സംഗീതത്തെ വർഗീയതയുമായി ചേർത്ത് മതവിദ്വേഷം പടർത്താനുളള ആർഎസ്എസ് നീക്കം കേരളം ചെറുക്കും: കെ സി വേണുഗോപാൽ

മസാല നല്ലതാണെന്നും പക്ഷേ പായസത്തിലിടരുതെന്നുമായിരുന്നു ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ശശികല പറഞ്ഞത്

സംഗീതത്തെ വർഗീയതയുമായി ചേർത്ത് മതവിദ്വേഷം പടർത്താനുളള ആർഎസ്എസ് നീക്കം കേരളം ചെറുക്കും: കെ സി വേണുഗോപാൽ
dot image

തിരുവനന്തപുരം: കടുത്ത സൈബർ ആക്രമണം നേരിടുന്ന നന്ദഗോവിന്ദം ഭജന്‍സിന് പിന്തുണ പ്രഖ്യാപിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. മനുഷ്യനെ ഒന്നിച്ചുനിര്‍ത്തുന്ന സംഗീതത്തെ വര്‍ഗീയതയുമായി കൂട്ടിച്ചേര്‍ത്ത സംഘപരിവാര്‍ സീമകള്‍ ലംഘിക്കുകയാണെന്നും മതവിദ്വേഷം പടര്‍ത്താനുളള ആര്‍എസ്എസ് നീക്കത്തെ കേരളം ചെറുത്തുനിര്‍ത്തുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. മനുഷ്യരെ ചേര്‍ത്തുനിര്‍ത്തുന്നതാണ് ഈ നാടിന്റെ ഓരോ ആഘോഷങ്ങളുമെന്നും മനുഷ്യനെ ഒന്നിച്ചുനിര്‍ത്തുന്ന സംഗീതത്തെ വര്‍ഗീയതയുമായി കൂട്ടിച്ചേര്‍ത്ത് നാടിന്റെ സമാധാനവും സന്തോഷവും നശിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു ശക്തിയും ഇവിടെ തുടര്‍ന്നുപോകേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

'മതമൈത്രിയുടെ വിളഭൂമിയായ കേരളത്തിന്റെ ഹൃദയത്തെ ഏതുവിധേനയും മുറിവേല്‍പ്പിക്കാനുളള സംഘപരിവാര്‍ ഗൂഢാലോചന അതിന്റെ സീമകള്‍ ലംഘിക്കുകയാണ്. ക്ഷേത്രങ്ങളും പളളികളും ഒന്നിച്ച് ഓണവും വിഷുവും ഈസ്റ്ററും പെരുന്നാളും ആഘോഷിക്കുന്ന കേരളത്തിന്റെ തനത് സംസ്‌കാരത്തെ വെല്ലുവിളിക്കുന്ന ബിജെപി- ആര്‍എസ്എസ് സംഘം മതവിദ്വേഷം പടര്‍ത്തുന്ന നീക്കത്തെ ഏതുവിധേനയും ഈ നാട് ചെറുത്തുനിര്‍ത്തും. ഈ നാടിന്റെ സമാധാനവും സന്തോഷവും നശിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു ശക്തിയും ഇവിടെ തുടര്‍ന്നുപോകേണ്ടതില്ല. അതിനെ രാഷ്ട്രീയമായും നിയമപരമായും ജനകീയമായും നേരിടും'- കെ സി വേണുഗോപാല്‍ പറഞ്ഞു.

സാംബശിവന്റെ കഥാപ്രസംഗവും കെപിഎസിയുടെ നാടകങ്ങളും കണ്ടുതന്നെയാണ് ക്ഷേത്രമൈതാനങ്ങളും പളളിമുറ്റങ്ങളും ഇവിടെ മുന്നോട്ടുപോയിട്ടുളളതെന്നും അതിനിയും തുടരുക തന്നെ ചെയ്യുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. അണ്‍ റിയല്‍ കേരളാ സ്റ്റോറിക്ക് വേണ്ടി വ്യഗ്രത കാണിക്കുന്നവര്‍ പരാജയപ്പെടുക തന്നെ ചെയ്യുമെന്നും കെ സി കൂട്ടിച്ചേര്‍ത്തു.

കോട്ടയം വേമ്പിന്‍കുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ഭജന അവതരിപ്പിക്കുന്നതിനിടെ 'ഈ പരദേവനഹോ' എന്ന ക്രിസ്തീയ ഭക്തിഗാനം നന്ദഗോവിന്ദം ഭജന്‍സ് അവതരിപ്പിച്ചതാണ് ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയുൾപ്പെടെയുളള സംഘപരിവാർ അനുകൂലികളെ ചൊടിപ്പിച്ചത്. പിന്നാലെ ഇവർക്കുനേരെ കടുത്ത സൈബർ ആക്രമണമാണ് സംഘപരിവാർ പ്രൊഫൈലുകളിൽ നിന്ന് ഉണ്ടായത്. മസാല നല്ലതാണെന്നും പക്ഷേ പായസത്തിലിടരുതെന്നുമായിരുന്നു ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ശശികല പറഞ്ഞത്. സംഭവം വിവാദമായതോടെ നന്ദഗോവിന്ദം ഭജൻസിന് പിന്തുണയുമായി ക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റി രംഗത്തെത്തിയിരുന്നു.

ക്ഷേത്ര പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയായിരുന്നു അതെന്നും നന്ദഗോവിന്ദം ഭജന്‍സ് സൗജന്യമായാണ് പരിപാടി നടത്തിയതെന്നും ക്ഷേത്ര കമ്മിറ്റി പറഞ്ഞിരുന്നു. ഒരു മതത്തിന്റെയും വേര്‍തിരിവില്ലാതെ എല്ലാവരും ഒരുമിച്ച് സഹകരിച്ചാണ് ഈ പരിപാടി നടത്തിയതെന്നും ക്ഷേത്ര കമ്മിറ്റി വിശദീകരിച്ചിരുന്നു.

Content Highlights: kc venugopal supports nandagovindam bhajans as they face cyber attack from sangh parivar

dot image
To advertise here,contact us
dot image