കേരളത്തില്‍ സര്‍പ്രൈസ് ഉണ്ടാകും, ശോഭ സുരേന്ദ്രനെതിരെ ഉയരുന്ന ആരോപണങ്ങളെല്ലാം പൊറാട്ട് നാടകം; സുരേഷ് ഗോപി

ഗുരുവായൂരപ്പന്റെ മണ്ണില്‍ തന്റെ ആദ്യത്തെ വോട്ടാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി

കേരളത്തില്‍ സര്‍പ്രൈസ് ഉണ്ടാകും, ശോഭ സുരേന്ദ്രനെതിരെ ഉയരുന്ന ആരോപണങ്ങളെല്ലാം പൊറാട്ട് നാടകം; സുരേഷ് ഗോപി
dot image

തൃശ്ശൂർ : കേരളത്തില്‍ ബിജെപി നിര്‍ണായക ഘടകമാകുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ കേരളത്തില്‍ സര്‍പ്രൈസ് ഉണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു. ഗുരുവായൂരപ്പൻ്റെ മണ്ണില്‍ തൻ്റെ ആദ്യത്തെ വോട്ടാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

ശോഭ സുരേന്ദ്രനെതിരെ ഉയരുന്ന ആരോപണത്തിലും സുരേഷ് ഗോപി പ്രതികരിച്ചു. ചില ആൾക്കാരെ ലിസ്റ്റ് ഇട്ട് വെച്ചിട്ടുണ്ട്. അവരെ വ്യക്തിഹത്യ ചെയ്ത് ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്നും അവരെ മുന്നോട്ടു വിട്ടാൽ ആ പാർട്ടിക്ക് ഗുണം ഉണ്ടാകുമെന്ന് എതിരാളികൾക്ക് അറിയാമെന്നും സുരേഷ് ഗോപി പറഞ്ഞു.

'എന്നെ എന്തെല്ലാം പറയുകയും ചെയ്യുകയും ചെയ്തു. ജയിച്ചു കയറിപ്പോയാൽ എങ്ങനെയെങ്കിലും ഒഴിവാക്കി എടുക്കാനും നോക്കും. ജയിച്ചിട്ടും എനിക്കെതിരെ ഇപ്പോഴും കോടതിയിൽ പോകുന്നുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ശോഭ ജയിച്ചു വന്നാൽ എംഎൽഎയായി ഇരിക്കാൻ സമ്മതിക്കരുത്. ജയിച്ചു വന്നാൽ കോടതി പോകാനുള്ള ഒരു തുണ്ട് ആണ് ഇപ്പോൾ അരങ്ങേറിയതെന്നും ഇതെല്ലാം പൊറാട്ട് നാടക'മാണെന്നും സുരേഷ് ഗോപി പറഞ്ഞു.

ആവേശക്കൊടുമുടിയേറിയ പ്രചാരണങ്ങൾക്കൊടുവിൽ സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി. രാവിലെ ഏഴ് മണി മുതൽ ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം ആറ് മണിക്ക് അവസാനിക്കും. മെയ് നാലിനാണ് ഫലപ്രഖ്യാപനം. മെയ് 15നാകും പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ. കേരളത്തോടൊപ്പം അസമും പുതുച്ചേരിയും ഇന്ന് പോളിങ് ബൂത്തിലെത്തും.

കേരളത്തിലെ 140 മണ്ഡലങ്ങളിലെയും ജനം വിധയെഴുതുമ്പോൾ മൂന്ന് മുന്നണികളും വലിയ പ്രതീക്ഷയിലാണ്.

അക്കൗണ്ട് തുറക്കുക എന്നതാണ് ബിജെപിയുടെ ഈ തെരഞ്ഞെടുപ്പിലെ പ്രധാന അജണ്ട. നേമം, കഴക്കൂട്ടം, മഞ്ചേശ്വരം, പാലക്കാട് എന്നീ മണ്ഡലങ്ങളിലാണ് ബിജെപിയുടെ ഇത്തവണത്തെ പ്രതീക്ഷ. ശബരിമല സ്വർണക്കൊള്ള, വിലക്കയറ്റം, കുടിയേറ്റം, വിശ്വാസ സംരക്ഷണം തുടങ്ങിയ വിഷയങ്ങൾ ഉയർത്തിയാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത്. വോട്ടെടുപ്പിന്റെ തലേ ദിവസം പാലക്കാട്ടെ സ്ഥാനാർഥിയായ ശോഭാ സുരേന്ദ്രനെതിരെ ഉയർന്നുവന്ന 'വോട്ടിന് പണം' ആരോപണം തിരിച്ചടിയാകുമോ എന്നും ബിജെപി നേതൃത്വം ആശങ്കപ്പെടുന്നുണ്ട്.

Content Highlight : Union Minister of State Suresh Gopi says BJP will be a decisive factor in Kerala.There will be a surprise in Kerala when the election results are announced.

dot image
To advertise here,contact us
dot image