തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് എം കെ മുനീര്‍ സ്വയം മാറിനിന്നത്: സാദിഖലി ശിഹാബ് തങ്ങള്‍

ആരുംതന്നെ അവകാശവാദം ഉന്നയിച്ച് വന്നിട്ടില്ലെന്നും പാര്‍ട്ടി തീരുമാനിക്കുന്നത് അനുസരിക്കാന്‍ തയ്യാറാണെന്നാണ് എല്ലാവരും പറഞ്ഞതെന്നും സാദിഖലി തങ്ങള്‍ വ്യക്തമാക്കി

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് എം കെ മുനീര്‍ സ്വയം മാറിനിന്നത്: സാദിഖലി ശിഹാബ് തങ്ങള്‍
dot image

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും എം കെ മുനീര്‍ സ്വയം മാറിനിന്നതാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖ് അലി ഷിഹാബ് തങ്ങള്‍. എം കെ മുനീര്‍ ഉള്‍പ്പെടെയുളള നേതാക്കളുമായി കൂടിയാലോചിച്ചാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചതെന്നും പ്രഖ്യാപനത്തിന് മുന്നേ തന്നെ അദ്ദേഹവുമായി ആശയവിനിമയം നടത്തിയിരുന്നെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. കാര്യങ്ങള്‍ നല്ല നിലയില്‍ പോകട്ടെ, താന്‍ മാറി നില്‍ക്കുന്നതാണ് നല്ലത് എന്നാണ് മുനീര്‍ പറഞ്ഞതെന്നും അദ്ദേഹം വളരെ തൃപ്തനാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. ആരുംതന്നെ അവകാശവാദം ഉന്നയിച്ച് വന്നിട്ടില്ലെന്നും പാര്‍ട്ടി തീരുമാനിക്കുന്നത് അനുസരിക്കാന്‍ തയ്യാറാണെന്നാണ് എല്ലാവരും പറഞ്ഞതെന്നും സാദിഖലി തങ്ങള്‍ വ്യക്തമാക്കി. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളുമായും സമയമെടുത്ത് തന്നെ കൂടിയാലോചന നടത്തിയിട്ടുണ്ട്. മണ്ഡലം തലങ്ങളിലും ജില്ലാ തലങ്ങളിലും പഞ്ചായത്ത് തലങ്ങളിലും വരെ നേതാക്കന്മാരുമായി കൂടിയാലോചന നടത്തി. അവരുടെ അഭിപ്രായങ്ങളൊക്കെ പരിഗണിച്ചു. ചെറുപ്പക്കാരാണ് കൂടുതലും വോട്ടര്‍മാരായി ഉളളത്. അതുകൊണ്ടുതന്നെ അവര്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കണമെന്ന് പാര്‍ട്ടിക്ക് നേരത്തെ തന്നെ തീരുമാനമുണ്ടായിരുന്നു. ആരുംതന്നെ നേരത്തെ അവകാശവാദം ഉന്നയിച്ച് വന്നിട്ടില്ല. പാര്‍ട്ടി എന്താണോ തീരുമാനിക്കുന്നത് അത് അനുസരിക്കാന്‍ തയ്യാറാണ് എന്ന നിലയ്ക്കാണ് എല്ലാവരും ഇങ്ങോട്ട് തന്നെ പറഞ്ഞത്. പാര്‍ട്ടി തീരുമാനത്തോട് ആരും അതൃപ്തി പ്രകടിപ്പിച്ചിട്ടില്ല' എന്നാണ് സാദിഖ് അലി തങ്ങള്‍ പറഞ്ഞത്.

മുസ്‌ലിം ലീഗ് ഫാത്തിമ തഹലിയയെയും ജയന്തി രാജനെയും സ്ഥാനാർത്ഥിയാക്കിയതിന് പിന്നാലെ വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി നൂർബിന റഷീദ്  അതൃപ്തി പ്രകടമാക്കി രംഗത്തെത്തിയിരുന്നു. സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് വനിതാ ലീഗിനെ പൂർണമായും തഴഞ്ഞെന്നാണ് നൂർബിനയുടെ ആരോപണം. സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ വനിതാ ലീഗിന് അർഹമായ പ്രാധാന്യം ലഭിച്ചില്ലെന്നും പരസ്യപ്രതികരണം നടത്തുന്നതിന് മുമ്പ് വിഷയം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും നൂർബീന റഷീദ് റിപ്പോർട്ടറിനോട് പറഞ്ഞു.

ലീഗിലെ സ്ഥാനാർത്ഥി നിർണയത്തിൽ കടുത്ത വിമർശനവുമായി മുതിർന്ന നേതാവും മുൻ എംഎൽഎയുമായ അബ്ദുറഹിമാൻ രണ്ടത്താണിയും രംഗത്ത് വന്നിരുന്നു. ചിലരുടെ താല്പര്യത്തിനായി അർഹതപ്പെട്ടവരെ തഴഞ്ഞ് സമീപകാലത്ത് പ്രത്യക്ഷപ്പെട്ടയാളെ തിരൂരങ്ങാടിയിൽ സ്ഥാനാർത്ഥിയാക്കിയെന്നാണ് അബ്ദുറഹിമാൻ രണ്ടത്താണിയുടെ ആരോപണം. പി കെ കുഞ്ഞാലിക്കുട്ടിയുടെ അടുത്ത ആളായാണ് പിഎംഎ സമീർ അറിയപ്പെടുന്നത്. കുഞ്ഞാലിക്കുട്ടിയുടെ താൽപ്പര്യമാണ് പിഎംഎ സമീറിന്റെ സ്ഥാനാർത്ഥിത്വത്തിന് പിന്നിലെന്ന പരോക്ഷ ആക്ഷേപമാണ് അബ്ദുറഹിമാൻ രണ്ടത്താണി പങ്കുവെച്ചത്.

Content Highlights: MK Muneer recused himself from contesting the elections: Sadiqali Shihab Thangal

dot image
To advertise here,contact us
dot image