

കണ്ണൂർ: സീറ്റിനെ ചൊല്ലി പാർട്ടിയുമായി ഇടഞ്ഞ് നിൽക്കുന്ന കെ സുധാകരനെ പിന്തുണച്ച് കൂടുതൽ കോൺഗ്രസ് നേതാക്കൾ രംഗത്ത്. കെ സുധാകരൻ തനിച്ചല്ലെന്നും ഹൈക്കമാൻഡ് അനുകൂല തീരുമാനം കൈക്കൊള്ളണമെന്നും കെപിസിസി അംഗവും യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എംപി ആദം മുൽസി ഫേസ്ബുക്കിൽ കുറിച്ചു.
ജി സുധാകരനടക്കമുളളവരോട് കാണിക്കുന്ന താൽപര്യം കെ സുധാകരന് നൽകണം. ഹൈക്കമാന്റ് അനുകൂല തീരുമാനം കൈക്കൊളളണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
'പാർട്ടി പ്രവർത്തകരുടെ അഭിമാനം സംരക്ഷിക്കാൻ ഏതറ്റം വരെയും പോരാടുന്ന കെ സുധാകരനെ അധികാരമോഹിയാക്കി താഴ്ത്തി കെട്ടാൻ ശ്രമിക്കുന്നവർ മനസ്സിലാക്കണം, 2011ൽ താൻ സിപിഐഎമ്മിൽ നിന്നും കൊണ്ടു വന്ന ആൾക്ക് കണ്ണൂർ സീറ്റ് നൽകി സംരക്ഷണം നൽകി. സിപിഐഎം കേന്ദ്രമായ ഉദുമയിൽ പോയി മത്സരിച്ചു. 2016 ൽ പാർട്ടി അവഗണനകളാൽ തനിച്ചായ മൺമറഞ്ഞുപോയ സതീശൻ പാച്ചേനിയെ ചേർത്ത് പിടിച്ച് കണ്ണൂരിൽ അവസരം നൽകി. 2021ൽ വീണ്ടും പാച്ചേനിക്കായി ഉറച്ച നിലപാട്. ജി സുധാകരനടക്കമുളളവരോട് കാണിക്കുന്ന താൽപര്യം കെ സുധാകരന് നൽകണം. ഹൈക്കമാന്റ് അനുകൂല തീരുമാനം കൈകൊളളണം' എന്ന് കുറിപ്പിൽ പറയുന്നു.
എംപിമാർ മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് തീരുമാനത്തിന് പിന്നാലെ പാർട്ടി വിടാനൊരുങ്ങുകയാണ് കെ സുധാകരൻ. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ അദ്ദേഹം ഫോണിൽ വിളിച്ചതായും 'നിങ്ങൾ നിങ്ങളുടെ വഴിക്ക് നടക്ക്, ഞാൻ എന്റെ വഴിക്ക് നടക്കാം' എന്ന് കെ സുധാകരൻ അറിയിച്ചതായുമാണ് വിവരം.
കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ കെ സുധാകരനെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്താത്തതിനെതിരെ സുധാകരന്‍ അനുയായികളുടെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനെതിരെ പേരാവൂരില്‍ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. കെ എസ് ബ്രിഗേഡിന്റെ പേരിലായിരുന്നു താക്കീത്. 'നന്ദി ഇല്ലെങ്കിലും നന്ദികേട് ആവരുത് സണ്ണീ… തിരിച്ചടി നേരിടേണ്ടിവരും… ശ്രീ കെ സുധാകരന് അഭിവാദ്യങ്ങള്‍' എന്നായിരുന്നു പോസ്റ്ററിലെ വാക്കുകള്‍. പേരാവൂര്‍ മണ്ഡലത്തിലെ അയ്യന്‍കുന്നിലാണ് പോസ്റ്റര്‍ പതിച്ചത്. ഇന്നലെ രാത്രി കണ്ണൂര്‍ ഡിസിസി പരിസരത്തേക്ക് കെ സുധാകരന്‍ അനുകൂലികളുടെ പന്തംകൊളുത്തി പ്രകടനവും നടന്നിരുന്നു. 'കണ്ണേ കരളേ കെഎസേ, നമ്മുടെ ഓമന നേതാവെ, അല്ലറ ചില്ലറ നേതാവല്ല, ഇതാണ് നമ്മുടെ നേതാവ്' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ടായിരുന്നു സുധാകരന്‍ അനുകൂലികളുടെ പ്രകടനം.
പറഞ്ഞ വാക്ക് നേതൃത്വം പാലിച്ചില്ലെന്നാണ് സുധാകരന്‍ അനുകൂലികളുടെ വികാരം. പേരാവൂരിലും നിലപാട് കടുപ്പിക്കുമെന്നാണ് മുന്നറിയിപ്പ്. സണ്ണി ജോസഫിനെതിരെയും വിമത സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കിയേക്കും.
Content Highlights: congress leader M P Adam Mulsi supports K Sudhakaran, he says will stand and support K Sudhakaran and congress high command should take Favorable decision on this