

തിരുവനന്തപുരം: ഇത്തവണ തെക്ക്-പടിഞ്ഞാറൻ കാലവർഷം ദുർബലമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തെക്കൻ സംസ്ഥാനങ്ങളിൽ മഴ കുറയുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. എൽ-നിനോ പ്രതിഭാസം മൺസൂണിനെ ബാധിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മധ്യ, കിഴക്കൻ പസഫിക് സമുദ്രത്തിലെ ഉപരിതല ജലം പതിവിലും ചൂടാകുന്ന ഒരു സ്വാഭാവിക കാലാവസ്ഥാ രീതിയാണ് എൽ നിനോ. നിലവിൽ കിഴക്കൻ പസഫിക്കിലെ സമുദ്രോപരിതലത്തിന് താഴെ ശക്തമായ ചൂട് വർധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
അതേസമയം, വേനൽ മഴക്ക് സാധ്യതയുണ്ടെങ്കിലും സംസ്ഥാനത്ത് ചൂട് വർധിക്കുകയാണ്. കേരളത്തിൽ ഇന്ന് മുതൽ 14-ാം തീയതി വരെ കൊല്ലം, പാലക്കാട്, കോഴിക്കോട്, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില 38 °C വരെയും ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും പത്തനംതിട്ട ജില്ലയിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിൽ സാധാരണയെക്കാൾ 2 to 3 °C വരെ വർധിക്കാ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കൊല്ലം, പാലക്കാട്, കോഴിക്കോട്, കാസർകോട്, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കണ്ണൂർ, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥക്ക് സാധ്യതയുണ്ട്.
Content Highlights:The Meteorological Department has predicted that the southwest monsoon will be weak this time