

തിരുവനന്തപുരം: ബിജെപിയുടെ നേതൃത്വത്തിൽ നടത്തിയ പൊലീസ് സ്‌റ്റേഷൻ ഉപരോധത്തിനിടെ 'പോടാ പുല്ലേ പൊലീസേ' എന്ന മുദ്രാവാക്യം ഏറ്റുവിളിച്ചതിനെ ന്യായീകരിച്ച് മുൻ ഡിജിപി ആർ ശ്രീലേഖ. താൻ പൊലീസിലിരുന്നപ്പോഴും തെറ്റുകൾ ചെയ്തുകൂട്ടുന്ന ഉദ്യോഗസ്‌ഥരെ 'പോടാ പുല്ലേ' എന്ന് പലപ്പോഴും മുഖത്തുനോക്കി വിളിച്ചിട്ടുണ്ടെന്ന് അവർ സമൂഹമാധ്യമത്തിൽ കുറിച്ചു. ഡിജിപി റാങ്ക് വഹിച്ച ശ്രീലേഖ പൊലീസിനെതിരെ പ്രകോപനപരമായ മുദ്രാവാക്യം ഏറ്റുവിളിച്ചതിൽ സേനയ്ക്കുള്ളിൽ പ്രതിഷേധം ഉയരുന്നതിനിടെയാണ് പ്രതികരണം. മന്ത്രി വി ശിവൻകുട്ടിയും ഇന്ന് ശ്രീലേഖയെ വിമർശിച്ചിരുന്നു. വട്ടിയൂർക്കാവ് സ്റ്റേഷനിലേക്കു മഹിളാ മോർച്ച പ്രവർത്തകർ നടത്തിയ മാർച്ചിനിടെയായിരുന്നു ശ്രീലേഖയുടെ മുദ്രാവാക്യം വിളി.
ശ്രീലേഖയുടെ ഫേസ് ബുക്ക് കുറിപ്പ്
ഗുരുതര തെറ്റുകൾ, അഴിമതി എന്നിവ ചെയ്യുന്ന പല ഉദ്യോഗസ്‌ഥരെയും സർവീസിൽ നിന്നു സസ്പെൻഡ് ചെയ്‌തിട്ടുണ്ട്. പലർക്കുമെതിരെ കേസെടുത്തിട്ടുണ്ട്. പല പൊലീസുകാരും അഴിമതി കേസുകളിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. അന്നൊന്നും ആരും, ഒരു രാഷ്ട്രീയ, പൊലീസ് അസോസിയേഷൻ നേതാവും എനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. എന്നിട്ടാണോ, ഇങ്ങനെ തെറ്റുകൾ ചെയ്തുകൂട്ടുന്ന ഒരുത്തനെ വിരമിച്ച ശേഷം 'പോടാ' എന്നു വിളിച്ചതിൽ ഇവരൊക്കെ തെറ്റ് കാണുന്നത്.
Content Highlights: Former DGP R Sreelekha justifies raising slogans like 'Poda Pulle Police'