രമേഷ് പിഷാരടിക്കെതിരായ 'കോമാളി' പരാമർശത്തിൽ ഖേദവുമായി തോമസ് ഐസക്; 'അഭിനയത്തെ മോശം പറയാനല്ല ഉദ്ദേശിച്ചത്'

തന്റെ വിമർശനം രാഷ്ട്രീയമാണ് എന്നും തോമസ് ഐസക്

രമേഷ് പിഷാരടിക്കെതിരായ 'കോമാളി' പരാമർശത്തിൽ ഖേദവുമായി തോമസ് ഐസക്; 'അഭിനയത്തെ മോശം പറയാനല്ല ഉദ്ദേശിച്ചത്'
dot image

പത്തനംതിട്ട: പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിക്കെതിരായ 'കോമാളി' പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മുൻ മന്ത്രിയും സിപിഐഎം മുതിർന്ന നേതാവുമായ തോമസ് ഐസക്. രമേഷ് പിഷാരടിക്ക് മനോവിഷമം ഉണ്ടാക്കിയതിൽ ഖേദമുണ്ട് എന്നും അഭിനയ മികവിനെക്കുറിച്ച് മോശം പറയാനല്ല ഉദ്ദേശിച്ചത് എന്നും തോമസ് ഐസക് പറഞ്ഞു. തന്റെ വിമർശനം രാഷ്ട്രീയമാണ് എന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു.

രാജ്യത്തെയും സംസ്ഥാനത്തെയും ജനങ്ങൾ ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി പശ്ചിമേഷ്യയിലെ പ്രശ്നമാണ്. അതിൽ തങ്ങൾക്കും കോൺഗ്രസിനും നിലപാടുണ്ട്. പിഷാരടിയുടെ രാഷ്ട്രീയ നിലപാടില്ലായ്മയെയാണ് താൻ വിമർശിച്ചത് എന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു. ഇങ്ങനെ ഒരു നിലപാട് സ്വീകരിച്ചിട്ട് മതനിരപേക്ഷ ശക്തികളുടെ വോട്ട് കിട്ടുമോ? അങ്ങനെയിരിക്കെ ജനങ്ങൾ എൽഡിഎഫിലേക്ക് മാറുമ്പോൾ ഡീൽ എന്നുപറഞ്ഞ് വരികയാണ്. അവിടെ കോൺഗ്രസിനെ തോൽപ്പിക്കാനുള്ള അച്ചാരം ഞങ്ങൾ വാങ്ങിയിട്ടില്ല. തോൽക്കാൻ പോകുന്നത് കോൺഗ്രസാണ് എന്നും തോമസ് ഐസക് വ്യക്തമാക്കി.

രമേഷ് പിഷാരടിയെ 'കോമാളി വേഷം കെട്ടുന്ന നടൻ' എന്നാണ് തോമസ് ഐസക് വിമർശിച്ചത്. 'കോമാളി വേഷം കെട്ടുന്ന ഇത്തരം നടന്മാരെ സ്ഥാനാര്‍ത്ഥിയാക്കിയിട്ട് വോട്ട് കിട്ടുന്നില്ല എന്ന് പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ' എന്നാണ് തോമസ് ഐസക് പറഞ്ഞത്. പാലക്കാട് സിപിഐഎം-ബിജെപി രഹസ്യ ധാരണയെന്ന കെ സി വേണുഗോപാലിന്റെ ആരോപണത്തിന് മറുപടിയായിട്ടായിരുന്നു തോമസ് ഐസകിന്റെ പരാമര്‍ശം.

ഇതിനെതിരെ രമേഷ് പിഷാരടി രംഗത്തുവന്നിരുന്നു. അദ്ദേഹത്തിന് ഒപ്പത്തിനൊപ്പം നിന്ന് പരാമര്‍ശങ്ങള്‍ നടത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും കലയും കലാകാരന്മാരും ഇവര്‍ക്ക് എന്നുമുതലാണ് കാണാന്‍ വയ്യാത്തവരായതെന്നും രമേഷ് പിഷാരടി ചോദിച്ചു. നേരിട്ടൊരു മറുപടി കൊടുക്കുന്നില്ല. ബഹുമാനവും സ്‌നേഹവും മാത്രം. അദ്ദേഹത്തിന് അങ്ങനെ പറയാന്‍ അഭിപ്രായ സ്വാതന്ത്ര്യമുള്ള നാടാണ് നമ്മുടേതെന്നും രമേഷ് പിഷാരടി പറഞ്ഞിരുന്നു.

ആ സ്വാതന്ത്ര്യം താങ്കള്‍ക്കുമുണ്ടല്ലോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് 'എനിക്ക് അതിനൊപ്പം സംസ്‌കാരവുമുണ്ട്' എന്നായിരുന്നു രമേഷ് പിഷാരടിയുടെ മറുപടി. 'സംസ്‌കാരം സമരം ചെയ്താല്‍ കിട്ടില്ല. എന്നുമുതലാണ് കലയും കലാകാരന്മാരും ഇവര്‍ക്ക് എന്നുമുതലാണ് കാണാന്‍ വയ്യാത്തവരായത്. അവനവനൊപ്പം നില്‍ക്കാത്തവര്‍ വെറുക്കപ്പെടേണ്ടവരാണെന്ന പ്രത്യയശാസ്ത്രം എങ്ങനെയാണ് പ്രചരിപ്പിക്കുന്നതെന്ന് അറിയില്ല. ഇത്രയും കാലം കുടുംബസദസിന് മുന്നില്‍ മാന്യമായാണ് നിന്നിട്ടുള്ളത്. അതേ മാന്യത രാഷ്ട്രീയത്തിലും തുടരണമെന്നും വരുന്ന തലമുറ നമ്മളെ കാണുമ്പോള്‍ ഇതൊരു മോശം ഇടമാണെന്ന് തോന്നാത്തവിധം സരസമായിരിക്കണമെന്ന് ആഗ്രഹിച്ചാണ് രാഷ്ട്രീയത്തിലേക്ക് വന്നത്' എന്നും രമേഷ് പിഷാരടി പറഞ്ഞു.

Content Highlights: Thomas Isaac expressed regret over referring to Ramesh Pisharody as a “clown” during the election campaign in Palakkad. He clarified that he did not intend to insult Pisharody’s acting skills

dot image
To advertise here,contact us
dot image