

കൊച്ചി: അറിയിപ്പ് വരുന്നത് വരെ മത്സരിക്കാന്‍ തയ്യാറെന്ന് ദീപ്തി മേരി വര്‍ഗീസ്. നോമിനേഷന്‍ ഫില്‍ ചെയ്ത് കഴിഞ്ഞെന്നും ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു. അറിയിപ്പ് പ്രതീക്ഷിച്ച് ഇരിക്കുകയാണെന്നും ദീപ്തി വ്യക്തമാക്കി. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ ഒരുപാട് ഫ്‌ളക്‌സുകള്‍ കൊച്ചിയില്‍ ഉണ്ടെന്നും ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു.
'ഒരുങ്ങണം എന്ന് നേതൃത്വത്തില്‍ നിന്ന് നിര്‍ദേശം ഉണ്ടായിരുന്നു. അതുകൊണ്ടാണ് തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിച്ചത്. എന്റെ പേര് ഇല്ലെങ്കില്‍ തിരിച്ചടിയാണ് എന്ന് കരുതുന്നില്ല. എന്നെ ആരെങ്കിലും വെട്ടുന്നു എന്ന് തോന്നുന്നില്ല. തൃക്കാക്കര ആണ് ഞാന്‍ ചോദിച്ചിരുന്നത്. മറ്റൊരു ഓപ്ഷന്‍ ആണ് എന്ന് പാര്‍ട്ടി പറഞ്ഞു. അങ്ങനെയാണ് കൊച്ചിയില്‍ ഒരുക്കം തുടങ്ങിയത്', ദീപ്തി പറഞ്ഞു.
അതേസമയം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഏറെക്കുറെ പൂര്‍ത്തിയായി. കൊച്ചിയില്‍ എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് ജനവിധി തേടുകയെന്നാണ് സൂചന. ദീപ്തി മേരി വര്‍ഗീസിന്റെ പേരും കൊച്ചിയിലേക്ക് ഉയര്‍ന്നുകേട്ടിരുന്നെങ്കിലും ഒടുവില്‍ നേതൃത്വം ഷിയാസിലേക്ക് തന്നെ എത്തുകയായിരുന്നു. തൃപ്പൂണിത്തുറയില്‍ ഇതുവരെ തീരുമാനമായിട്ടില്ല. പെരുമ്പാവൂരില്‍ സിറ്റിംഗ് എംഎല്‍എ ആ എല്‍ദോസ് കുന്നപ്പിളളിയ്ക്ക് സീറ്റില്ല. പകരം പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ പ്രഖ്യാപനമുണ്ടാകും എന്നാണ് സൂചന.
എംപിമാരായ കെ സുധാകരനും അടൂര്‍ പ്രകാശിനും നിയമസഭയില്‍ മത്സരിക്കാന്‍ ഹൈക്കമാന്‍ഡ് അനുമതി നല്‍കിയില്ല. കണ്ണൂരില്‍ സുധാകരന്‍ സ്വതന്ത്രനായി മത്സരിച്ചേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. 12 മണിക്ക് വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപനം ഉണ്ടായേക്കും. ബിജെപി നേതാക്കളും സുധാകരനെ സമീപിച്ചിട്ടുണ്ട്. ബിജെപി നേതാക്കളുമായി കെ സുധാകരനുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവര്‍ സംസാരിച്ചു. എന്‍ഡിഎ മുന്നണിയിലേക്കുള്ള പ്രവേശനം ഉറപ്പിക്കാനാണ് കെ സുധാകരന്റെ നീക്കം. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ അദ്ദേഹം ഫോണില്‍ വിളിച്ചതായും 'നിങ്ങള്‍ നിങ്ങളുടെ വഴിക്ക് നടക്ക്, ഞാന്‍ എന്റെ വഴിക്ക് നടക്കാം' എന്ന് കെ സുധാകരന്‍ അറിയിച്ചതായുമാണ് വിവരം.
Content Highlights: Deepthi Mary Varghese about Kochi candidacy