

തൃശൂര്‍: വെടിക്കെട്ടിനെക്കുറിച്ച് മാധ്യമങ്ങളില്‍ വരുന്നത് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ്. തങ്ങളുടെ ലൈസന്‍സിക്ക് ആറായിരം കിലോ വരെ എക്‌സ്‌പ്ലോസീവ്‌സ് സ്‌റ്റോര്‍ ചെയ്യാനുളള അനുവാദമുണ്ടെന്നും എല്ലാ വര്‍ഷവും ഡിസ്‌പ്ലേ ലൈസന്‍സ് പൊട്ടിക്കുന്നതിന് അര മണിക്കൂര്‍ മുന്‍പാണ് ലഭിക്കാറുളളതെന്നും ജി രാജേഷ് പറഞ്ഞു. വെടിക്കോപ്പുകള്‍ തയ്യാറാക്കുന്നത് സീല്‍ ചെയ്ത നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പൊതുവികാരം വെടിക്കെട്ട് മാറ്റിനിര്‍ത്തി മറ്റ് ചടങ്ങുകള്‍ എല്ലാം ആഘോഷപൂര്‍വ്വം നടത്തണം എന്നാണെന്നും തങ്ങളുടെ അഭിപ്രായം നാളെ സര്‍ക്കാരിനെ അറിയിക്കുമെന്നും രാജേഷ് വ്യക്തമാക്കി. ഡിസ്‌പ്ലേ ചെയ്യാനുളള അനുമതി ഇല്ലെങ്കിലും അത് നശിപ്പിക്കാനുളള അനുമതിയെങ്കിലും ലഭിക്കണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
'വെടിക്കെട്ട് മാറ്റിനിര്‍ത്തി ബാക്കിയെല്ലാം സാധാരണ രീതിയില്‍ വേണമെന്നുളളതാണ് പൊതുവികാരം. 2006-ല്‍ പാറമേക്കാവ് പ്രദേശത്ത് അപകടം നടന്നിരുന്നു. എന്നിട്ടും പൂരവും കുടമാറ്റവും ഭംഗിയായി നടന്നു. ഞങ്ങളുടെ അഭിപ്രായം നാളെ സര്‍ക്കാരിനെ അറിയിക്കും. വെടിക്കെട്ട് ഡിസ്‌പ്ലേ ചെയ്യാനുളള അനുമതി ഇല്ലെങ്കിലും അത് നശിപ്പിക്കാനുളള അനുമതി ലഭിക്കണം. ചൂടില്‍ അതിങ്ങനെ നില്‍ക്കുന്നതും വലിയ റിസ്‌കാണ്. വിശ്വാസികള്‍ ഏറ്റവും കൂടുതല്‍ സംഭാവന നല്‍കുന്നത് കുടമാറ്റത്തിനാണ്. ആ കുടകള്‍ ഭഗവതിയുടെ പുറത്തെത്തിയതായി അവര്‍ക്കൊരു സംതൃപ്തിയാണ്. അതും സര്‍ക്കാരിനോട് നിങ്ങള്‍ അറിയിക്കണം എന്നാണ് വിശ്വാസികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവിടുത്തെ തീരുമാനം തിരുവമ്പാടിയെ അറിയിക്കും': ജി രാജേഷ് പറഞ്ഞു.
മുണ്ടത്തിക്കോട് സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പാറമേക്കാവ് ദേവസ്വത്തിനുവേണ്ടി വെടിക്കെട്ട് സാമഗ്രികള്‍ നിര്‍മ്മിച്ചിരുന്ന പടക്കനിര്‍മ്മാണശാലയ്ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം ചിറ്റൂര്‍ തഹസില്‍ദാര്‍ ആര്‍ രാമചന്ദ്രനാണ് സ്റ്റോപ്പ് മെമ്മോ നല്‍കിയത്. പാലക്കാട് മുതലമട വെള്ളാരംകടവിലുള്ള വെടിമരുന്ന് നിര്‍മ്മാണശാലയ്ക്കാണ് സ്റ്റോപ്പ് മെമ്മോ നല്‍കിയത്. കഴിഞ്ഞ ദിവസമാണ് സാമ്പിള്‍ വെടിക്കെട്ടിനും പ്രധാന വെടിക്കെട്ടിനും വേണ്ടിയുളള ഒരുക്കങ്ങള്‍ നടന്ന തിരുവമ്പാടിയുടെ വെടിക്കെട്ട് പുരയില്‍ സ്‌ഫോടനമുണ്ടായത്. രണ്ട് വെടിക്കെട്ടിനും വേണ്ടി കരുതിവെച്ചിരുന്ന കരിമരുന്ന് വെടിക്കെട്ട് പുരയിലുണ്ടായിരുന്നു. 14 പേര്‍ക്കാണ് അപകടത്തില്‍ ജീവന്‍ നഷ്ടമായത്. നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഈ പശ്ചാത്തലത്തിലാണ് പാറമേക്കാവിന്റെ പടക്കനിർമ്മാണശാലയ്ക്ക് സ്റ്റോപ്പ് മെമോ നൽകിയത്.
Content Highlights: Thrissur pooram should be celebrated without vedikkettu says paramekkavu devaswom secretary