

കൊച്ചി: ഈസ്റ്റർ സന്ദേശവുമായി യാക്കോബായ സഭ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവ. എത്ര പ്രതിസന്ധികൾക്കിടയിലും ദൈവസ്നേഹം മനുഷ്യഹൃദയങ്ങളിൽ പുതുജീവൻ പകരുമെന്നും ക്രിസ്തുവിന്റെ ഉയിർപ്പ്, ഇരുളിന് മേൽ വെളിച്ചവും മരണത്തിന് മേൽ ജീവനും നേടിയ വിജയത്തിന്റെ അടയാളമാണെന്നും അദ്ദേഹം പറഞ്ഞു.
ഈസ്റ്റർ കേവലം ചടങ്ങല്ല, മറിച്ച് പുതുജീവന വാഗ്ദാനമാണ്. യുദ്ധവും അക്രമവും വിദ്വേഷവും വർഗീയതയും പടരുന്ന ഈ കാലഘട്ടത്തിൽ സമാധാനം എന്നത് വിദൂരമായ ഒരു സ്വപ്നമായി പലർക്കും തോന്നാം. എന്നാൽ ക്രൂശിന് മേൽ ഒരു ഉയിർപ്പുണ്ട് എന്ന വിശ്വാസം നമുക്ക് നൽകുന്നത് വലിയ ഒരു പ്രത്യാശയാണ് എന്നും ബാവ പറഞ്ഞു.
ഈസ്റ്റർ നമ്മളെ ചില വലിയ ഉത്തരവാദിത്വങ്ങൾ ഓർമിപ്പിക്കുന്നുണ്ടെന്നും ജോസഫ് ബാവ പറഞ്ഞു. യുദ്ധത്തിന് പകരം സമാധാനം തെരഞ്ഞെടുക്കണം. വിദ്വേഷത്തിന് പകരം സ്നേഹം വിതയ്ക്കണം. വിഭജനത്തിന് പകരം ഐക്യം കെട്ടിപ്പടുക്കണം. ഓരോ മനുഷ്യനിലും ദൈവത്തിന്റെ സ്വരൂപം ദർശിക്കാൻ സാധിക്കുമ്പോഴാണ് യഥാർത്ഥത്തിൽ ഈസ്റ്റർ അർത്ഥപൂർണമാകുന്നത് എന്നും ജോസഫ് ബാവ പറഞ്ഞു.
Content Highlights: Jacobite Syrian Church supreme head Baselios Joseph Bava delivered his Easter message emphasizing that divine love can renew human hearts even amid crises. He stated that the resurrection of Christ symbolizes victory of light over darkness and life over death, offering hope and spiritual strength to believers during challenging times.