ബിജെപിയെ അനുകൂലിച്ച നിലപാടുകളിൽ ക്രൈസ്തവ സഭകളെ കുറ്റപ്പെടുത്തി ജനയുഗം; പി സി ജോർജിനും ഷോൺ ജോർജിനും വിമർശനം

'ആ തിരിച്ചറിവ് സഭാധ്യക്ഷന്മാർക്ക് അടക്കം ഉണ്ടാകാൻ സമയമേറെയെടുത്തു. വൈകിയെങ്കിലുമുണ്ടായ തിരിച്ചറിവ് സ്വാ​ഗതാർഹമാണ്'

ബിജെപിയെ അനുകൂലിച്ച നിലപാടുകളിൽ ക്രൈസ്തവ സഭകളെ കുറ്റപ്പെടുത്തി ജനയുഗം; പി സി ജോർജിനും ഷോൺ ജോർജിനും വിമർശനം
dot image

കൊച്ചി: ബിജെപിയെ അനുകൂലിച്ച ക്രൈസ്തവ സഭകളുടെ നിലപാടുകളെ വിമർശിച്ച് സിപിഐ മുഖപത്രമായ ജനയുഗം. ബിജെപിയിലല്ല രക്ഷയെന്ന് ബോധ്യമായത് സ്വാ​ഗതാർഹം എന്ന തലക്കെട്ടിൽ എഴുതിയ എഡിറ്റോറിയയിലാണ് കുറ്റപ്പെടുത്തൽ. ന്യൂനപക്ഷ വേട്ടകൾ കൺമുന്നിൽ കണ്ടിട്ടും ബിജെപിയെ അനുകൂലിക്കാൻ സഭാ അധ്യക്ഷൻമാർക്ക് മടി ഉണ്ടായില്ലെന്നും എഡിറ്റോറിയൽ കുറ്റപ്പെടുത്തുന്നുണ്ട്. 'വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ സംഘപരിവാർ സംഘടനകൾ കാലങ്ങളായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ന്യൂനപക്ഷവേട്ടകൾ അധികാരലബ്ധിക്കായി ബിജെപി ഒളിഞ്ഞും തെളിഞ്ഞും മുതലാക്കിക്കൊണ്ടിരിക്കുന്നത് കൺമുന്നിൽ കണ്ടിട്ടും പല കാരണങ്ങൾക്കൊണ്ടും അവർക്ക് അനുകൂലമായ നിലപാടുകളും പ്രസ്താവനകളും നടത്താൻ ക്രിസ്ത്യൻ സാമുദായിക നേതാക്കൾക്കും സഭാധ്യക്ഷന്മാർക്കും യാതൊരു മടിയുമുണ്ടായിരുന്നില്ല' എന്നാണ് ജനയു​ഗം എഡിറ്റോറിയൽ കുറ്റപ്പെടുത്തുന്നത്.

കണ്ടാലറിയാത്തവർ കൊണ്ടാലറിയുമെന്ന ചൊല്ല് അന്വർത്ഥമായെന്നും എഡിറ്റോറിയൽ പറയുന്നുണ്ട്. തെരഞ്ഞെടുപ്പുകൾ ലക്ഷ്യമാക്കി കേരളത്തിൽ ബിജെപി നടത്തിക്കൊണ്ടിരിക്കുന്ന സാമുദായിക പ്രീണനത്തെക്കുറിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയും ഇടതുപക്ഷ പ്രസ്ഥാനങ്ങളും നൽകി കൊണ്ടിരുന്ന മുന്നറിയിപ്പ് ഓർമ്മിപ്പിച്ചാണ് ജനയു​ഗത്തിൻ്റെ വിമർശനം.' ഈ വാഴ്ത്തുപാട്ടുകൾ അവസാനിക്കാൻ അധികം കാലം വേണ്ടി വരില്ല എന്ന് ഇടതുപക്ഷം നേരത്തെ പറഞ്ഞിരുന്നു. ബിജെപിയിലാണ് രക്ഷയെന്നും നരേന്ദ്ര മോദിയാണ് രക്ഷകനെന്നുമുള്ള വാഴ്ത്തുപാട്ടുകൾ അവസാനിപ്പിക്കാൻ അധികകാലം വേണ്ടി വരില്ലെന്ന് ഇടതുപക്ഷം വളരെ കൃത്യമായി തന്നെ മുന്നറിയിപ്പ് നൽകുന്നുണ്ടായിരുന്നു. എന്നാൽ ആ തിരിച്ചറിവ് സഭാധ്യക്ഷന്മാർക്ക് അടക്കം ഉണ്ടാകാൻ സമയമേറെയെടുത്തു. വൈകിയെങ്കിലുമുണ്ടായ തിരിച്ചറിവ് സ്വാ​ഗതാർഹമാണ്' എന്നാണ് എഡിറ്റോറിയൽ വ്യക്തമാക്കുന്നത്.

പി സി ജോർജിനെയും ഷോൺ ജോ‍ർജിനെയും എഡിറ്റോറിയൽ രൂക്ഷമായി വിമർശിക്കുന്നുണ്ട്. കേരളത്തിലെ ക്രിസ്ത്യാനികളെ അപ്പാടെ ബിജെപിയിലേയ്ക്ക് എത്തിക്കാമെന്ന് വാക്ക് കൊടുത്ത് ഇരുവരും കൊണ്ടുപിടിച്ച പണികൾ തുടങ്ങിയെന്നാണ് എ‍ഡിറ്റോറിയൽ പറയുന്നത്. മെത്രാന്മാരുടെയും സമുദായാം​ഗങ്ങളുടെയും പിന്തുണ ബിജെപിക്കാണെന്ന് പി സി ജോർജും മകനും പ്രഖ്യാപിച്ചത് എഡിറ്റോറിയൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ മധ്യതിരുവിതാംകൂറിലെ ഒട്ടനവധി മണ്ഡലങ്ങളിൽ ക്രിസ്ത്യൻ സമുദായാം​ഗങ്ങളെ സ്ഥാനാർത്ഥികളാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ അടക്കമുള്ള കേന്ദ്രനേതാക്കളും ഊഴമിട്ടെത്തി പ്രചാരണം കൊഴുപ്പിക്കുകയും പി സി ജോർജ് അവർക്കെല്ലാം വിജയ പ്രതീക്ഷകൾ നൽകുകയും ചെയ്തുവെന്നും എഡിറ്റോറിയലിൽ പറയുന്നു.

വോട്ടെടുപ്പ് കഴിഞ്ഞതോടെ കേരളത്തിൽ ബിജെപിക്ക് വലിയ പ്രതീക്ഷയൊന്നും വെച്ച് പുലർത്തേണ്ട കാര്യമില്ലെന്ന് ബോധ്യപ്പെട്ടതാണ് പി സി ജോർജിൻ്റെയും ഷോൺ ജോർജിൻ്റെയും പൊട്ടിത്തെറിക്ക് കാരണമെന്നും എഡിറ്റോറിയൽ വിമർശിക്കുന്നുണ്ട്. വടക്കേ ഇന്ത്യയിൽ പരീക്ഷിച്ചു വിജയിച്ച രാഷ്ട്രീയ നാടകങ്ങൾ കേരളത്തിൽ വിലപ്പോവാത്തത് ഇടതുപക്ഷം ഉള്ളതുകൊണ്ടാണെന്നും എഡിറ്റോറിയൽ പറയുന്നുണ്ട്. ബിജെപിക്ക് അനുകൂല നിലപാട് സ്വീകരിച്ച മെത്രാന്മാർ എഫ്സിആ‍ർഎ വന്നപ്പോൾ അങ്കലാപ്പിലായെന്നും എഡിറ്റോറിയൽ പറയുന്നു.

Content Highlights: Janayugom newspaper has strongly criticized Christian churches for allegedly supporting BJP's positions. The report targets BJP leaders PC George and Shone George over their remarks against the Church following the Kerala assembly elections. Read the full controversy here.

dot image
To advertise here,contact us
dot image