

നിലമ്പൂർ : പുതിയ പാർട്ടിയുടെ പേരിന്റെ കാര്യത്തിൽ തീരുമാനമായില്ലയെന്നും അടുത്ത മാസം പുതിയ പാര്‍ട്ടി പ്രഖ്യാപനം ഉണ്ടാകുമെന്നും നിലമ്പൂര്‍ മുന്‍ എംഎല്‍എ പി വി അന്‍വർ റിപ്പോർട്ടറിനോട് പറഞ്ഞു. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ തൃണമൂല്‍ കോണ്‍ഗ്രസിൽ നിന്ന് വിടാൻ തീരുമാനമായിരുന്നു. കോൺഗ്രസുമായി വേദി പങ്കിടാൻ തൃണമൂൽ തയ്യാറായില്ലയെന്നും കേരളത്തിൽ യുഡിഎഫുമായി സഹകരിക്കാതെ ടിഎംസിക്ക് മുന്നോട്ട് പോകാൻ കഴിയില്ലയെന്നും അദ്ദേഹം പറഞ്ഞു.
തൃണമൂലുമായി പിണങ്ങി ഇറങ്ങുന്നതല്ല. തൃണമൂൽ കോൺഗ്രസിന്റെ രാഷ്ട്രീയത്തെ കുറിച്ച് എതിരഭിപ്രായമില്ല. കോൺഗ്രസുമായി യോജിക്കാൻ പാടില്ലെന്ന നിലപാട് കേരളത്തിൽ പ്രായോഗികമല്ല. യുഡിഎഫുമായി ചേർന്ന് പ്രവർത്തിക്കാൻ ടിഎംസി ബന്ധം വിച്ഛേദിക്കാതെ മറ്റ് മാർഗമില്ല. ഓരോ സംസ്ഥാനത്തിന്റെയും രാഷ്ട്രീയ പശ്ചാത്തലം അനുസരിച്ച് നിലപാട് സ്വീകരിക്കേണ്ടി വരുമെന്നും പി വി അന്‍വർ പറഞ്ഞു.
കേരളത്തിൽ കോൺഗ്രസുമായി സഹകരിച്ചാൽ ബിജെപി തൃണമൂലിനെതിരെ ആയുധമാക്കുമെന്ന് ഭയപ്പെടുന്നുണ്ടാകാമെന്നും അന്‍വർ പറഞ്ഞു. കത്ത് ഞാൻ നൽകിയതാണെന്നും വ്യക്തിപരമായി നൽകിയ കത്ത് പുറത്തുവിട്ടത് തറ നിലപാടാണെന്നും പി വി അന്‍വർ പറഞ്ഞു. കത്തിൽ പറഞ്ഞ പേരുകാരിൽ പലരും ഇപ്പോൾ ഇടതുപക്ഷത്തോടൊപ്പം ഇല്ല. അവരുമായി ചർച്ച നടത്താൻ തൃണമൂൽ നേതൃത്വം അന്ന് തയ്യാറായില്ല. കേരളത്തിൽ യുഡിഎഫുമായി അല്ലാതെ എൻഡിഎയുമായി സഹകരിക്കാൻ കഴിയുമോ? കോൺഗ്രസുമായി സഹകരിക്കരുതെന്ന തൃണമൂൽ നിലപാട് അംഗീകരിക്കാൻ കഴിയില്ലയെന്നും പി വി അന്‍വർ വ്യക്തമാക്കി.
പിണറായിയുമായുള്ള പോരാട്ടത്തിന് പാർട്ടിക്കുള്ളിൽ നിന്ന് പിന്തുണ കിട്ടിയിരുന്നു. മന്ത്രി പദങ്ങളൊന്നും സ്വപ്നം കണ്ടിട്ടില്ലയെന്നും ഉള്ള അധികാരങ്ങൾ വിട്ട് ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിയതാണ് താൻ എന്നും. ലക്ഷ്യം പിണറായി സർക്കാരിനെ താഴെയിറക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബേപ്പൂരിൽ കുടുംബാധിപത്യം അവസാനിക്കുകയാണ് ലക്ഷ്യം. മെയ് 4ന് വേണ്ടി കാത്തിരിക്കുകയാണെന്നും പി വി അന്‍വർ പറഞ്ഞു.
കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിലും പി വി അന്‍വർ പ്രതികരിച്ചു. കോൺഗ്രസിൽ മുഖ്യമന്ത്രിയാകാൻ യോഗ്യരായ പലരുമുണ്ട്. മൂന്നോ നാലോ പേരെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാനുള്ള കപ്പാസിറ്റി കോൺഗ്രസിനുണ്ടെന്ന് അംഗീകരിച്ചല്ലോയെന്നും ഞാനല്ലാതെ മറ്റാരുണ്ട് എന്നതാണ് എൽഡിഎഫിലെ അവസ്ഥയെന്നും പി വി അന്‍വർ പരിഹസിച്ചു. കോൺഗ്രസ് ആരെ മുഖ്യമന്ത്രിയായി തീരുമാനിച്ചാലും അംഗീകരിക്കുമെന്നും പി വി അന്‍വർ പറഞ്ഞു.
Content Highlight : Nilambur former MLA P. V. Anvar told Reporter that no decision has been made yet regarding the name of the new party and that the party will be announced next month.