഹം അലറിയാലും കഷ്ടപ്പെട്ടവനൊപ്പം';WhatsApp ഗ്രൂപ്പിൽ നേതാക്കൾക്ക് അധിക്ഷേപം,അഡ്മിനെതിരെ നടപടിയെടുക്കും
dot image

തിരുവനന്തപുരം: കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ ചൊല്ലി സൈബര്‍ പോര് കടുക്കുമ്പോള്‍ അധിക്ഷേപ പരാമര്‍ശങ്ങള്‍ പരിശോധിക്കാന്‍ കെപിസിസി. കോണ്‍ഗ്രസ് നേതാവ് റോജി എം ജോണിനെ അധിക്ഷേപിക്കാന്‍ ആഹ്വാനം വന്ന 'ഇലക്ഷന്‍ 2026 വിഡിഎസ്' എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കോര്‍ഡിനേറ്ററായ വിമല ബിനുവിനെതിരെ നടപടി എടുത്തേക്കുമെന്നാണ് വിവരം.

റോജി എം ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ അധിക്ഷേപത്തിനും ഈ ഗ്രൂപ്പില്‍ ആഹ്വാനം ചെയ്തിരുന്നു. മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ അധിക്ഷേപിച്ച് വിമല ബിനുവിന്റെ സന്ദേശവും പുറത്തുവന്നിരുന്നു. 'കണ്ണൂര്‍ സിഹം എന്നല്ല ഏത് കോണോത്തിലെ സിംഹം അലറിയാലും രാവും പകലും കഷ്ടപ്പെട്ടവന്റെ ഒപ്പം' എന്ന ക്യാപ്ഷനോട് കൂടി വി ഡി സതീശന്റെ പടം വിമല ബിനു ഗ്രൂപ്പില്‍ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം മുസ്‌ലിം ലീഗ് ഉള്‍പ്പെടെ ഘടകകക്ഷികളുടെ പിന്തുണ ഉറപ്പിക്കാന്‍ നേതാക്കള്‍ അണിയറയില്‍ നീക്കം സജീവമാക്കിയിട്ടുണ്ട്. നേതാക്കളെ പ്രകീര്‍ത്തിക്കുന്ന വീഡിയോകളും ഡോക്യുമെന്റുകളും വൈകാതെ പുറത്തിറങ്ങും. വി ഡി സതീശന്‍, രമേശ് ചെന്നിത്തല, കെ സി വേണുഗോപാല്‍ എന്നിവര്‍ക്ക് വേണ്ടിയാണ് അനുയായികള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണം നടത്തുന്നത്.

വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെയായിരുന്നു കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉടലെടുത്തത്. മുഹമ്മദ് ഷിയാസായിരുന്നു ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്. ആദ്യഘട്ടത്തില്‍ ആരോഗ്യപരമായ ചര്‍ച്ചകളായിരുന്നു എങ്കില്‍ അത് പിന്നീട് നേതാക്കളെ അധിക്ഷേപിക്കുന്ന തലത്തിലേക്ക് മാറി. നേതാക്കളെ അധിക്ഷേപിക്കുന്നു എന്ന് കാണിച്ച് കെപിസിസി തന്നെ പരാതിയുമായി പൊലീസിനെ സമീപിച്ചു. തങ്ങളുടെ നേതാക്കളെ വ്യാജ അക്കൗണ്ടുകളിലൂടെ അപമാനിക്കുന്നു എന്നായിരുന്നു കെപിസിസി നല്‍കിയ പരാതി.

ഇതില്‍ പൊലീസ് അന്വേഷണം നടക്കുകയാണ്. ഇതിനിടയിലാണ് തെരഞ്ഞെടുപ്പിന് വേണ്ടി രൂപീകരിച്ചു എന്ന് സൂചിപ്പിക്കുന്ന ഒരു വാട്സ്ആപ്പ് ഗ്രൂപ്പില്‍ എതിരാളികള്‍ക്കെതിരെ അധിക്ഷേപം ചൊരിയാനുള്ള നിര്‍ദേശങ്ങള്‍ നല്‍കുന്നത്. കെ സി വേണുഗോപാലിനെതിരെ പ്രചാരണം നടത്തണമെന്നുള്ള നിര്‍ദേശമാണ് പ്രധാനമായും ഈ ഗ്രൂപ്പില്‍ നല്‍കിയിരിക്കുന്നത്.

Content Highlights: KPCC to investigate abusive remarks as Congress escalates cyber war over CM

dot image
To advertise here,contact us
dot image