'വിസ്മയമാണ് ലീഗ്, മലപ്പുറവും കോഴിക്കോടും വളര്‍ന്നാല്‍ മതിയെന്ന് ചിന്ത'; പ്രതിഷേധവുമായി പാലക്കാട്ടെ പ്രവർത്തകർ

കോങ്ങാട് സീറ്റ് കോണ്‍ഗ്രസിന് വിട്ട് നല്‍കിയിട്ടും പട്ടാമ്പി സീറ്റ് ലഭിക്കാത്തതിലാണ് പ്രതിഷേധം

'വിസ്മയമാണ് ലീഗ്, മലപ്പുറവും കോഴിക്കോടും വളര്‍ന്നാല്‍ മതിയെന്ന് ചിന്ത'; പ്രതിഷേധവുമായി പാലക്കാട്ടെ പ്രവർത്തകർ
dot image

പാലക്കാട്: മുസ്‌ലിം ലീഗ് പാലക്കാട് ജില്ലാ നേതൃത്വത്തിന് എതിരെ പ്രത്യക്ഷ പ്രതിഷേധവുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍. കോങ്ങാട് സീറ്റ് കോണ്‍ഗ്രസിന് വിട്ട് നല്‍കിയിട്ടും പട്ടാമ്പി സീറ്റ് ലഭിക്കാത്തതിലാണ് പ്രതിഷേധം. രണ്ട് സീറ്റ് ഒരു സീറ്റാക്കി ചുരുക്കാന്‍ അഹോരാത്രം പണിയെടുത്ത ജില്ലാ ലീഗ് കമ്മറ്റി അഭിവാദ്യങ്ങളെന്നാണ് പ്രവര്‍ത്തകര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ പരിഹസിക്കുന്നത്.

വിസ്മയമാണ് പാലക്കാട്ടെ മുസ്‌ലിം ലീഗെന്നും പരിഹാസമുണ്ട്. ലീഗ് മലപ്പുറത്തും കോഴിക്കോടും മാത്രം വളര്‍ന്നാല്‍ മതി എന്ന ചിന്തയാണെന്നും പാലക്കാട്ടെ ലീഗുകാര്‍ക്ക് എന്നും കറവപശുവിന്റെ പണിയാണെന്നുമുള്ള പരിഹാസങ്ങളും വിമര്‍ശനങ്ങളുമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഉയരുന്നത്.

'എന്റെ പാര്‍ട്ടി മത്സരിക്കുന്ന കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം എന്നീ ജില്ലകളില്‍ എല്ലാം അവിടെ ഉള്ള ആളുകളാണ് സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ ഉള്ളത്. പക്ഷേ എന്റെ ജില്ലയായ പാലക്കാട് ജില്ലയില്‍ പാര്‍ട്ടിക്ക് ഉണ്ടായിരുന്ന രണ്ടില്‍ ഒരു സീറ്റ് വിട്ട് കൊടുക്കുകയും ചെയ്ത് സിറ്റിംഗ് സീറ്റായ ഒരു സീറ്റില്‍ മലപ്പുറം ജില്ലയില്‍ നിന്നും ആള് വന്ന് നാലാം തവണയും മത്സരിക്കുന്നു…ലീഗ് പ്രസ്ഥാനം മലപ്പുറവും കോഴിക്കോടും മാത്രം വളര്‍ന്നാല്‍ മതി എന്ന ചിന്ത വളരെ ഒരു ഇതാണ്? ഇതിനെല്ലാം കുട പിടിച്ച് കൂട്ട് നിന്ന എന്റെ ജില്ലാ ലീഗ് കമ്മറ്റിയെ അഹോരാത്രം അഭിനന്ദിക്കുന്നു.. പാലക്കാട്ടെ ലീഗുകാരായ നമുക്ക് എന്നും കറവപശുവിന്റെ പണിയെടുക്കാം. വിസ്മയിപ്പിക്കുകയാണ് എന്റെ ലീഗ്', എന്നാണ് നദീര്‍ പണങ്ങാടന്‍ എന്ന പ്രവര്‍ത്തകന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

ലീഗില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ നേതാക്കള്‍ക്കും അതൃപ്തിയുണ്ട്. ഫാത്തിമ തഹലിയയെയും ജയന്തി രാജനെയും സ്ഥാനാര്‍ത്ഥിയാക്കിയതിന് പിന്നാലെ പരസ്യ പ്രതികരണവുമായി വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി നൂര്‍ബിന റഷീദ് രംഗത്തെത്തി. സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് വനിതാ ലീഗിനെ പൂര്‍ണമായും തഴഞ്ഞെന്നാണ് നൂര്‍ബിനയുടെ ആരോപണം. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ വനിതാ ലീഗിന് അര്‍ഹമായ പ്രാധാന്യം ലഭിച്ചില്ലെന്നും പരസ്യപ്രതികരണം നടത്തുന്നതിന് മുമ്പ് വിഷയം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും നൂര്‍ബീന റഷീദ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

അതേസമയം ലീഗിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കടുത്ത വിമര്‍ശനവുമായി മുതിര്‍ന്ന നേതാവും മുന്‍ എംഎല്‍എയുമായ അബ്ദുറഹിമാന്‍ രണ്ടത്താണിയും രംഗത്തെത്തിയിട്ടുണ്ട്. ചിലരുടെ താല്‍പര്യത്തിനായി അര്‍ഹതപ്പെട്ടവരെ തഴഞ്ഞ് സമീപകാലത്ത് പ്രത്യക്ഷപ്പെട്ടയാളെ തിരൂരങ്ങാടിയില്‍ സ്ഥാനാര്‍ത്ഥിയാക്കിയെന്നാണ് അബ്ദുറഹിമാന്‍ രണ്ടത്താണിയുടെ ആരോപണം. പി കെ കുഞ്ഞാലിക്കുട്ടിയുടെ അടുത്ത ആളായാണ് പിഎംഎ സമീര്‍ അറിയപ്പെടുന്നത്. കുഞ്ഞാലിക്കുട്ടിയുടെ താല്‍പ്പര്യമാണ് പിഎംഎ സമീറിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നിലെന്ന പരോക്ഷ ആക്ഷേപമാണ് അബ്ദുറഹിമാന്‍ രണ്ടത്താണി പങ്കുവെച്ചത്.

കഴിഞ്ഞ ദിവസമാണ് ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക മുസ്‌ലിം ലീഗ് പ്രഖ്യാപിച്ചത്. 25 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. മലപ്പുറത്ത് പി കെ കുഞ്ഞാലിക്കുട്ടിയാണ് മത്സരിക്കുക. മഞ്ചേശ്വരത്ത് എ കെ എം അഷറഫ്, കാസര്‍കോട് കല്ലട്ര മായിന്‍ ഹാജി, അഴീക്കോട് കരീം ചേലേരി, കൂത്തുപറമ്പില്‍ ജയന്തി രാജന്‍, കുറ്റ്യാടിയില്‍ പാറക്കല്‍ അബ്ദുളള, പേരാമ്പ്രയില്‍ ഫാത്തിമ തഹലിയ, തിരുവമ്പാടിയില്‍ കാസിം കൂടരഞ്ഞി, കൊടുവളളിയില്‍ പി കെ ഫിറോസ്, കുന്നമംഗലത്ത് റസാക്ക് മാസ്റ്റര്‍, കോഴിക്കോട് സൗത്തില്‍ അഡ്വ. ഫൈസല്‍ ബാബു, വളളിക്കുന്നില്‍ ടി വി ഇബ്രാഹിം, കൊണ്ടോട്ടിയില്‍ ടി പി അഷ്റഫ് അളി, മഞ്ചേരിയില്‍ അഡ്വ. റഹ്‌മത്തുളള, ഏറനാട് പി കെ ബഷീര്‍, മങ്കടയില്‍ മഞ്ഞളാംകുഴി അലി, പെരിന്തല്‍മണ്ണയില്‍ നജീബ് കാന്തപുരം, വേങ്ങരയില്‍ കെ എം ഷാജി, കോട്ടക്കലില്‍ ആബിദ് ഹുസൈന്‍ തങ്ങള്‍, തിരൂരില്‍ കുറുക്കോളി മൊയ്തീന്‍, താനൂരില്‍ പി കെ നവാസ്, തിരൂരങ്ങാടിയില്‍ പി എം എ സമീര്‍, മണ്ണാര്‍ക്കാട് എന്‍ ഷംസുദ്ദീന്‍, ഗുരുവായൂര്‍ സി എച്ച് റഷീദ്, കളമശേരി അഡ്വ. വി ഇ അബ്ദുള്‍ ഗഫൂര്‍ എന്നിങ്ങനെയാണ് ലീഗിന്റെ സ്ഥാനാര്‍ത്ഥികള്‍. രണ്ട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കും.

Content Highlights: Muslim League workers protest in Palakkad

dot image
To advertise here,contact us
dot image