കെ സുധാകരന് യാതൊരു ഓഫറും നൽകിയിട്ടില്ല, മത്സരിച്ചാൽ കൊള്ളാമെന്ന് തോന്നിയതിൽ എന്താണ് തെറ്റ്; K C വേണുഗോപാൽ

നേമത്ത് ശബരീനാഥൻ ജയിക്കുമെന്നും ശിവൻകുട്ടി വീട്ടിലിരിക്കേണ്ടിവരുമെന്നും കെ സി വേണുഗോപാൽ

കെ സുധാകരന് യാതൊരു ഓഫറും നൽകിയിട്ടില്ല, മത്സരിച്ചാൽ കൊള്ളാമെന്ന് തോന്നിയതിൽ എന്താണ് തെറ്റ്; K C വേണുഗോപാൽ
dot image

കൊച്ചി: കെ സുധാകരന് യാതൊരു ഓഫറും നൽകിയിട്ടില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. സുധാകരൻ അന്ന് മുറിയിൽനിന്ന് പുറത്തിറങ്ങിയിട്ടു പോലുമില്ല. എന്നിട്ടും അദ്ദേഹം പാർട്ടി വിടുമെന്നും സ്വതന്ത്രനായി മത്സരിക്കുമെന്നടക്കമുള്ള വാർത്തകൾ വന്നു. അദ്ദേഹം പോലും ആ വാർത്തകൾ അറിഞ്ഞിരുന്നില്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു. റിപ്പോർട്ടർ ടിവിയുടെ 'നേരോ നേതാവെ' പരിപാടിയിലായിരുന്നു കെ സി വേണുഗോപാലിന്റെ പ്രതികരണം.

Also Read:

തനിക്കും മേലെയാണ് പാർട്ടി എന്നാണ് സുധാകരൻ പറഞ്ഞത്. അദ്ദേഹത്തെ പോലെ ഒരുപാട് അനുഭവ സമ്പത്തുള്ള ത്യാഗം സഹിച്ചിട്ടുള്ള നേതാവിന് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ കൊള്ളാമെന്ന് തോന്നിയതിൽ എന്താണ് തെറ്റ്. പാർട്ടിക്ക് അതിന്റേതായ ബുദ്ധിമുട്ടുണ്ടാകും. അത് അദ്ദേഹത്തിനും അറിയാം. ആ മത്സരം അദ്ദേഹത്തിലൊരു എംപിയിൽ മാത്രം നിൽക്കില്ല. രണ്ടോ മൂന്നോ സീറ്റുകളിൽകൂടി അത്തരം പരീക്ഷണങ്ങൾ ആവർത്തിക്കേണ്ടി വരും. കേരളം പൊലൊരു കൊച്ചു സംസ്ഥാനം വലിയ ഉപതെരഞ്ഞെടുപ്പിലേക്ക് പോകുക എന്നത് ജനം അംഗീകരിക്കില്ല. അതിനാലാണ് പാർട്ടി അക്കാര്യത്തിൽ തീരുമാനമെടുത്തതും കോൺഗ്രസ് അധ്യക്ഷൻ തന്നെ അക്കാര്യം കെ സുധാകരനെ അറിയിച്ചതും അദ്ദേഹം അത് മനസിലാക്കിയതും- കെ സി വേണുഗോപാൽ പറഞ്ഞു.

സിപിഐഎം-ബിജെപി ഡീൽ ഉണ്ട്. ട്വന്റി-ട്വന്റിക്ക് പ്രധാന സീറ്റുകൾ നൽകിയത് ഡീലിന്റെ ഉദാഹരണമാണ്. സിപിഐഎം-ബിജെപി ഡീലിന്റെ യഥാർത്ഥ ഉപകരണമായി ട്വന്റി -ട്വന്റിയെ അവർ മാറ്റിയിരിക്കുകയാണെന്നും കെ സി വേണുഗോപാൽ ആരോപിച്ചു.

പാലക്കാട്ടെ രമേഷ് പിഷാരടിയുടെ സ്ഥാനാർത്ഥിത്വത്തിലും കെ സി വേണുഗോപാൽ പ്രതികരിച്ചു. പൊളിറ്റിക്കൽ പഞ്ചോടുകൂടി പ്രസംഗിക്കാൻ അറിയാവുന്ന ആഴത്തിലുള്ള നേതാവാകാൻ ഏറ്റവും കൂടുതൽ യോഗ്യതയുള്ള ആളാണ് രമേഷ് പിഷാരടി. തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾക്കായി പ്രസംഗിക്കാനെത്താറുള്ള ആളാണ് അദ്ദേഹം. തനിക്കുവേണ്ടിയും അദ്ദേഹം പ്രസംഗിച്ചിട്ടുണ്ട്. സമരത്തെ തള്ളിക്കളഞ്ഞല്ല പിഷാരടി നിൽക്കുന്നത്. സമരവേദികളിലെല്ലാം ഉണ്ടായിരുന്ന ആളാണെന്നും കരുത്തുറ്റ സ്ഥാനാർത്ഥിയാണെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

യുവജന നേതാക്കന്മാരിൽ വളരെയധികം അംഗീകരിക്കപ്പെടുന്ന നേതാവാണ് ശബരീനാഥൻ. ആദ്യം ജയിക്കുന്നവരിൽ ഒരാൾ കെ എസ് ശബരീനാഥനാകും. ശബരീനാഥൻ ഒരു സീരിയസ് സ്ഥാനാർത്ഥി അല്ല എന്ന ആരോപണത്തിനുള്ള മറുപടിയായി വി ശിവൻകുട്ടി വീട്ടിൽ ഇരിക്കേണ്ടിവരുന്ന അവസ്ഥയായിരിക്കും. നേമത്ത് ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

ജി സുധാകരനുമായി ഒരുപാട് അഭിപ്രായ വ്യത്യാസങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ സ്വന്തം വകുപ്പ് അത്രയും ആത്മാർത്ഥതയോടെ കൈകാര്യം ചെയ്ത ആളാണ് അദ്ദേഹം. സർക്കാരിന്റെ ചില അടിച്ചേൽപ്പിക്കലുകൾ അദ്ദേഹത്തിനുമേലുണ്ടായിരുന്നു. നിലപാടും പാർട്ടിയുടെ പോക്കിനെ കുറിച്ചുള്ള ആശങ്കയും അദ്ദേഹം പലപ്പോഴായി പങ്കുവെച്ചിട്ടുണ്ട്. അതോടെയാണ് ജി സുധാകരൻ സിപിഐഎം നേതൃത്വത്തിന് അനഭിമതനായത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സുധാകരനെ മാറ്റിനിർത്തേണ്ട എന്ത് കാരണമാണ് ഉണ്ടായിരുന്നത്. ടേമും പ്രായവുമാണ് പ്രശ്‌നമെങ്കിൽ മുഖ്യമന്ത്രിക്ക് അത് ബാധകമല്ലേ. മറ്റൊരു കക്ഷിയിലെ നേതാവായ ശശീന്ദ്രന് ഇത് ബാധകമല്ലേയെന്നും കെ സി വേണുഗോപാൽ ചോദിച്ചു.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് തർക്കമില്ല. മുഖ്യമന്ത്രിയെ കണ്ടെത്താൻ കോണ്‍ഗ്രസിന് സംവിധാനമുണ്ട്. മുഖ്യമന്ത്രി സ്ഥാനം തർക്കങ്ങളില്ലാതെ പരിഹരിക്കും. കണക്കുകൂുട്ടലുകൾക്ക് അപ്പുറത്തെ ജയം ഉണ്ടാകുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

Content Highlights: AICC General Secretary K C Venugopal Reacts on kerala assembly election related controversies

dot image
To advertise here,contact us
dot image