

പാലക്കാട്: രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയായി നിര്‍ദേശിക്കുമെന്ന കെ സുധാകരന്റെ പരാമര്‍ശത്തില്‍ പ്രതികരിച്ച് ഷാഫി പറമ്പില്‍ എംപി. മുഖ്യമന്ത്രി ആരാവണമെന്നതില്‍ തീരുമാനം എടുക്കുന്നത് ഹൈക്കമാന്‍ഡാണെന്നും ഒരു കോണ്‍ഗ്രസുകാരനായ മുഖ്യമന്ത്രി ആണ് കേരളത്തില്‍ ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.
കെ സുധാകരനെ പോലുള്ള വലിയ നേതാവിനെ എനിക്ക് ഉപദേശിക്കാന്‍ കഴിയുമോ. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ തീരുമാനം പാര്‍ട്ടിയുടേത് തന്നെയായിരിക്കുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
വീട്ടില്‍ പോയി ചോദ്യം ചോദിക്കാന്‍ പറഞ്ഞവരെ ജനം ഇത്തവണ വീട്ടിലിരുത്തും. മുഖ്യമന്ത്രിക്ക് അധികാരത്തിന്റെ ധാര്‍ഷ്ട്യം പിടിപെട്ടുവെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
യുഡിഎഫ് അതികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രിയാകാന്‍ യോഗ്യന്‍ രമേശ് ചെന്നിത്തലയെന്ന് കെ സുധാകരന്‍ പറഞ്ഞിരുന്നു. റിപ്പോര്‍ട്ടര്‍ ഇലക്ഷന്‍ ഓണ്‍ വീല്‍സ് പരിപാടിയില്‍ ഡോ അരുണ്‍കുമാറിനോടൊപ്പം സംസാരിക്കുകയായിരുന്നു സുധാകരന്‍. പേരാവൂരില്‍ സണ്ണി ജോസഫിന്റെ പ്രചാരണത്തിന് താന്‍ പോകുമെന്നും കേരള രാഷ്ട്രീയത്തിലേക്ക് ഇനിയില്ല എന്നും സുധാകരന്‍ പറഞ്ഞു.
സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് തന്നെ പിന്തിരിപ്പിക്കാന്‍ മകന്‍ ഇടപെട്ടുവെന്ന വാദം ശുദ്ധ അസംബന്ധമാണെന്നും സുധാകരന്‍ പറഞ്ഞു. മല്ലികാര്‍ജുന്‍ ഖര്‍ഗെ തന്നെ വിളിച്ചിരുന്നു. പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന തീരുമാനം താന്‍ എടുക്കില്ലെന്ന് ഖര്‍ഗേയ്ക്ക് അറിയാമെന്നും സുധാകരന്‍ പറഞ്ഞു. കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ ടി ഒ മോഹനനുമായി തനിക് ഒരു പ്രശ്‌നവുമില്ല എന്നും സുധാകരന്‍ പറഞ്ഞു. താന്‍ സ്ഥാനാര്‍ഥി ആകുന്നില്ലെങ്കില്‍ പകരം ടി ഒ മോഹനനെ ആക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ആ വാക്ക് പാലിച്ചു എന്നാണ് താന്‍ പറഞ്ഞത്. പാര്‍ട്ടിക്കകത്ത് ഒരു പ്രശ്‌നവുമില്ല എന്നും തെരഞ്ഞെടുപ്പില്‍ നൂറ് സീറ്റിനടുത്ത് ലഭിക്കുമെന്നും സുധാകരന്‍ പറഞ്ഞു. താന്‍ ഒരിക്കലും ബിജെപിയിലേക്ക് പോകില്ല എന്നും സുധാകരന്‍ തറപ്പിച്ചുപറഞ്ഞു.
Content Highlights: Shafi Parambil MP reacts to remarks by K. Sudhakaran