

വെള്ളിയാഴ്ചയാണ് പേടിഎം പേയ്മെന്റ് ബാങ്കിന്റെ ലൈസന്‍സ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) റദ്ദാക്കിയത്. നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതില്‍ നിന്നും ടോപ്പ്-അപ്പുകളില്‍ നിന്നും പേടിഎം ബാങ്കിനെ വിലക്കി രണ്ട് വര്‍ഷത്തിന് ശേഷമാണ് ആര്‍ബിഐ ലൈസന്‍സ് റദ്ദാക്കിയത്. ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ ബാങ്കിന്റെയും നിക്ഷേപകരുടെയും താല്‍പര്യങ്ങള്‍ക്ക് ദോഷകരമായ രീതിയിലാണ് നടന്നതെന്ന് കാണിച്ചാണ് കേന്ദ്ര ബാങ്കിന്റെ നടപടി. വണ്‍97 കമ്മ്യൂണിക്കേഷന്‍സും വിജയ് ശേഖര്‍ ശര്‍മയും ചേര്‍ന്ന് സ്ഥാപിച്ച പേയ്മെന്റ് ബാങ്ക് ഇനി ലിക്വിഡേഷന്‍ നടപടികളിലേക്ക് കടക്കും. ആര്‍ബിഐ നടപടിക്കു പിന്നിലെ കാരണങ്ങള്‍ എന്തെല്ലാമാണെന്നു നോക്കാം.
2018 മുതല്‍ ആര്‍ബിഐയുടെ നിരീക്ഷണത്തില്‍
ചട്ടലംഘനങ്ങള്‍ കാരണം 2018 മുതല്‍ പേടിഎം പേയ്മെന്റ് ബാങ്ക് ആര്‍ബിഐയുടെ നിരീക്ഷണത്തിലായിരുന്നു. ഉപഭോക്താക്കളെ തിരിച്ചറിയുന്നതിനുള്ള കെവൈസി മാനദണ്ഡങ്ങളില്‍ ബാങ്ക് വലിയ വീഴ്ചകള്‍ വരുത്തിയതായി ആര്‍ബിഐ കണ്ടെത്തി. ഒരു പാന്‍ കാര്‍ഡ് തന്നെ ഒന്നിലധികം ഉപഭോക്തൃ അക്കൗണ്ടുകളുമായി ലിങ്ക് ചെയ്തതായിരുന്നു പ്രധാന പ്രശ്‌നങ്ങളിലൊന്ന്. ഇത് സാമ്പത്തിക ക്രമക്കേടുകള്‍ക്കും കള്ളപ്പണം വെളുപ്പിക്കലിനും ഇടയാക്കുമെന്ന് ആര്‍ബിഐ നിരീക്ഷിച്ചു. കൂടാതെ, നിശ്ചിത പരിധിയില്‍ കൂടുതല്‍ തുക ഇടപാട് നടത്താന്‍ ചില അക്കൗണ്ടുകളെ ബാങ്ക് അനുവദിച്ചതായും കണ്ടെത്തി.
2018 ജൂണില്‍ നടന്ന ഓഡിറ്റില്‍ പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്ന നടപടിക്രമങ്ങളില്‍ വലിയ പോരായ്മകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന്, പുതിയ അക്കൗണ്ടുകള്‍ ചേര്‍ക്കുന്നത് താല്‍ക്കാലികമായി നിര്‍ത്താന്‍ ബാങ്കിനോട് നിര്‍ദേശിച്ചിരുന്നു. 2022 മാര്‍ച്ച് 11 മുതല്‍ പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നത് പൂര്‍ണമായി തടഞ്ഞിരുന്നു. 2024 ജനുവരി 31നും ഫെബ്രുവരി 16നും ബാങ്കിന് മേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇത് നിലവിലുള്ള അക്കൗണ്ടുകളിലോ വാലറ്റുകളിലോ ഫാസ്ടാഗുകളിലോ പണം നിക്ഷേപിക്കുന്നത് തടയാന്‍ കാരണമായി. നിരന്തരമായ നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി 2023 ഒക്ടോബറില്‍ ബാങ്കിന് 5.39 കോടി രൂപ പിഴയും ആര്‍ബിഐ ചുമത്തി.
കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കാത്തതും, മാതൃകമ്പനിയായ വണ്‍97 കമ്മ്യൂണിക്കേഷന്‍സുമായി കൃത്യമായ അകലം പാലിക്കാത്തതുമാണ് നടപടികള്‍ക്ക് കാരണമായത്. ഈ നടപടികള്‍ വണ്‍97 കമ്മ്യൂണിക്കേഷന്‍സിനെ സാരമായി ബാധിച്ചു. ഓഹരി വിപണിയില്‍ കമ്പനിയുടെ മൂല്യം 40-50% ഇടിയുകയും ഫാസ്ടാഗ്, ഓട്ടോപേ തുടങ്ങിയ സേവനങ്ങളെ ബാധിക്കുകയും ചെയ്തു. തുടര്‍ന്ന് ആക്സിസ് ബാങ്ക്, യെസ് ബാങ്ക് തുടങ്ങിയവരുമായി പേടിഎമ്മിന് സഹകരിക്കേണ്ടി വന്നു. ഇത് ഗൂഗിള്‍ പേ, ഫോണ്‍ പേ തുടങ്ങിയ എതിരാളികളിലേക്ക് ഉപഭോക്താക്കള്‍ മാറുന്നതിനും കാരണമായി.
പരിധി ലംഘിച്ചുള്ള ഇടപാടുകള്‍
ഇന്ത്യയിലെ പേയ്മെന്റ് ബാങ്കുകളുടെ ഇടപാടുകള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളുണ്ട്. ഒരു ഉപഭോക്താവില്‍ നിന്ന് രണ്ട് ലക്ഷം രൂപ വരെ മാത്രമേ നിക്ഷേപം സ്വീകരിക്കാന്‍ കഴിയൂ. കൂടാതെ വായ്പകളോ ക്രെഡിറ്റ് കാര്‍ഡുകളോ നല്‍കാന്‍ ഇവര്‍ക്ക് അനുവാദമില്ല. എന്നാല്‍, പേടിഎം പല അക്കൗണ്ടുകളിലും നിശ്ചയിച്ച പരിധിയില്‍ കൂടുതല്‍ തുക കൈകാര്യം ചെയ്തതായും ആര്‍ബിഐ നിരീക്ഷിച്ചു. ഇത് ബാങ്കിംഗ് നിയമങ്ങളുടെ നേരിട്ടുള്ള ലംഘനമാണ്. വര്‍ഷങ്ങളായി പല നടപടികള്‍ എടുത്തിട്ടും ബാങ്കിന്റെ മാനേജ്മെന്റ് രീതികളില്‍ മാറ്റം വരാത്തതാണ് ലൈസന്‍സ് റദ്ദാക്കുന്ന അന്തിമ തീരുമാനത്തിലേക്ക് ആര്‍ബിഐയെ എത്തിച്ചത്.
ആര്‍ബിഐ ഇപ്പോള്‍ പറയുന്നത്
ബാങ്ക് മാനേജ്മെന്റിന്റെ പൊതുവായ സ്വഭാവം നിക്ഷേപകരുടെയോ പൊതുജനങ്ങളുടെയോ താല്‍പര്യത്തിന് വിരുദ്ധമാണെന്ന് ആര്‍ബിഐ വെള്ളിയാഴ്ച വ്യക്തമാക്കി. 1949ലെ ബാങ്കിങ് റെഗുലേഷന്‍ ആക്ട് സെക്ഷന്‍ 22 (3) (c), (e) എന്നിവയുടെ ലംഘനം നടന്നതായും ആര്‍ബിഐ ചൂണ്ടിക്കാട്ടി. ബാങ്കിങ് ലൈസന്‍സ് നിലനിര്‍ത്തണമെങ്കില്‍ മാനേജ്മെന്റ് പൊതുതാല്‍പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ പാടില്ല എന്നാണ് സെക്ഷന്‍ 22(3)(c) പറയുന്നത്. നിക്ഷേപകരുടെ സംരക്ഷണത്തിന് ആവശ്യമായ നിബന്ധനകള്‍ പാലിക്കുന്നതില്‍ ബാങ്ക് പരാജയപ്പെട്ടതിനാല്‍ ലൈസന്‍സ് റദ്ദാക്കുകയാണെന്ന് കേന്ദ്ര ബാങ്ക് അറിയിച്ചു. ഇതോടെ ബാങ്കിംഗ് റെഗുലേഷന്‍ ആക്ട് സെക്ഷന്‍ 5(b) പ്രകാരമുള്ള 'ബാങ്കിങ്' ബിസിനസ്സ് നടത്തുന്നതില്‍ നിന്ന് പേടിഎം പേയ്മെന്റ് ബാങ്കിനെ പൂര്‍ണമായും വിലക്കി.
ഇനി എന്ത് സംഭവിക്കും?
ബാങ്കിന്റെ ലൈസന്‍സ് റദ്ദാക്കിയതോടെ ബാങ്കിങ് സേവനങ്ങള്‍ നല്‍കാന്‍ ഇനി പേടിഎമ്മിന് കഴിയില്ല. ബാങ്ക് പിരിച്ചുവിടുന്നതിനായി ആര്‍ബിഐ ഹൈക്കോടതിയെ സമീപിക്കും. വാലറ്റുകള്‍, ഫാസ്ടാഗ് തുടങ്ങിയ സേവനങ്ങളില്‍ നേരത്തെ തന്നെ നിയന്ത്രണങ്ങള്‍ വന്നതിനാല്‍ ഉപഭോക്താക്കള്‍ മറ്റ് ബാങ്കുകളിലേക്ക് മാറേണ്ടി വരും. ബാങ്കിങ് സേവനങ്ങൾ റദ്ദാക്കിയെങ്കിലും യുപിഐ ഉൾപ്പെടെ മറ്റ് സേവനങ്ങൾക്ക് തടസ്സമില്ല. വിജയ് ശേഖര്‍ ശര്‍മയ്ക്ക് 51% ഓഹരിയും വണ്‍97 കമ്മ്യൂണിക്കേഷന്‍സിന് 49% ഓഹരിയുമാണ് ബാങ്കിലുള്ളത്.
Content Highlights: Why RBI cancelled Paytm Payments Bank’s banking licence -Paytm Payments Bank has been under regulatory scrutiny since 2018 owing to multiple compliance concerns. On Friday, the RBI said bank’s operations were conducted in a way that was “detrimental to the interest of the bank and its depositors”.