മാവോയിസ്റ്റ് കേസിൽ അറസ്റ്റിലായിരുന്ന രൂപേഷ് ജയിൽ മോചിതനായി; പുറത്തിറങ്ങുന്നത് 11 വർഷത്തിന് ശേഷം

പുറത്തിറങ്ങുന്നത് 11 വർഷത്തിന് ശേഷം

മാവോയിസ്റ്റ് കേസിൽ അറസ്റ്റിലായിരുന്ന രൂപേഷ് ജയിൽ മോചിതനായി; പുറത്തിറങ്ങുന്നത് 11 വർഷത്തിന് ശേഷം
dot image

തൃശ്ശൂർ : മാവോയിസ്റ്റ് കേസിൽ അറസ്റ്റിലായിരുന്ന രൂപേഷ് ജയിൽ മോചിതനായി. 11 വര്‍ഷത്തിന് ശേഷമാണ് രൂപേഷ് പുറത്തിറങ്ങുന്നത്. വിയ്യൂർ സെൻട്രൽ ജയിലിലായിരുന്നു. 2015ല്‍ കോയമ്പത്തൂരില്‍ കറുമത്താപ്പേട്ടയിൽ നിന്നാണ് രൂപേഷിനെയും ഭാര്യ ഉള്‍പ്പടെ അഞ്ച് പേരെയും അറസ്റ്റ് ചെയ്തത്. കേരളത്തിലും തമിഴ് നാട്ടിലുമായി 42 കേസുകളാണ് രൂപേഷിൻ്റെ പേരിൽ ചുമത്തിയിരിക്കുന്നത്. അവയില്‍ ചിലതെല്ലാം യുഎപിഎ കേസുകളാണ്. നിലവില്‍ 16 കേസുകളാണ് വിചാരണയിലുള്ളത്.

രണ്ട് കേസുകളില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു. കൊച്ചി എന്‍ഐഎ കോടതി ശിക്ഷിച്ച വെള്ളമുണ്ട കേസില്‍ സുപ്രീം കോടതി ഇടപെടലിലൂടെയാണ് ജാമ്യം ലഭിച്ചത്. രണ്ട് ലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യവും എല്ലാ മാസവും ആദ്യ തിങ്കളാഴ്ച കളമശ്ശേരി എന്‍ഐഎ ഓഫീസില്‍ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ജാമ്യം ലഭിച്ചത്.

ജയിലിന് പുറത്ത് രൂപേഷിനെ സ്വീകരിക്കാന്‍ ഭാര്യ ഷൈനയും സഹപ്രവര്‍ത്തകരും കാത്തുനിന്നിരുന്നു. ചുവന്ന ഷാള്‍ അണിയിച്ചും മുദ്രാവാക്യം മുഴക്കിയുമാണ് രൂപേഷിനെ വരവേറ്റത്. സമാനമായ കേസിൽ അറസ്റ്റിലായ പലരും മോചിതരായെങ്കിലും രൂപേഷ് ജയിലിൽ തുടരുകയായിരുന്നു. കഴിഞ്ഞ രൂപേഷിന്റെ നോവൽ പ്രസിദ്ധീകരിക്കുന്നതിന്റെ അനുമതിയുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങളുണ്ടായിരുന്നു. ജയിലില്‍ വെച്ച് എഴുതിയ തന്‍റെ പുസ്തകമായ 'ബന്ധിതരുടെ ഓര്‍മക്കുറിപ്പുകൾ' പുറത്തിറക്കുന്നതിന് അനുവദിക്കാതിരുന്നതിലൂടെ ഇടതു ഭരണം അതിന്‍റെ അധികാര രൂപം കാണിച്ചുവെന്ന് രൂപേഷ് കുറ്റപ്പെടുത്തി.

Content Highlight : Roopesh released from jail after 11 years. In 2015, Roopesh and five others, including his wife, were arrested from Karumathappetta in Coimbatore.

dot image
To advertise here,contact us
dot image