'ഒന്ന് പറഞ്ഞ് അടുത്തതിന് ഡാഷ് മോനെ എന്ന് പറയുന്നത് ശരിയല്ല'; മുഖ്യമന്ത്രിക്കെതിരെ കെ മുരളീധരൻ

'വേറൊരു സിനിമാ ടൈറ്റില്‍ എടുത്ത് തിരിച്ചു പറയുകയായിരുന്നു പിണറായി ചെയ്യേണ്ടത്'

'ഒന്ന് പറഞ്ഞ് അടുത്തതിന് ഡാഷ് മോനെ എന്ന് പറയുന്നത് ശരിയല്ല'; മുഖ്യമന്ത്രിക്കെതിരെ കെ മുരളീധരൻ
dot image

തിരുവനന്തപുരം: മുഖ്യമന്ത്രി കേരളത്തിന് മുഴുവന്‍ അപമാനമാണെന്ന് വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി സിനിമാ ഡയലോഗാണ് പറഞ്ഞത്. അത് തമാശയ്ക്ക് പറഞ്ഞതാണ്. 'പോ മോനെ ദിനേശാ' എന്നതിന് പകരം വിജയാ എന്ന് വിളിച്ചു. വേറൊരു സിനിമാ ടൈറ്റില്‍ എടുത്ത് തിരിച്ചു പറയുകയായിരുന്നു പിണറായി ചെയ്യേണ്ടത്. 'ഒന്ന് പറഞ്ഞ് അടുത്തതിന് ഡാഷ് മോനെ' എന്ന് പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോഴത്തെ കാലഘട്ടത്തില്‍ തമാശപോലും ദുഷ്ടലാക്കോടെയാണ് പലരും കാണുന്നത്. ഇത് ഒന്നുപറഞ്ഞ് അടുത്തതിന് ഡാഷ് മോനേ എന്നാണ് പറയുന്നത്. മുഖ്യമന്ത്രി അത് പറയാന്‍ പാടില്ലായിരുന്നുവെന്നും മുരളീധരന്‍ കൂട്ടിച്ചേർത്തു.

വട്ടിയൂര്‍ക്കാവില്‍ മത്സരിക്കണം എന്നത് തന്റെ നിലപാടായിരുന്നു. വേറെ എവിടെ നിന്ന് വിജയിച്ചിട്ടും കാര്യമില്ല. അടിയൊഴുക്കുകളൊക്കെ ഉണ്ടാകും. പക്ഷേ നിൽക്കുമ്പോൾ സൂക്ഷിക്കണം. ഏത് അടിയൊഴുക്കിലും പിടിച്ചു നിൽക്കാനുള്ള കപ്പാസിറ്റി വേണമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ രേവന്ത് റെഡ്ഡിയുടെ 'പോ മോനെ ദിനേശാ' പരാമര്‍ശം വലിയ വിവാദമായിരുന്നു. നേമത്തെ സ്ഥാനാര്‍ത്ഥി കെ എസ് ശബരീനാഥനൊപ്പം നടത്തിയ റോഡ് ഷോയിലായിരുന്നു മലയാളത്തില്‍ രേവന്ത് റെഡ്ഡിയുടെ സിനിമാ ഡയലോഗ്. പിണറായി വിജയന്റെ എക്‌സ്പയറി ഡേറ്റ് കഴിഞ്ഞുവെന്നും കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്നും രേവന്ത് റെഡ്ഡി പറഞ്ഞിരുന്നു.

മുഖ്യമന്ത്രിയെ തെലങ്കാനയുടെ വികസനത്തില്‍ നേരിട്ടുള്ള ചര്‍ച്ചയ്ക്ക് ക്ഷണിച്ചുകൊണ്ടുള്ള കത്ത് രേവന്ത് റെഡ്ഡി പുറത്തുവിട്ടിരുന്നു. കത്തില്‍ കോണ്‍ഗ്രസ് ഭരണത്തിലെ തെലങ്കാനയിലെ വികസനവും കേരളത്തിലെ വികസനവും താരതമ്യം ചെയ്യാന്‍ തയ്യാറെന്നാണ് അറിയിക്കുന്നത്. രേവന്ത് റെഡ്ഡിയുടെ ഔദ്യോഗിക കത്തിലും 'നീ പോ മോനെ വിജയാ' എന്ന് ആവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഇതിന് 'ഡാഷ് മോനേ രേവന്താ മറുപടി വരുന്നുണ്ട്' എന്നായിരുന്നു മുഖ്യമന്ത്രി നല്‍കിയ പ്രതികരണം.

Content Highlights: k muraleedharan against pinarayi vijayan on comment aginst revanth reddy

dot image
To advertise here,contact us
dot image