റോഡ് പണിക്കായി പണം സ്വന്തം അക്കൗണ്ടിൽ വാങ്ങി; കൊച്ചി മേയർ മിനിമോള്‍ക്കെതിരായ അന്വേഷണരേഖകൾ റിപ്പോർട്ടറിന്

2021ൽ കൗൺസിലറായ സമയത്ത് വി കെ മിനിമോൾ നടത്തിയ ഇടപാടിന്റെ വിവരങ്ങളാണ് പുറത്തുവന്നത്

റോഡ് പണിക്കായി പണം സ്വന്തം അക്കൗണ്ടിൽ വാങ്ങി; കൊച്ചി മേയർ മിനിമോള്‍ക്കെതിരായ അന്വേഷണരേഖകൾ റിപ്പോർട്ടറിന്
dot image

കൊച്ചി: കൊച്ചി മേയർ വി കെ മിനിമോള്‍ക്കെതിരായ അഴിമതി അന്വേഷണത്തിലെ നിർണായക രേഖകൾ റിപ്പോർട്ടറിന്. 2021ൽ കൗൺസിലറായ സമയത്ത് വി കെ മിനിമോൾ നടത്തിയ ഇടപാടിന്റെ വിവരങ്ങളാണ് പുറത്തുവന്നത്. റോഡ് പണിക്കായി സ്വന്തം അക്കൗണ്ടിൽ 3 ലക്ഷം രൂപ വാങ്ങിയെന്നും എന്നാൽ പണി നടത്തിയത് കോർപറേഷൻ്റെ ചിലവിലെന്നും വിജിലൻസ് കണ്ടെത്തി. ഇതിനായി ഫ്ലാറ്റ് നിർമ്മിക്കുന്ന കമ്പനിക്ക് എഴുതിയ കത്താണ് റിപ്പോർട്ടറിന് ലഭിച്ചത്. പരാതി ഉയർന്നതോടെ 3 ലക്ഷം രൂപ മിനിമോൾ തിരികെ നൽകിയെങ്കിലും അഴിമതിപ്പണം തിരിച്ചു നൽകിയാൽ കേസ് തീരില്ല എന്നായിരുന്നു വിജിലൻസ് കോടതി നിലപാട്.

മിനിമോൾക്ക് കുരുക്കാവുന്ന രേഖകളാണ് പുറത്തുവന്നിരിക്കുന്നത്. 2008 -2009 കാലത്താണ് കെ ജി ഓക്സ്ഫോർഡ് സിംഫണി അപ്പാർട്മെൻ്റ് എന്ന ഫ്ലാറ്റ് സമുച്ചയം പാലാരിവട്ടം കളവത്ത് ക്രോസ് റോഡിൽ നിർമാണം ആരംഭിച്ചത്. എന്നാൽ റോഡ് കേടുവരുമെന്ന ആശങ്ക ഉയർന്നതോടെ ഫ്ലാറ്റ് നിർമിച്ച കമ്പനി റെസിഡൻസ് അസോസിയേഷൻ്റെ അക്കൗണ്ടിലേക്ക് 5 ലക്ഷം കൈമാറി.

2018ൽ റോഡ് ആകെ തകർന്നു.ആ സമയത്ത് കൗൺസിലറായിരുന്ന വി കെ മിനിമോൾ റെസിഡന്റ്‌സ് അസോസിയേഷനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം റോഡ് നന്നാക്കാമെന്ന് ഉറപ്പ് നൽകി. ഇതിനായി കമ്പനി നൽകിയ പണം തനിക്ക് നൽകാനും മിനിമോൾ ആവശ്യപ്പെട്ടു. ഇതോടെ റെസിഡന്റ്‌സ് അസോസിയേഷനുകാർ പണം തിരികെ ഫ്ലാറ്റ് നിർമാണ കമ്പനിയുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുകയും ആ പണം അവർ മിനിമോൾക്ക് കൈമാറുകയും ചെയ്തു. 3 ലക്ഷം രൂപയാണ് കെെമാറിയത്.

ഫ്ലാറ്റ് നിർമാണ കമ്പനിയുടെ അക്കൗണ്ടിലേക്ക് വന്ന തുക തനിക്ക് നൽകണമെന്ന് വി കെ മിനിമോൾ ആവശ്യപ്പെടുന്ന കത്തും റിപ്പോർട്ടർ പുറത്തുവിട്ടിട്ടുണ്ട്. 2019ൽ റോഡുപണി തുടങ്ങി 2020ൽ അവ പൂർത്തിയാക്കി. ഇതിന് പിന്നാലെ ബാക്കി 2 ലക്ഷം രൂപ കൂടി തനിക്ക് നൽകണമെന്ന് മിനിമോൾ റെസിഡന്റ്‌സ് അസോസിയേഷനോട് ആവശ്യപ്പെട്ടു.

ഇതിൽ സംശയം തോന്നിയ റെസിഡന്റ് അസോസിയേഷനുകർ വിവരാവകാശം വഴി അന്വേഷണം നടത്തി. കോർപ്പറേഷനാണ് റോഡുപണിയുടെ മുഴുവൻ പണവും ചെലവാക്കിയത് എന്നായിരുന്നു ലഭിച്ച മറുപടി. ഇതോടെയാണ്‌ മിനിമോൾക്കെതിരെ പരാതി ഉയർന്നത്.

വിജിലൻസ് ഡയറക്ടർക്കാണ് പരാതി ലഭിച്ചത്. എറണാകുളം റേഞ്ച് എസ്പി അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. 2021ൽ മിനിമോൾ ഈ പണം റെസിഡന്റ്‌സ് അസോസിയേഷന് തിരികെ നൽകുകയായിരുന്നു. പിന്നാലെ തുക തിരികെ നൽകിയത് അന്വേഷണത്തിന് സാധുതയില്ല എന്ന് കോടതിയിൽ വിജിലൻസ് റിപ്പോർട്ട് നൽകി. അഴിമതിപ്പണം തിരിച്ചു നൽകിയാൽ കേസ് തീരില്ല എന്നായിരുന്നു വിജിലൻസ് കോടതി നിരീക്ഷിച്ചത്. കേസിൽ പ്രോസിക്യൂഷൻ അനുമതി മൂന്ന് മാസത്തിനുള്ളിൽ നൽകണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.

Content Highlights: Key documents emerge in Kochi Mayor V K Mini Mol corruption probe, revealing 2021 councillor-level transactions accessed by Reporter.

dot image
To advertise here,contact us
dot image