

മലപ്പുറം: തിരൂരങ്ങാടി നിയോജനക മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വ വിവാദത്തിൽ അബ്ദുറഹിമാൻ രണ്ടത്താണിയെ വിമർശിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പിഎംഎ സലാം. വിവാദമുണ്ടാക്കിയവർ രാത്രി വന്ന് കാലുപിടിച്ച് കരഞ്ഞുവെന്നും മാപ്പ് പറഞ്ഞുവെന്നുമായിരുന്നു പിഎംഎ സലാമിന്റെ പരിഹാസം. തിരൂരങ്ങാടിയിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് ഒരു പ്രശ്നവുമില്ലെന്നും ലീഗ് കോൺഗ്രസ് പ്രവർത്തകർക്ക് പോലും ഒരു പരാതിയുമില്ലെന്നും പിഎംഎം സലാം പറഞ്ഞു.
എന്നാൽ പിഎംഎ സലാം പരിഹസിച്ചത് തന്നെയല്ല എന്നാണ് അബ്ദുറഹിമാൻ രണ്ടത്താണിയുടെ പ്രതികരണം. പരിഹാസത്തിന് പിന്നാലെ പിഎംഎ സലാമിനെ അബ്ദുറഹിമാൻ രണ്ടത്താണി ഫോണിൽ വിളിച്ചിരുന്നു. താൻ ഇപ്പോഴും മുസ്‌ലിം ലീഗുകാരനാണെന്നും സാദിഖലി ശിഹാബ് തങ്ങൾ ചേർത്ത് പിടിക്കുമെന്ന് പറഞ്ഞാൽ അത് ഉൾക്കൊള്ളുന്ന ലീഗുകാരനാണ് താനെന്നും അദ്ദേഹം പറഞ്ഞു. തന്നെ എന്നും ചേർത്തു നിർത്തുകയാണ് പാണക്കാട് കുടുംബം ചെയ്തിട്ടുള്ളതെന്നും അബ്ദുറഹിമാൻ രണ്ടത്താണി കൂട്ടിച്ചേർത്തു.
തിരുരങ്ങാടി മണ്ഡലത്തിലെ പിഎംഎ സമീറിന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ടുളള അബ്ദുറഹിമാൻ രണ്ടത്താണിയുടെ വിമർശനം വലിയ രാഷ്ട്രീയ കോലാഹലമാണ് ഉണ്ടാക്കിയത്. ചിലരുടെ താൽപര്യത്തിനായി അർഹതപ്പെട്ടവരെ തഴഞ്ഞ് സമീപകാലത്ത് പ്രത്യക്ഷപ്പെട്ടയാളെ സ്ഥാനാർത്ഥിയാക്കി എന്നായിരുന്നു അബ്ദുറഹിമാൻ രണ്ടത്താണിയുടെ വിമർശനം. പി കെ കുഞ്ഞാലിക്കുട്ടിയുടെ അടുത്ത ആളായാണ് പിഎംഎ സമീർ അറിയപ്പെടുന്നത്.
കുഞ്ഞാലിക്കുട്ടിയുടെ താൽപര്യമാണ് പിഎംഎ സമീറിൻ്റെ സ്ഥാനാർത്ഥിത്വത്തിന് പിന്നിലെന്ന പരോക്ഷ ആക്ഷേപമാണ് അബ്ദുറഹിമാൻ രണ്ടത്താണി പങ്കുവെച്ചിരിക്കുന്നത്.
അതൃപ്തി പരസ്യമാക്കിയ അബ്ദുറഹിമാൻ രണ്ടത്താണിയെ തൊട്ടുപിന്നാലെ സിപിഐഎം ബന്ധപ്പെട്ടിരുന്നു. സ്ഥാനാർത്ഥികളെ കണ്ടെത്താൻ സാധിക്കാത്ത സീറ്റൽ രണ്ടത്താണിയെ സ്ഥാനാർത്ഥിയാക്കാനായിരുന്നു സിപിഐഎം പദ്ധതി. ഇതുമായി ബന്ധപ്പെട്ട് സിപിഐഎം അദ്ദേഹവുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ അദ്ദേഹം വഴങ്ങിയിരുന്നില്ല.
പിന്നാലെ വിവാദങ്ങളിൽ വിശദീകരണവുമായി രണ്ടത്താണി തന്നെ രംഗത്തെത്തിയിരുന്നു. താൻ എന്നും ലീഗുകാരനാണെന്നും പാര്‍ട്ടിക്കാരന്‍ എന്ന നിലയ്ക്കുളള വികാരം മാത്രമാണ് പ്രകടിപ്പിച്ചതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. ഇന്നുവരെ പാര്‍ട്ടിയുടെ ട്രാക്ക് തെറ്റിപ്പോയിട്ടുളള ആളല്ലെന്നും തന്റെ കഴിഞ്ഞ കാല പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാല്‍ അത് മനസിലാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Content Highlights: PMA Salam criticizes Abdurahiman Randathani over Tirurangadi candidate row, mocking rivals and exposing internal tensions in IUML.