വെള്ളാപ്പള്ളിയെ വീട്ടിലെത്തി കണ്ട് സുധാകരൻ; നല്ല മന്ത്രിയായിരുന്നു, ജനകീയനുമെന്ന് വെള്ളാപ്പള്ളിയുടെ പുകഴ്ത്തൽ

ജില്ലയിൽ സ്വാധീനമുള്ള മാന്യ വ്യക്തിയാണ് ജി സുധാകരനെന്ന് വെള്ളാപ്പള്ളി നടേശൻ

വെള്ളാപ്പള്ളിയെ വീട്ടിലെത്തി കണ്ട് സുധാകരൻ; നല്ല മന്ത്രിയായിരുന്നു, ജനകീയനുമെന്ന് വെള്ളാപ്പള്ളിയുടെ പുകഴ്ത്തൽ
dot image

ആലപ്പുഴ: സിപിഐഎമ്മുമായി ഇടഞ്ഞ് സ്വതന്ത്ര സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച ജി സുധാകരൻ വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി. ആലപ്പുഴ കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളി നടേശന്റെ വീട്ടിലാണ് ജി സുധാകരൻ എത്തിയത്. അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുന്ന ജി സുധാകരനെ കോൺഗ്രസ് പിന്തുണയ്ക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് സന്ദർശനം. കൂടിക്കാഴ്ച 20 മിനുട്ട് നീണ്ടു. സന്ദർശനത്തെ കുറിച്ച് മാധ്യമങ്ങൾ ചോദിച്ചെങ്കിലും ജി സുധാകരൻ പ്രതികരിച്ചില്ല. വെള്ളാപ്പള്ളിയുടെ വീട്ടിൽനിന്നും ഇറങ്ങിയ ജി സുധാകരൻ ഇന്ന് എൻഎസ്എസ് ആസ്ഥാനമായ പെരുന്നയിലെത്തി ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ കാണുമെന്നാണ് വിവരം.

സ്ഥാനാർത്ഥിയായി നിൽക്കാൻ പോകുകയാണെന്ന് ജി സുധാകരൻ തന്നോട് പറഞ്ഞുവെന്ന് വെള്ളാപ്പള്ളി നടേശൻ സന്ദർശനത്തിന് പിന്നാലെ മാധ്യമങ്ങളോട് വ്യക്തമാക്കി. അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വത്തെ കുറിച്ച് ഇപ്പോൾ ഒന്നും പറയുന്നില്ല. എസ്എൻഡിപിയുടെ നിലപാട് അമ്പലപ്പുഴയിൽ മാത്രമല്ല, ആകെയാണ്. സ്ഥാനാർത്ഥികളെ എല്ലാം നിർണയിക്കട്ടെ എന്നിട്ട് പിന്തുണ സംബന്ധിച്ചെല്ലാം മറുപടി പറയാം. ജി സുധാകരൻ പിന്തുണയൊന്നും തേടിയിട്ടില്ലെന്നും സ്ഥാനാർത്ഥിയായി നിൽക്കാൻ പോകുകയാണെന്നും തൊണ്ടയ്ക്ക് പ്രശ്‌നമുള്ളതിനാൽ മറുപടി പറയേണ്ടതില്ല എന്നുമാണ് വെള്ളാപ്പള്ളി പറഞ്ഞത്. അദ്ദേഹത്തിന് ആരുടെ പിന്തുണയാണ് ഉള്ളതെന്ന് അറിയില്ല. ജി സുധാകരൻ ജനകീയനാണ്. ജില്ലയിൽ സ്വാധീനമുള്ള മാന്യ വ്യക്തിയാണ്. ഭരണത്തിൽ മിടുക്കനാണ്. സത്യസന്ധനായ മന്ത്രിയാണെന്ന് തെളിയിച്ചയാളാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. പൊളിറ്റിക്കൽ ക്രിമിനൽ എന്നതൊക്കെ ഓരോരുത്തരുടെയും ഭാഷയാണ്. അതൊക്കെ തെറ്റൊ ശരിയോ എന്ന് കേൾക്കുന്നവർ വിലയിരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിലേക്ക് 18 പേരെ നിർദ്ദേശിച്ചെന്ന ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദയുടെ റിപ്പോർട്ടർ ടിവിയോടുള്ള പ്രതികരണത്തിലും വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു. സ്വാമി സച്ചിദാനന്ദ പമ്പരവിഡ്ഢിയാണ്. ശിവഗിരി മഠത്തിൽ ഇരുന്നുകൊണ്ട് സ്ഥാനാർത്ഥികളെ എഴുതിക്കൊടുക്കാമോ? എന്നായിരുന്നു മറുപടി. അമ്പലപ്പുഴ മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ നിർത്താതെ ജി സുധാകരനെ പിന്തുണക്കാനാണ് കോൺഗ്രസിന്റെ നീക്കം. ഇവിടെ പഴയ സഹപ്രവർത്തകനും നിലവിലെ എംഎൽഎയുമായ എച്ച് സലാമാണ് ജി സുധാകരന്റെ എതിരാളി.

Content Highlights: G Sudhakaran met with Vellappally Natesan at alappuzha

dot image
To advertise here,contact us
dot image