

മലപ്പുറം: ബിജെപി ഉള്‍പ്പെടെ ആരുടെ പിന്തുണയും സ്വീകരിക്കുമെന്ന് മങ്കടയിലെ ലീഗ് വിമത സ്ഥാനാര്‍ത്ഥി കുന്നത്ത് മുഹമ്മദ്. മങ്കടയില്‍ പൊതുസ്വതന്ത്രന്‍ ആയാണ് മത്സരിക്കുന്നത്. എല്ലാവരുടെയും പിന്തുണ അഭ്യര്‍ത്ഥിക്കുന്നു. ചില കാര്യങ്ങള്‍ പറയാനുണ്ട്, നാളെ വിശദമായി സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് സ്ഥാനാര്‍ത്ഥി മഞ്ഞളാംകുഴി അലിക്കെതിരെയാണ് ലീഗ് മുൻ മണ്ഡലം പ്രസിഡന്റ് കൂടിയായിരുന്ന കുന്നത്ത് മുഹമ്മദ് സ്വതന്ത്രനായി മത്സരിക്കുന്നത്. നേരത്തെ അലിക്കെതിരെ പ്രതിഷേധിച്ചതിന് കുന്നത്ത് മുഹമ്മദിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇന്ന് രാവിലെയാണ് കുന്നത്ത് മുഹമ്മദ് മലപ്പുറം ഡെപ്യൂട്ടി കളക്ടർക്ക് മുൻപാകെ നാമനിർദേശ പത്രിക സമർപ്പിച്ചത്. സമസ്ത ജനറൽ സെക്രട്ടറി പ്രഫ. ആലിക്കുട്ടി മുസ്ല്യാർ ആണ് കുന്നത്ത് മുഹമ്മദിന് കെട്ടിവെയ്ക്കാൻ പണം നൽകിയത്.
അതേസമയം, കൊഴിഞ്ഞുപോക്ക് തടയാന്‍ അടിയന്തര നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. അസംതൃപ്തര്‍ക്ക് പദവികള്‍ നല്‍കി അവരെ പാര്‍ട്ടിയോട് ചേര്‍ത്തുനിര്‍ത്താനാണ് നീക്കം. ഇടഞ്ഞു നില്‍ക്കുന്ന നേതാക്കളെ കേള്‍ക്കാനും തീരുമാനിച്ചു. വിമത ശബ്ദം ഉയര്‍ത്തിയാല്‍ പിന്നാലെ അനുനയനീക്കം നടത്തും. എല്ലാവരെയും ചേര്‍ത്ത് നിര്‍ത്താനാണ് തീരുമാനം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ തുടര്‍ന്ന് പല യുവനേതാക്കളും പാര്‍ട്ടി വിടുന്ന സാഹചര്യത്തിലാണ് നീക്കം. എഐസിസി നിരീക്ഷകരായ സച്ചിന്‍ പൈലറ്റ് ഉള്‍പ്പെടെ ഉടന്‍ കേരളത്തില്‍ എത്തും.
Content Highlights: League rebel candidate in Kunnath Muhammed says he will accept anyone's support including BJP