

കൊച്ചി: ഭരണ വിരുദ്ധ വികാരമില്ല എന്ന് പറഞ്ഞതുകൊണ്ട് എല്‍ഡിഎഫിനെ എസ്ഡിപിഐ പിന്തുണയ്ക്കും എന്നാണോയെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്. കേരളത്തില്‍ ഭരണവിരുദ്ധ വികാരമുണ്ടോ എന്ന ഒരു ചോദ്യത്തിനുള്ള മറുപടിയായിരുന്നു താന്‍ നല്‍കിയത്. ഭരണവിരുദ്ധ വികാരമില്ല എന്ന് പറഞ്ഞതുകൊണ്ട് എല്‍ഡിഎഫിനെ പിന്തുണയ്ക്കും എന്ന് എങ്ങനെ പറയാന്‍ കഴിയും എന്നും സിപിഎ ലത്തീഫ് ചോദിച്ചു. റിപ്പോര്‍ട്ടര്‍ ടിവിയുടെ 'ഡിബേറ്റ് വിത്ത് സ്മൃതി പരുത്തിക്കാടി'ല്‍ ആയിരുന്നു സിപിഎ ലത്തീഫിന്റെ പ്രതികരണം.
തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ 36 മണ്ഡലങ്ങളില്‍ മത്സരിക്കുന്നുണ്ട്. മത്സരിക്കാത്ത 104 മണ്ഡലങ്ങളില്‍ ആരെ പിന്തുണയ്ക്കണം എന്ന് തീരുമാനിച്ചിട്ടില്ല. പാര്‍ട്ടി തീരുമാനിക്കാതെയാണ് പലരും തങ്ങളുടെ പിന്തുണ എല്‍ഡിഎഫിനാണെന്ന് പറയുന്നത്. അനാവശ്യ വിവാദങ്ങളുണ്ടാക്കുകയാണ്. തങ്ങള്‍ക്ക് വേണമെങ്കില്‍ യുഡിഎഫിനെ പിന്തുണയ്ക്കാം. യുഡിഎഫിനെ പിന്തുണയ്ക്കുന്നതിന് തങ്ങള്‍ക്ക് ഒരു തടസ്സവുമില്ല. തങ്ങള്‍ മുന്‍പ് യുഡിഎഫിനെ പിന്തുണച്ചിട്ടുണ്ട്. യുഡിഎഫിനെ പിന്തുണയ്ക്കണോ എല്‍ഡിഎഫിനെ പിന്തുണയ്ക്കണോ എന്ന് പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും സിപിഎ ലത്തീഫ് പറഞ്ഞു.
വേങ്ങരയില്‍ കഴിഞ്ഞ തവണ മുഹമ്മദ് സബാഹ് കുണ്ടുകുഴിക്കല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതുകൊണ്ടായിരുന്നു എസ്ഡിപിഐ പിന്തുണച്ചതെന്ന് സിപിഎ ലത്തീഫ് പറഞ്ഞു. ഇത്തവണ എല്‍ഡിഎഫ് സ്വതന്ത്രനായാണ് സബാഹ് മത്സരിക്കുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ പിന്തുണയ്ക്കണോ എന്ന കാര്യം പാര്‍ട്ടി ആലോചിച്ച് തീരുമാനിക്കും. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കണോ എന്ന കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ല. സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ തങ്ങള്‍ എവിടെയും പങ്കാളിയായിട്ടില്ല. വേങ്ങരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ എം ഷാജിയാണ്. വേണമെങ്കില്‍ തങ്ങള്‍ക്ക് കെ എം ഷാജിയെ പിന്തുണയ്ക്കാമെന്നും സിപിഎ ലത്തീഫ് വ്യക്തമാക്കി.
മങ്കടയില്‍ മത്സരിക്കേണ്ടതില്ല എന്ന തീരുമാനത്തിന് തങ്ങളുടേതായ കാരണമുണ്ടെന്നും സിപിഎ ലത്തീഫ് പറഞ്ഞു. അത് പുറത്തുപറയാന്‍ കഴിയില്ല. 2021 ലെ തെരഞ്ഞെടുപ്പില്‍ മങ്കടയില്‍ തങ്ങള്‍ മഞ്ഞളാംകുഴി അലിക്ക് പിന്തുണ നല്‍കിയതാണ്. തങ്ങളുടെ വോട്ട് കൂടി കൊണ്ട് ജയിച്ച ആളാണ് മഞ്ഞളാംകുഴി അലി. ഇത്തവണയും വേണമെങ്കില്‍ തങ്ങള്‍ക്ക് അദ്ദേഹത്തിന് പിന്തുണ നല്‍കാമെന്നും സിപിഎ ലത്തീഫ് പറഞ്ഞു.
മഞ്ചേശ്വരത്ത് മൂന്ന് തവണ യുഡിഎഫിനെ പിന്തുണച്ചവരാണ് തങ്ങള്‍. യുഡിഎഫിനെ വിജയിപ്പിക്കുകയും ചെയ്തു. വിജയിച്ച സമയത്ത് തങ്ങളുടെ പതാക വെച്ച് പ്രകടനം നടത്തിയതാണ്. തങ്ങള്‍ പിന്തുണച്ചതിനുള്ള തെളിവാണത്. എന്നാല്‍ തങ്ങള്‍ പിന്തുണച്ച സ്ഥാനാര്‍ത്ഥികള്‍ പിന്നീട് വളര്‍ന്നിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം പഞ്ചായത്തില്‍ എസ്ഡിപിഐയെ പരാജയപ്പെടുത്താന്‍ ബിജെപിയെ കൂട്ടുപിടിക്കുന്ന സാഹചര്യമുണ്ടായി. തങ്ങള്‍ക്കെതിരെ പടനീക്കം നടത്തുന്ന സ്ഥാനാര്‍ത്ഥിയെ എന്തിന് വിജയിപ്പിക്കണമെന്നും സിപിഎ ലത്തീഫ് ചോദിച്ചു.
ജനങ്ങള്‍ക്ക് മുന്നണികള്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍, അത് നടപ്പിലാക്കിയിട്ടുണ്ടോ, അവര്‍ക്ക് പൊതുസമൂഹത്തോടുള്ള പ്രതിബന്ധത എന്നിവ പരിഗണിച്ചുകൊണ്ട് ഓരോ സ്ഥാനാര്‍ത്ഥിക്കും വോട്ട് ചെയ്യാനുള്ള സ്വാതന്ത്ര്യം തങ്ങള്‍ക്കുണ്ട്. ആ സ്വാതന്ത്ര്യം ഉപയോഗിച്ച് വോട്ട് ചെയ്യും. എല്ലാ മണ്ഡലങ്ങളിലും പൊതുവായ നിലപാട് സ്വീകരിക്കുമെന്നും സിപിഎ ലത്തീഫ് കൂട്ടിച്ചേര്‍ത്തു.
Content Highlights- SDPI leader CPA Latheef questioned the interpretation of claims that there is no anti-incumbency sentiment, asking whether it automatically translates into support for the LDF