

കോഴിക്കോട്: ബേപ്പൂരിൽ തനിക്ക് കക്ഷി രാഷ്ട്രീയഭേദമന്യേ വോട്ട് ലഭിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. പ്രതീക്ഷിച്ചതിനെക്കാൾ കൂടുതൽ വോട്ട് തനിക്ക് ലഭിക്കുമെന്നും മൂന്ന് റൗണ്ട് പ്രചാരണം പൂർത്തിയാക്കിയെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. നടന്ന വികസനപ്രവർത്തനങ്ങൾ എല്ലാം നാട് ആവശ്യപ്പെട്ട കാര്യങ്ങളാണ്. ആളുകൾ ഇതിൽ സംതൃപ്തരാണ് എന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.
രാഷ്ട്രീയപ്രവർത്തനം എന്നാൽ ആശയപരമായ സംവാദമാണെന്നും എല്ലാ നേതാക്കളോടും തനിക്ക് വ്യക്തിപരമായ ബന്ധമുണ്ടെന്നും റിയാസ് പറഞ്ഞു. രാഹുൽ ഗാന്ധിയോടും തനിക്ക് രാഷ്ട്രീയമായ അഭിപ്രായവ്യത്യാസമുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ പിതൃത്വം താൻ ഇതുവരെ ചോദ്യം ചെയ്‌തിട്ടിട്ടില്ല എന്നും അൻവറിനെ ഉന്നമിട്ട് റിയാസ് പറഞ്ഞു. പാണക്കാട് തങ്ങളുടെ രാഷ്ട്രീയ നിലപാടുകളോട് വിയോജിപ്പുണ്ടെങ്കിലും അദ്ദേഹത്തെ താൻ ആക്ഷേപിച്ചിട്ടില്ല. യൂത്ത് ലീഗിന്റെ നിലവാരമേ തങ്ങൾക്കുള്ളൂ എന്ന അധിക്ഷേപവും താൻ നടത്തിയിട്ടില്ല. അടുത്തിടെയുണ്ടായ വിവാദത്തിലും താൻ ശക്തമായ നിലപാട് സ്വീകരിക്കണമെന്നാണ് പറഞ്ഞത്. രാഷ്ട്രീയം പറയുമ്പോൾ രാഷ്ട്രീയം തന്നെ പറയണമെന്നും റിയാസ് പറഞ്ഞു.
തെരഞ്ഞെടുപ്പ് എന്നാൽ പണാധിപത്യമല്ല എന്നും റിയാസ് കൂട്ടിച്ചേർത്തു. പണത്തിന് മീതെ ബേപ്പൂർ പറക്കും. സർവകാല റെക്കോർഡായ 80,000 മുകളിൽ വോട്ട് തനിക്ക് ഉണ്ടാകുമെന്നും റിയാസ് പറഞ്ഞു.
അതേസമയം, നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് അടുത്തതോടെ ബേപ്പൂരിന് പുറമേ മറ്റ് മണ്ഡലങ്ങളിലും സജീവമാകുകയാണ് മുഹമ്മദ് റിയാസ്.വലിയ ആത്മവിശ്വാസത്തോടെയാണ് ബേപ്പൂർ സ്ഥാനാർത്ഥിയായ പി എ മുഹമ്മദ് റിയാസിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണം. ഇന്നലെ കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ ദാസന്റെ പ്രചാരണ പരിപാടികളിൽ റിയാസ് സജീവമായിരുന്നു.
ഇന്ന് കോഴിക്കോട് നോർത്ത് നിയോജക മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി തോട്ടത്തിൽ രവീന്ദ്രന് വേണ്ടിയും റിയാസ് പ്രചാരണത്തിനിറങ്ങിയിരുന്നു. ചെലവൂർ, തോണിക്കടവത്ത്, വെള്ളിമാട്കുന്ന് എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. വരും ദിവസങ്ങളിലും റിയാസ് മറ്റ് മണ്ഡലങ്ങളിൽ സജീവമാകും.
Content Highlights: Kerala Minister P. A. Mohammed Riyas expressed confidence of securing votes beyond party lines in the Beypore constituency. He stated that his campaign has received strong public support and that he expects a higher vote share than anticipated