ആലപ്പുഴ കുട്ടനാട്ടിൽ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു

വീടിനോടു ചേർന്നുള്ള ശുചിമുറിക്ക് മുന്നിൽ വെച്ചാണ് മൂർഖൻ പാമ്പിൻ്റെ കടിയേറ്റത്

ആലപ്പുഴ കുട്ടനാട്ടിൽ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു
dot image

ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം. ആലപ്പുഴ കുട്ടനാട് വൈശ്യംഭാഗം പുതുവന വീട്ടിൽ രഘുവിൻ്റെ ഭാര്യ ഇന്ദിര (65) ആണ് മരിച്ചത്. വീടിനോടു ചേർന്നുള്ള ശുചിമുറിക്ക് മുന്നിൽ വെച്ചാണ് മൂർഖൻ പാമ്പിൻ്റെ കടിയേറ്റത്. ഉടൻ തന്നെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് ആന്റിവെനം നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

സംസ്ഥാനത്ത് പാമ്പുകടി മരണം വർധിച്ചതോടെ ആരോഗ്യ വകുപ്പ് ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. പാമ്പുകടിയേറ്റവർക്ക് ആന്റിവെനം എത്രയു പെട്ടെന്ന് ലഭിക്കാൻ നടപടി സ്വീകരിച്ചു. ആന്റിവെനം ലഭ്യമായ ആശുപത്രികളുടെ ലിസ്റ്റ് ആരോഗ്യവകുപ്പ് 108 ആംബുലൻസ് ടീമിന് കൈമാറി. പാമ്പുകടിയേറ്റാൽ ഉടൻ തന്നെ ആംബുലൻസിൽ വിളിച്ച് സഹായം തേടണമെന്നും അനാവശ്യമായി ചലനം ഒഴിവാക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. 108 ടീമിന് ആശുപത്രികളുടെ ലിസ്റ്റ് നൽകുന്നതിനാൽ ആന്റി വെനം ഇല്ലാത്ത ആശുപത്രികളിൽ പോയി സമയം കളയേണ്ടി വരില്ല. സംസ്ഥാനത്ത് നിലവിൽ 146 ആശുപത്രികളിൽ ആന്റിവെനം ലഭ്യമാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.

ഇതോടെ സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ചയിൽ പാമ്പുകടിയേറ്റ് നാല് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. തൃശൂര്‍ കോടാലി സ്വദേശികളായ സില്‍ജോ, ജോണ്‍സി ദമ്പതികളുടെ മക്കളായ അല്‍ജോ, അനോഷ് എന്നിവര്‍ക്ക് പാമ്പ് കടിയേറ്റിരുന്നു. സംഭവത്തിൽ എട്ട് വയസുകാരനായ അൽജോയ്ക്ക് ജീവൻ നഷ്ടമായി. പാമ്പുകടിയേറ്റ സഹോദരൻ അനോഷ് ചികിത്സയിലാണ്. കിടന്നുറങ്ങുമ്പോഴായിരുന്നു ഇരുവർക്കും പാമ്പിൻ്റെ കടിയേറ്റത്.

കഴിഞ്ഞ ദിവസം ചിറയിന്‍കീഴില്‍ എട്ടുവയസുകാരന് പാമ്പുകടിയേറ്റ് മരിച്ചു. മൂലയില്‍ വീട്ടില്‍ ദിലീപ്-അനു ദമ്പതികളുടെ മകനായ ദിക്ഷലായിരുന്നു മരിച്ചത്. മറ്റൊരു സംഭവത്തിൽ കായംകുളത്ത് പാമ്പുകടിയേറ്റ് 42കാരിയായ വീട്ടമ്മ മരിച്ചിരുന്നു. തിരുവനന്തപുരത്ത് രണ്ടിടങ്ങളിലായി വ്യാഴാഴ്ച രണ്ട് പേരെ പാമ്പുകടിച്ചിരുന്നു. സംസ്ഥാനത്ത് പാമ്പുകടിയേറ്റ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത സാഹചര്യത്തിൽ മുഖ്യമന്ത്രിയും ജഗ്രത നിർദ്ദേശം നൽകിയിരുന്നു.

Content Highlights: Housewife dies of snakebite in Kuttanad, Alappuzha

dot image
To advertise here,contact us
dot image