'നിതിന്‍ രാജിൻ്റെ മരണവാര്‍ത്ത കേട്ടപ്പോള്‍ കലാഭവന്‍ മണി പറഞ്ഞത് ഓര്‍ത്ത് പോയി': വൈകാരിമായ കുറിപ്പുമായി വിനയന്‍

ഈ ജന്മത്തോട് തന്നെ പുച്ഛം തോന്നിയിട്ടുണ്ടെന്നും മണി പറഞ്ഞതായി വിനയന്‍ പോസ്റ്റില്‍ പറയുന്നു

'നിതിന്‍ രാജിൻ്റെ മരണവാര്‍ത്ത കേട്ടപ്പോള്‍ കലാഭവന്‍ മണി പറഞ്ഞത് ഓര്‍ത്ത് പോയി': വൈകാരിമായ കുറിപ്പുമായി വിനയന്‍
dot image

തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണവാര്‍ത്ത കേട്ടപ്പോള്‍ കരിമാടിക്കുട്ടന്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ച് കലാഭവന്‍ മണി പറഞ്ഞ വാക്കുകളാണ് തനിക്ക് ഓര്‍മ വന്നതെന്ന് സംവിധായകന്‍ വിനയന്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കലാഭവൻ മണി പങ്കുവെച്ച വൈകാരിക അനുഭവം വിനയന്‍ പങ്കുവെച്ചത്.

നമ്മുടെ നാട്ടില്‍ ഇപ്പോള്‍ ജാതിയുടേയും നിറത്തിന്റെയും പേരില്‍ വേര്‍തിരിവ് വേര്‍തിരിവ് ഇല്ലെന്ന് അധ്യാപകര്‍ പോലും പറയുന്നു. എന്നാല്‍ താന്‍ സ്‌കൂളില്‍ പഠിച്ചിരുന്ന കാലത്ത് മാര്‍ക്ക് കുറഞ്ഞ ചിലരെ ശകാരിക്കുമ്പോള്‍ മിക്കപ്പോഴും സംപൂജ്യനായ താന്‍ ഉള്‍പ്പെടെയുള്ള മറ്റൊരു വിഭാഗത്തെ മാഷുമാര്‍ പരിഹസിക്കുകയായിരുന്നു പതിവെന്ന് മണി പറഞ്ഞതായി വിനയന്‍ കുറിപ്പില്‍ പറയുന്നു. തൊലിയുരിക്കുന്ന രീതിയിലുള്ള പരിഹാസം കേട്ട് മറ്റ് കുട്ടികള്‍ ചിരിക്കും പുലയനും പറയനും സ്‌കൂളിലെ പഠിത്തം പറഞ്ഞിട്ടില്ലെന്നാണ് മാഷ് പറയുന്നത്. ഈ ജന്മത്തോട് തന്നെ പുച്ഛം തോന്നിയിട്ടുണ്ടെന്നും മണി പറഞ്ഞതായി വിനയന്‍ പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

നിതിന്‍ രാജിന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ നേരത്തേ കലാഭവന്‍ മണി പറഞ്ഞ വാക്കുകള്‍ ഓര്‍ത്തു പോയി. മണി ഫലിത രൂപേണ പറഞ്ഞതെങ്കിലും നൊമ്പരപ്പെടുത്തുന്നതായിരുന്നു ആ വാക്കുകള്‍. കരുമാടിക്കുട്ടന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ചായിരുന്നു.. കുട്ടനാട്ടിലെ അധസ്ഥിതനായ ചെറുമന്റെ കഥയായിരുന്നല്ലോ ആ സിനിമയില്‍ പറഞ്ഞത്.. ഒരു സീനിന്റെ ഷൂട്ടിംഗ് ഡിസ്‌കഷനിടയില്‍ മണി പറഞ്ഞു..''ഇപ്പൊ നമ്മുടെ നാട്ടില്‍ ജാതിയുടെം നിറത്തിന്റേം പേരില്‍ വേര്‍തിരിവ് ഒന്നുമില്ലന്നേ.. നാടാകെ മാറീന്നാ സ്‌കൂളിലെ മാഷുമാരു പോലും പഠിപ്പിക്കുന്നേ..


പക്ഷെ ഒരു പ്രശ്‌നമുണ്ടു സാറേ.. അന്ന് ക്‌ളാസില്‍ പരീക്ഷേടെ റിസള്‍ട്ട് വരുമ്പോള്‍ എനിക്കെന്നും മാര്‍ക്കു കുറവാരിക്കും.. മിക്കവാറും ഞാന്‍ സംപൂജ്യനാണ്.. മാര്‍ക്കില്ലാത്തവരെ എല്ലാം മാഷ് ശരിക്കും ശകാരിക്കും..

പക്ഷെ ഞങ്ങള്‍ ചിലരെമാത്രം മാഷ് ശകാരിക്കില്ല പകരം കളിയാക്കും.. തൊലി ഉരിക്കുന്ന കളിയാക്ക്..മറ്റു കുട്ടികള്‍ അതു കേട്ടു പരിഹസിച്ചു ചിരിക്കമ്പോള്‍ മാഷും ചിരിക്കും.. പുലയനും പറയനും ഒന്നും സ്‌കൂളിലെ പഠിത്തം പറഞ്ഞിട്ടില്ലന്നാ മാഷു പറയുന്നേ.. അതുകേള്‍ക്കമ്പോ വല്ലാത്ത സങ്കടം തോന്നും..'' ഈ ജന്മത്തോടു തന്നെ പുച്ഛം തോന്നിയിട്ടുണ്ട്.. മണിയുടെ തനതായ ശൈലിയില്‍ ഇതു കേള്‍ക്കുമ്പോള്‍ ആരുടേം മനസ്സു നൊമ്പരപ്പെട്ടു പോകും.. ഡെന്റല്‍ വിദ്യാര്‍ത്ഥിയായ നിതിന്‍ രാജിന്റെ മരണവാര്‍ത്ത കേട്ടപ്പോള്‍ മണി പറഞ്ഞ കാര്യം മനസ്സിലേക്ക് ഓടിവന്നു.



നമ്മള്‍ പത്തൊമ്പതാം നൂറ്റാണ്ടിലാണോ ഇപ്പഴും ജീവിക്കുന്നത്.. നവോത്ഥാനോം പൂരോഗമനോം ഒക്കെ പ്രസംഗിക്കുകേം,എഴുതുകേം, പഠിപ്പിക്കുകേം ചെയ്യുന്നവര്‍ അതു സ്വന്തം മനസ്സില്‍ കൂടി ഉള്‍ക്കൊള്ളണ്ടേ? നമ്മുടെ സമൂഹത്തില്‍ ചേര്‍ത്തു പിടിക്കപ്പെടേണ്ടവരാണ് ദളിതരും പട്ടിക വിഭാഗവും ആദിവാസികളുമൊക്കെ.. സാമൂഹ്യപരമായി ആ വിഭാഗം അതര്‍ഹിക്കുന്നു..
പ്രിയ നിതിന്‍രാജിന് ആദരാഞ്ജലികള്‍..????

Content Highlights: Director Vinayan shares an emotional Facebook post recalling Kalabhavan Mani’s remarks on caste discrimination in educational institutions

dot image
To advertise here,contact us
dot image