

കൊച്ചി: കരിമണല്‍ ലോബിക്ക് വേണ്ടിയാണ് സംസ്ഥാനത്ത് പ്രളയം ഉണ്ടാക്കിയതെന്നും കേരളത്തെ തകര്‍ത്ത പ്രളയം മനുഷ്യനിര്‍മിതവുമാണ് എന്ന ആരോപണത്തില്‍ ഉറച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. ജലവിഭവ വകുപ്പിന് ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും മാധ്യമങ്ങളോട് മാത്യു കുഴല്‍നാടന്‍ പറഞ്ഞു. വിഷയത്തില്‍ സിപിഐഎമ്മിനെ സഹായിക്കാന്‍ ബിജെപി മൗനം പാലിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
2018ലും 19ലും കരിമണലായിരുന്നു ലക്ഷ്യം. അതല്ലെങ്കില്‍ ഇറിഗേഷന്‍ വകുപ്പ് മണ്ണെടുക്കുന്ന കാര്യത്തില്‍ എന്തിന് വേവലാതിപ്പെടണമെന്ന് അദ്ദേഹം ചോദിച്ചു. ജലവിഭവവകുപ്പിന്റെ നിര്‍ദേശപ്രകാരമാണ് അവിടുന്നു മണ്ണ് ഖനനം ചെയ്തിരിക്കുന്നത്. കേരളത്തിലെ സിപിഐം ബിജെപി ഡീല്‍ ആഴത്തിലുള്ളതാണ്. കേന്ദ്രം മഴ മുന്നറിയിപ്പ് സംബന്ധിച്ച മുന്നറിയിപ്പ് മുഖ്യമന്ത്രിയെ മെയില്‍ വഴി അറിയിച്ചിരുന്നുവെന്ന് മുമ്പ് പറഞ്ഞിരുന്ന സുരേഷ് ഗോപി ഇപ്പോള്‍ ഒരു പ്രതികരണവും നടത്താത്തത് ഡീലിന്റെ ഭാഗമാണെന്നും മാത്യു കുഴല്‍നാടന്‍ ആരോപിച്ചു.
എല്ലാ കാര്യങ്ങള്‍ക്കും കോടതിയെ സമീപിക്കുന്ന മാത്യു കുഴല്‍നാടന്‍ ഇക്കാര്യത്തില്‍ കോടതിയില്‍ പോകുന്നില്ലെന്ന എം സ്വരാജിന്റെ പ്രസ്താവനയോടും അദ്ദേഹം പ്രതികരിച്ചു. തന്റെ വരുമാനത്തിന്റെ ഭാഗമായാണ് കോടതിയില്‍ പോകുന്നത്. രാഷ്ട്രീയത്തില്‍ നിന്നല്ല തന്റെ വരുമാനം. സ്വരാജിനോട് എന്ത് ജോലി ചെയ്തിട്ടാണ് ജീവിക്കുന്നതെന്ന് ചോദിച്ചാല്‍ മറുപടിയുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. കേസ് ജയിക്കും ചിലപ്പോള്‍ തോല്‍ക്കും. കോടതിയില്‍ പോകുന്നത് അധ്വാനത്തിന്റെ ഭാഗമാണ്. രാജ്യത്തെ ഏറ്റവും വലിയ അഭിഭാഷകരായ കെ കെ വേണുഗോപാലും ഫാലി സാം നരിമാനും കേസുകളും ജയിച്ചിട്ടും തോറ്റിട്ടുമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം വിവാദത്തില്‍ ഉള്‍പ്പെട്ട കമ്പനി പണം നല്‍കാത്തതു കൊണ്ടാണ് ആരോപണം ഉന്നയിച്ചതെന്ന് ആഭ്യൂഹം ഉയരുന്നുണ്ടെന്നും ആരോടും പ്രചാരണത്തിന് പണം ആവശ്യപ്പെട്ടിട്ടില്ലെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.
'തോട്ടപ്പള്ളി സ്പില്‍വേ ഒരുമാസം മുമ്പ് തുറക്കേണ്ടതാണ്. അത് തുറന്നാല്‍ താഴെയുള്ള മണല്‍ത്തിട്ട് വെള്ളംകൊണ്ടുപോകും. മേരിമാതായെന്ന കരാര്‍ കമ്പനിയാണ് കരാര്‍ എടുത്തത്. ക്യൂബിക് മീറ്ററിന് 62 രൂപയ്ക്കാണ് അത് കൊടുത്തത്. മറിച്ചുവിറ്റാല്‍ 2,000 രൂപ കിട്ടും. എല്ലാ ചെലവും കഴിഞ്ഞ് 300 കോടിയെങ്കിലും കിട്ടും. അവന് വേണ്ടിയാണ് തുറക്കാതായത്. ജോഷിയെന്ന് പറഞ്ഞ ചീഫ് എഞ്ചിനീയറും മാത്യു ടി തോമസും ചേര്‍ന്നാണ് ഇതെല്ലാം ചെയ്തത്. അങ്ങനെ പുണ്യവാനൊന്നും ചമയേണ്ട', എന്നാണ് ഇന്നലെ മാത്യു കുഴല്‍നാടന്‍ പുറത്ത് വിട്ട മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടേതെന്ന് ആരോപിക്കുന്ന ശബ്ദസന്ദേശത്തില്‍ പറയുന്നത്.
Content Highlights: MLA Mathew Kuzhalnadan reiterates his allegations regarding Kerala floods