

കോട്ടയം: വിദേശ സംഭാവന നിയന്ത്രണ നിയമ(എഫ്സിആര്‍എ) ഭേദഗതി ബില്‍ പുന:പരിശോധിക്കണമെന്ന് മലങ്കര ഓർത്തഡോക്‌സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ. സഭകളുടെ സാമൂഹിക സേവനങ്ങളെ വിസ്മരിക്കരുത്. സഭാമക്കള്‍ നല്‍കുന്ന നേര്‍ച്ചപ്പണത്തെ സംശയത്തോടെ കാണുന്നത് ശരിയല്ലെന്നും ന്യൂനപക്ഷങ്ങളോടുള്ള സമീപനത്തില്‍ മാറ്റമുണ്ടാകുന്നുണ്ടോ എന്ന് ആശങ്കയുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഈ ഭേദഗതി സഭയെ വീര്‍പ്പുമുട്ടിക്കുകയാണ്. സഭ ചെയ്തുകൊണ്ടിരിക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളെയും ഇത് ബാധിക്കും.
ഇരട്ടത്താപ്പ് ഉണ്ടോ എന്ന് സംശയിക്കുന്നുണ്ട്. മിഷന്‍ പ്രവര്‍ത്തന രംഗങ്ങളെ പ്രയാസപ്പെടുത്തുന്നത് സങ്കടകരമാണ്.
മലങ്കര സഭയുടെ എഫ്‌സിആര്‍എ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യപ്പെട്ടു. എല്ലാക്കാര്യങ്ങളും കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. പരിഹരിക്കാം എന്ന് പറഞ്ഞതല്ലാതെ നടപടി ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
അപേക്ഷകള്‍ രാജീവ് ചന്ദ്രശേഖറിന്റെ കൈവശം തന്നെ നല്‍കിയതാണ്. പരിഹരിക്കാമെന്ന് പറഞ്ഞതല്ലാതെ അതിൽ മറ്റ് നടപടികൾ ഉണ്ടായില്ല. എന്തിനാണ് മരവിപ്പിച്ചത് എന്നതിന്റെ കാരണങ്ങള്‍ പോലും പറയുന്നില്ല. കേന്ദ്ര തലത്തിലാണ് ഇത് ചെയ്യേണ്ടത്. അതുണ്ടാവാതെ ഇത്രയും കർശനമാക്കി നിൽക്കുന്നത് സഭകളുടെ ശുശ്രൂഷകളെയുൾപ്പെടെ ബാധിക്കും. പരിശോധിച്ചില്ലെങ്കില്‍ മറ്റ് സഭകളുമായി കൂടിയാലോചിച്ച് പ്രതിഷേധ പരിപാടികള്‍ തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, എഫ്സിആര്‍എ ഭേദഗതി ബില്ലില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. ഇതു സംബന്ധിച്ച് ന്യൂനപക്ഷ വിഭാഗങ്ങള്‍ ഉള്‍പ്പെടെ മുന്നോട്ടുവെച്ച ആശങ്കകള്‍ ദൂരീകരിച്ച ശേഷമെ ബില്ലിന്റെ തുടര്‍നടപടി സ്വീകരിക്കാവൂവെന്ന് അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ ഈ ഭേദഗതിയുമായി മുന്നോട്ട് പോകുന്നതില്‍ നിന്ന് പിന്തിരിയണമെന്ന് ശക്തമായി ആവശ്യപ്പെട്ടുവെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
Content Highlights: Malankara Orthodox Church President called for a review of the FCRA Amendment Bill