

കൊച്ചി: കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്നുള്ള രാജി പിന്‍വലിച്ച് അലോഷ്യസ് സേവ്യര്‍. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഇടപെട്ട് രാജി പിന്‍വലിപ്പിക്കുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാമെന്ന കെ സി വേണുഗോപാലിന്റെ ഉറപ്പിലാണ് രാജിയില്‍ നിന്നും പിന്മാറിയതെന്നാണ് വിവരം. അലോഷ്യസ് പാര്‍ട്ടി വിടുമെന്ന സൂചനയെത്തുടര്‍ന്നാണ് കെ സി വേണുഗോപാലിന്റെ ഇടപെടലെന്നും വിവരമുണ്ട്.
അതിനിടെ അധ്യക്ഷ പദവിയില്‍ നിന്നും രാജി നല്‍കിയെന്ന വാര്‍ത്ത അവാസ്തവമെന്ന് അലോഷ്യസ് സേവ്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഹൃദയത്തുടിപ്പാണ് കെഎസ്‌യു എന്നും ഇക്കാലമത്രയും സംഘടനയ്ക്ക് വേണ്ടിയാണ് പ്രവര്‍ത്തിച്ചത്, മറിച്ചത് സ്വന്തം നേട്ടത്തിന് വേണ്ടി അല്ലെന്നുമാണ് അലോഷ്യസ് ഫേസ്ബുക്കില്‍ കുറിച്ചത്.
'കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് ചുമതലയില്‍ നിന്നും രാജി നല്‍കിയെന്ന വാര്‍ത്തകള്‍ അവാസ്തവം. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് ആയനാള്‍ മുതല്‍ ഇന്നുവരെ, എനിക്കു വേണ്ടിയോ എന്റെ പേരിനു വേണ്ടിയോ ഒന്നും ചെയ്തിട്ടില്ല….!പ്രവര്‍ത്തനം ആകെയും സംഘടനക്ക് വേണ്ടിയായിരുന്നു…! ഇടുക്കിയുടെ മലയോര മേഖലയില്‍ നിന്നും വരുന്ന എന്നെ സമ്പാദിച്ചടുത്തോളം ഓരോ നിമിഷവും പോരാട്ടങ്ങളുടേത് ആയിരുന്നു…! ഓരോ വാക്കിലും നോക്കിലും പ്രവര്‍ത്തിയിലും കെഎസ്‌യു നിന്റെ മുന്നേറ്റവും പാര്‍ട്ടി അധികാരത്തില്‍ വരിക എന്നതും ആയിരുന്നു എന്റെ ജീവിതത്തിന്റെ ആഹാരം…! എന്റെ സഹപ്രവര്‍ത്തകര്‍ പോലീസ് ന്റ അക്രമം ഏറ്റുവാങ്ങുമ്പോഴും സിപിഎം ക്രിമിനലുകളാല്‍ വേട്ടയാടാപെടുമ്പോഴും…! സഹപ്രവര്‍ത്തകരുടെ വികാരം എന്റെ ഹൃദയ വികാരമായി കണ്ടാണ് ഞാന്‍ മുന്‍പോട്ട് പോയത്…! വാര്‍ത്തകള്‍ ഇപ്പോളാണ് ശ്രദ്ധയില്‍ പെട്ടത്, വാര്‍ത്തകള്‍ അല്ലല്ലോ വസ്തുതകള്‍…!എന്റെ ഹൃദയ തുടിപ്പാണ് കെഎസ്‌യു…! എന്നിലെ ജീവ ശ്വാസമാണ് എന്റെ പാര്‍ട്ടി…!' എന്നാണ് അലോഷ്യസിന്റെ പോസ്റ്റ്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിച്ചേക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ കെഎസ്‌യു സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്നും രാജിവെച്ചുകൊണ്ടുള്ള അലോഷ്യസിന്റെ കത്ത് പുറത്തുവന്നിരുന്നു. കെഎസ്‌യു സംസ്ഥാന ഭാരവാഹികളെ സ്ഥാനാര്‍ത്ഥിത്വത്തിനായി പരിഗണിച്ചില്ലെന്നും അര്‍ഹമായ പ്രാതിനിധ്യം നല്‍കിയില്ലെന്നും സൂചിപ്പിച്ചായിരുന്നു അലോഷ്യസ് എന്‍എസ്‌യു ദേശീയ അധ്യക്ഷന് രാജിക്കത്ത് നല്‍കിയത്.
അലോഷ്യസ് സേവ്യര്‍ ഉള്‍പ്പെടെ അഞ്ച് പേരുകളാണ് കെഎസ്യു നിര്‍ദേശിച്ചത്. കഴിഞ്ഞ തവണ സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പെടെ രണ്ട് ഭാരവാഹികളെ മത്സരിപ്പിച്ചിരുന്നു.ഇടുക്കി, പീരുമേട് മണ്ഡലങ്ങളില്‍ നിന്നായിരുന്നു അലോഷ്യസിനെ പരിഗണിച്ചിരുന്നത്. പീരുമേട്ടില്‍ പരിഗണിക്കുന്നതില്‍ പ്രാദേശിക നേതൃത്വം എതിര്‍പ്പ് അറിയിക്കുകയായിരുന്നു. ട്രേഡ് യൂണിയന്‍ രംഗത്ത് പ്രവര്‍ത്തിച്ച് പരിചയമുള്ള ആളെ മതിയെന്ന് പ്രാദേശിക നേതൃത്വം നിലപാട് എടുത്തിരുന്നു. തുടര്‍ന്നാണ് ഇടുക്കി മണ്ഡലത്തില്‍ പരിഗണിച്ചത്. ഇടുക്കിയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പട്ടികയില്‍ ഉള്ളതിനാല്‍ ഇടുക്കിയിലും തഴയപ്പെടുകയായിരുന്നു.
Content Highlights: Aloshious Xavier withdrews resignation From KSU President Post