

തിരുവനന്തപുരം: സിപിഐഎം നേതാവ് സി എസ് സുജാതയ്‌ക്കെതിരായ പരാമര്‍ശത്തില്‍ മുൻ സിപിഐഎം നേതാവും അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ ജി സുധാകരനെ വിമര്‍ശിച്ച് സാഹിത്യകാരി എസ് ശാരദക്കുട്ടി. സി എസ് സുജാത ആരെന്ന് ജി സുധാകരന്‍ പറഞ്ഞ് മനസിലാക്കേണ്ട അവസ്ഥ കേരളത്തിലുള്ളവര്‍ക്കില്ലെന്ന് ശാദരക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. ഇത്തരം കഥയില്ലായ്മകള്‍ കേട്ടാല്‍ സുജാത ചിരിക്കുകയേ ഉള്ളുവെന്ന് ശാരദക്കുട്ടി പറഞ്ഞു. 'മുല്ലപ്പൂവും തുളസിക്കതിരും ചൂടി നായന്മാരുടെ വീട്ടില്‍ മാത്രം കയറി വോട്ട് ചോദിക്കുന്ന സി എസ് സുജാത' എന്ന ജി സുധാകരന്റെ പ്രസ്താവന അങ്ങേയറ്റത്തെ അഹങ്കാരമാണെന്നും ശാരദക്കുട്ടി പറഞ്ഞു.
'ജി സുധാകരന് 'വഴി തെറ്റുന്നൂ വയസ്സാകുമ്പോള്‍' എന്ന് മുന്നേ തന്നെ തോന്നിയിരുന്നെങ്കിലും ആ പഴയ സഖാവിനോടുള്ള ശേഷിച്ച അല്‍പം ബഹുമാനം കൊണ്ട് മിണ്ടണ്ട എന്നു കരുതിയതാണ്. അല്‍പം ബഹുമാനം ബാക്കിയുള്ളത് കൂടി കളയാനായി വാ വിട്ട് ഓരോന്ന് പുലമ്പരുത് എന്നൊരഭ്യര്‍ഥന ഉണ്ട്. സുജാത ചിരിക്കുകയേ ഉള്ളു ഇത്തരം കഥയില്ലായ്മകള്‍ കേട്ടാല്‍. പദവിക്കും പണത്തിനും ജാതിക്കും പിന്നാലെ നടക്കാത്ത സുജാതയെ നേതാക്കളറിയുന്നതിലും നന്നായി ജനങ്ങള്‍ക്കറിയാം', ശാരദക്കുട്ടി പറഞ്ഞു.
സുജാതയെ കണ്ട് പൊതുവിടങ്ങളില്‍ ഓടിക്കൂടുന്ന സാധാരണക്കാര്‍ക്കും അവരെ നന്നായി അറിയാമെന്നും അതിന് മുല്ലപ്പൂവോ തുളസിക്കതിരോ മൂക്കുത്തിയോ വട്ടപ്പൊട്ടോ ഒന്നും തടസമല്ലെന്നും ശാരദക്കുട്ടി പറഞ്ഞു. 'അവര്‍ ഏത് സദസ്സിനും ഏത് വീടിനും സ്വീകാര്യയും ബഹുമാന്യയുമാണ്. ഉള്ളില്‍ നുരഞ്ഞു പതയുന്ന ജാതി മാടമ്പി ബോധമാണ് സുധാകരനെ കൊണ്ട് ഇങ്ങനെ പറയിച്ചത്', എസ് ശാരദക്കുട്ടി പറഞ്ഞു.
സി എസ് സുജാതയ്ക്കെതിരെ കടുത്ത അധിക്ഷേപ പരാമര്‍ശവുമായായിരുന്നു സുധാകരന്‍ രംഗത്തെത്തിയത്. സുജാത നായന്മാരുടെ വീട്ടില്‍ മാത്രമേ പോകൂ എന്നായിരുന്നു സുധാകരന്‍ പറഞ്ഞത്. അവരുടെ സ്ഥലം കായംകുളമാണ്. എന്നിട്ട് അമ്പലപ്പുഴയില്‍ വന്നുനില്‍ക്കുകയാണ്. നായരാണെന്ന് മനസിലാക്കാന്‍ മുല്ലപ്പൂവും തുളസിപ്പൂവും വെച്ചാണ് സുജാത പോകുന്നത്. ഇവിടെ നായരുടെ വോട്ട് ഒന്നും കിട്ടില്ല. മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നായരെയും ധീവരനെയും തെറ്റിക്കാന്‍ നടക്കുകയാണെന്നും സുധാകരന്‍ പറഞ്ഞിരുന്നു.
എന്നാല്‍ സംഭവത്തില്‍ പ്രതികരണവുമായി സി എസ് സുജാത തന്നെ രംഗത്തെത്തി. എല്ലാവരുടെയും വീട്ടില്‍ മുല്ലയും തുളസിയും ഉണ്ടെന്നും അത് ജാതി ബ്രാന്‍ഡ് ആക്കുന്നത് എന്തിനാണെന്നും സുജാത ചോദിച്ചു. തങ്ങള്‍ ജാതി ഇല്ലാതെ പ്രവര്‍ത്തിക്കുന്നവരാണ്. സുധാകരന്‍ വ്യാജ പ്രസ്താവന നടത്തുമെന്ന് എല്ലാവര്‍ക്കും അറിയാമെന്നും സുജാത പറഞ്ഞു.
Content Highlights: S Saradakutty against G Sudhakaran on statement against C S Sujatha