

വിജയ് നായകനാകുന്ന അവസാന ചിത്രം ജനനായകൻ ചോർന്ന സംഭവത്തിൽ സിനിമയുടെ എഡിറ്റർ പ്രദീപ് ഇ രാഘവിനെ താത്ക്കാലികമായി സസ്‌പെൻഡ് ചെയ്തിരിക്കുകയാണ് സൗത്ത് ഇന്ത്യൻ ഫിലിം എഡിറ്റേഴ്‌സ് അസോസിയേഷൻ (SIFEA). പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. 'ജനനായകൻ നിയമവിരുദ്ധമായി ഇന്റർനെറ്റിൽ റിലീസ് ചെയ്തതിന് പ്രദീപ് ഇ രാഘവ് നേരിട്ട് ഉത്തരവാദിയല്ലെങ്കിലും, തന്റെ അശ്രദ്ധയാണ് ഇതിന് കാരണം എന്ന് അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. ഈ സാഹചര്യം തുടർന്നാൽ, സിനിമാ വ്യവസായംതന്നെ ഇല്ലാതാകാൻ സാധ്യതയുണ്ട്. ഇത്തരം അഭികാമ്യമല്ലാത്ത സംഭവങ്ങൾ ഭാവിയിൽ സംഭവിക്കുന്നത് തടയേണ്ടത് അസോസിയേഷന്റെ കടമയാണ്,' കുറിപ്പിൽ പറയുന്നു.
സസ്‌പെൻഷൻ കാലയളവിൽ, അസോസിയേഷൻ പ്രദീപ് ഇ രാഘവിന് യാതൊരു സഹായവും നൽകുകയില്ലെന്നും കൂടാതെ, സഹോദര സംഘടനകളോട് ഈ പ്രഖ്യാപനത്തെ പൂർണമായി പിന്തുണയ്ക്കണമെന്നും അസോസിയേഷൻ അഭ്യർത്ഥിച്ചിട്ടുണ്ട്. ഈ കേസിൽ പ്രധാനപ്രതി എന്ന് സംശയിക്കുന്ന ഫ്രീലാൻസ് എഡിറ്റർ ഉൾപ്പെടെ ഒൻപത് പേരെ ചെന്നൈ പോലീസ് സൈബർ ടീം അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റൊരു ചിത്രത്തിന്റെ എഡിറ്റിങ് സ്റ്റുഡിയോയിൽ ജോലി ചെയ്യുകയായിരുന്ന എഡിറ്റർക്ക് ജനനായകന്റെ ഫൂട്ടേജ് ലഭിക്കുകയും അത് ചോർത്തുകയുമായിരുന്നു എന്ന് പോലീസ് പറഞ്ഞു.
ചിത്രത്തിന്റെ ടൈറ്റിൽ ക്രെഡിറ്റ്‌സും വിജയ്‌യുടെ ഇൻട്രോയുമടങ്ങുന്ന അഞ്ച് മിനിറ്റോളം വരുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ആദ്യം ലീക്കായത്. പിന്നാലെ മൂന്ന് മണിക്കൂറുള്ള സിനിമയുടെ എച്ച്ഡി പതിപ്പും പുറത്തായതായി റിപ്പോർട്ടുണ്ട്. ദൃശ്യങ്ങൾ ചോർന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് ഒരു വിഭാഗം ആരാധകരുടെ ആരോപണം. ആരും ഇന്റർനെറ്റിൽ പ്രചരിക്കുന്ന രംഗങ്ങൾ പങ്കിടരുതെന്ന മുന്നറിയിപ്പും അവർ നൽകിയിരുന്നു.
PRESS RELEASE: SIFEA removes editor Pradeep E. Raghav from the Southern India Film Editors Association over rule violations and negligence in the illegal online leak of #JanaNayagan film.
— Actor Vijay Team (@ActorVijayTeam) April 24, 2026
Association to provide zero cooperation during suspension period. pic.twitter.com/enKi2r2yP3
എച്ച് വിനോദ് സംവിധാനം ചെയ്ത ചിത്രം നന്ദമുരി ബാലകൃഷ്ണ നായകനായ ഭഗവന്ത് കേസരിയുടെ ഔദ്യോഗിക റീമേക്കാണ്. ഭഗവന്ത് കേസരിയുടെ ഓരോ ഫ്രെയിമും അതേപടി പകർത്തി വച്ചിരിക്കുകയാണ് സംവിധായകൻ എന്ന വിമർശനവും ഉയരുന്നുണ്ട്. വിജയ്‌യുടെ രാഷ്ട്രീയ പാർട്ടി ടിവികെയുടെ പ്രമോഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന ആരോപണം ശരിവയ്ക്കുന്നതാണ് പുറത്ത് വന്ന ക്ലിപ്പുകളിൽ നിന്നുള്ള വിശദാംശങ്ങൾ. ടിവികെയുടെ പേര് താരത്തിന്റെ കൈയിൽ പച്ചകുത്തിയതായി ലീക്കായി ക്ലിപ്പുകളിൽ കാണിക്കുന്നുണ്ട്. ആദ്യമായാണ് റിലീസിന് മുമ്പ് ഒരു വിജയ് ചിത്രം ലീക്കാകുന്നത്.
Content Highlights: After the online leak of Vijay’s film ‘Jana Nayagan,’ the South Indian Film Editors Association (SIFEA) temporarily suspended editor Pradeep E Ragav.