കുവൈറ്റില്‍ നിന്ന് സ്വന്തം വിവാഹത്തിനെത്താനാകാതെ ശ്വേത; ഇടപെട്ട് കെ സിയും ജോണ്‍ ബ്രിട്ടാസും

കല്യാണത്തിന് അവധി ലഭിക്കാത്തതിനെ തുടർന്ന് ജോലി രാജിവെച്ച് നാട്ടിലേക്ക് വരാനിരുന്നതാണ് ശ്വേത

കുവൈറ്റില്‍ നിന്ന് സ്വന്തം വിവാഹത്തിനെത്താനാകാതെ ശ്വേത; ഇടപെട്ട് കെ സിയും ജോണ്‍ ബ്രിട്ടാസും
dot image

തിരുവനന്തപുരം: സ്വന്തം കല്യാണത്തിന് എത്താനാകാതെ കുവൈറ്റിൽ കുടുങ്ങിയ പ്രതിശ്രുത വധുവായ ശ്വേതയുടെ യാത്രയ്ക്ക് വേണ്ടി ഇടപെട്ട് രാഷ്ട്രീയനേതാക്കൾ. എഐസിസി ജനറൽ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെ സി വേണുഗോപാലും സിപിഐഎം രാജ്യസഭാ എംപിയുമായ ജോൺ ബ്രിട്ടാസുമാണ് ഇടപെട്ടത്. ഇരുവരും ബന്ധപ്പെട്ട അധികാരികൾക്ക് കത്തയച്ചു.

കുവൈറ്റ് അംബാസിഡർക്കാണ് ജോൺ ബ്രിട്ടാസ് കത്തയച്ചത്. ശ്വേതയുടെ വിസ റദ്ദാക്കൽ വേഗത്തിൽ പൂർത്തിയാക്കണമെന്നാണ് ജോൺ ബ്രിട്ടാസ് ആവശ്യപ്പെട്ടത്. സമാന ആവശ്യം ഉന്നയിച്ച് കെസി വേണുഗോപാലും കുവൈറ്റ് അംബാസിഡർക്ക് കത്തയച്ചിട്ടുണ്ട്. കുവൈത്ത് എയർലൈൻസിനും അദ്ദേഹം കത്ത് നൽകിയിട്ടുണ്ട്. പി പി സുനീർ എം പിയും ഇടപെട്ടു.

കല്യാണത്തിന് അവധി ലഭിക്കാത്തതിനെ തുടർന്ന് ജോലി രാജിവെച്ച് നാട്ടിലേക്ക് വരാനിരുന്നതാണ് ശ്വേത. ഏപ്രിൽ 18ന് തൃശ്ശൂരിൽ വെച്ചാണ് ശ്വേതയും വടകര സ്വദേശിയായ അശ്വിനും തമ്മിലുള്ള വിവാഹം. ജോലിക്ക് അവധി ലഭിക്കാതെ വന്നതോടെ കഴിഞ്ഞമാസം നാലിന് കുവൈറ്റ് എയർലൈൻസ് എച്ച് ആർ വിഭാഗത്തിന് ശ്വേത രാജിക്കത്ത് കൈമാറിയിരുന്നു. എന്നാൽ ഒരു മാസം പിന്നിടുമ്പോഴും വിസ റദ്ദാക്കിയിട്ടില്ല. ഈ കാരണം പറഞ്ഞ് പാസ്പോർട്ടും രേഖകളും തടഞ്ഞു വെച്ചിരിക്കുകയാണ് കമ്പനി.

വിവാഹം മാറ്റിവെക്കണമെന്നാണ് കുവൈറ്റ് എയർലൈൻസ് നിലപാട്. ഒടുവിൽ എംബസിക്കും മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും ശ്വേതയും കുടുംബവും പരാതി നൽകിയിരുന്നു. ബഹ്റൈനിൽ ജോലി ചെയ്യുന്ന വരൻ അശ്വിൻ അവധിയെടുത്ത് നാട്ടിലെത്തിയിട്ടുണ്ട്.

Content Highlights: Indian political leaders, including K. C. Venugopal and John Brittas, intervened to assist Shwetha, a bride who was stranded in Kuwait and unable to travel for her wedding

dot image
To advertise here,contact us
dot image