

കണ്ണൂർ: ഓരോ തോൽവിയ്ക്ക് പിന്നാലെയും പാർട്ടിയിൽ പ്രമോഷൻ ലഭിക്കുന്നു എന്ന സണ്ണി ജോസഫിന്റെ പരിഹാസത്തിന് മറുപടിയുമായി കെ കെ ശൈലജ. നാമനിർദേശ പത്രിക സമർപ്പണത്തിന് എത്തിയപ്പോഴായിരുന്നു പേരാവൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായ കെ കെ ശൈലജയുടെ പ്രതികരണം. നിയമസഭയിൽ എല്ലാവരും തോറ്റിട്ടും ജയിച്ചിട്ടുമുണ്ടെന്നും സംഘടനയുടെ പ്രവർത്തനത്തിന്റെ ഭാഗമായാണ് പ്രൊമോഷൻസുമെന്നാണ് കെ കെ ശൈലജ പ്രതികരണം. പരിഹസിക്കുന്നത് ഓരോരുത്തരുടെയും സ്വഭാവ സവിശേഷതയാണെന്നും അവർ പറഞ്ഞു.
'പൊളിറ്റ് ബ്യൂറോയിൽ എത്തുന്നത് വലിയ കാര്യമാണ്. നിയമസഭയിൽ എല്ലാവരും തോറ്റിട്ടും ജയിച്ചിട്ടുണ്ട്. സംഘടനയുടെ പ്രവർത്തനത്തിന്റെ ഭാഗമായാണ് പ്രൊമോഷൻസ് വരുന്നത്. സ്വാഭാവികമായാണ് കേന്ദ്രകമ്മിറ്റിയിൽ എത്തിയത്. പേരാവൂരിൽ ഞാൻ മുൻപും ജയിച്ചിട്ടുണ്ട്. സണ്ണി ജോസഫ് പറയുന്നത് പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ കാര്യമായിരിക്കും. അസംബ്ലി തിരഞ്ഞെടുപ്പിലെ പാറ്റേൺ അതല്ല. പരിഹസിക്കുന്നത് ഓരോരുത്തരുടെയും സ്വഭാവ സവിശേഷതയാണ്,' കെ കെ ശൈലജ പറഞ്ഞു. പേരാവൂരിൽ പൂർണ്ണ വിജയ പ്രതീക്ഷയുണ്ടെന്ന് പറഞ്ഞ കെ കെ ശൈലജ പേരാവൂരിന് വേണ്ടി മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.
വടകരയിൽ തോറ്റപ്പോൾ കെ കെ ശൈലജ കേന്ദ്ര കമ്മിറ്റിയിലെത്തി, ഇത്തവണ പോളിറ്റ് ബ്യൂറോയിലെത്തും എന്നായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥിയും കെപിസിസി പ്രസിഡന്റുമായ സണ്ണി ജോസഫ് നേരത്തെ പറഞ്ഞത്.
2006 മുതൽ 2011 വരെ പേരാവൂർ എംഎൽഎയായിരുന്നു ശൈലജ. പിന്നീട് നിലവിലെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പേരാവൂരിൽ നിന്ന് മൂന്ന് തവണ എംഎൽഎയായി. കെ കെ ശൈലജയിലൂടെ ഇപ്രാവശ്യം പേരാവൂർ പിടിച്ചെടുക്കാൻ എന്ന പ്രതീക്ഷയിലാണ് എൽഡിഎഫ് പ്രവർത്തകർ.
ഇടതുപക്ഷത്തിന് അപൂർവ്വമായി മാത്രം വിജയിക്കാൻ സാധിച്ചിട്ടുള്ള മണ്ഡലമാണ് പേരാവൂർ. സിപിഐഎമ്മിന് ഒരിക്കൽ മാത്രമാണ് പേരാവൂരിൽ നിന്ന് പാർട്ടി ചിഹ്നത്തിൽ വിജയിക്കാൻ സാധിച്ചിട്ടുള്ളത്. സിപിഐഎം ചിഹ്നത്തിൽ മത്സരിച്ച കെ കെ ശൈലജ 2006ലാണ് ഇവിടെ സിപിഐഎമ്മിനായി ആദ്യ വിജയം കുറിച്ചത്. 2011ൽ കെ കെ ശൈലജയെ പരാജയപ്പെടുത്തിയ സണ്ണി ജോസഫാണ് കഴിഞ്ഞ മൂന്ന് ടേമായി പേരാവൂരിൽ നിന്ന് വിജയിക്കുന്നത്. 2016ൽ 7989 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു സണ്ണി ജോസഫിന്റെ വിജയം. 2021ൽ സണ്ണി ജോസഫിന്റെ ഭൂരിപക്ഷം 3172 ആയി കുറഞ്ഞിരുന്നു.
ഇരിട്ടി നഗരസഭ അടക്കം പേരാവൂർ മണ്ഡലത്തിൽ വരുന്ന ഒൻപത് തദ്ദേശ സ്ഥാപനങ്ങളിൽ നാലിടത്ത് എൽഡിഎഫും അഞ്ചിടത്ത് യുഡിഎഫുമാണ് ഭരണത്തിലുള്ളത്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ ലോക്‌സഭാ മണ്ഡലതത്തിന്റെ ഭാഗമായ പേരാവൂർ നിയമസഭാ മണ്ഡലത്തിൽ 23,481 വോട്ടിന്റെ ഭൂരിപക്ഷമാണ് യുഡിഎഫ് നേടിയത്.
Content Highlights: K K Shailaja reacts to Sunny Joseph's comment about election failures and promotion in CPIM