

കൊല്ലം: എൻഎസ്എസ് നേതൃത്വത്തെ എതിർക്കില്ലെന്നും ജി സുകുമാരൻ നായർ ജീവിച്ചിരിക്കുന്ന കാലമത്രയും കൂടെ നിൽക്കുമെന്ന് അച്ഛന് കൊടുത്ത വാക്കാണെന്നും മന്ത്രി ഗണേഷ് കുമാർ. എൻഎസ്എസ് ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗവും മന്ത്രിയുമായ കെ ബി ഗണേഷ് കുമാർ പ്രസിഡന്റായ പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ കമ്മിറ്റി പിരിച്ചുവിട്ടതിന് പിന്നാലെയാണ് പ്രതികരണം.
പിതാവ് മരിക്കുന്നതിന് മുമ്പ് ചില ഉപദേശങ്ങൾ തനിക്ക് തന്നിട്ടുണ്ട്. എൻഎസ്എസിനെ എതിർക്കരുതെന്നത് അച്ഛൻ നൽകിയ ഉപദേശമാണ്. അത് പാലിക്കും. പത്തനാപുരത്തെ നായർ സമുദായം വോട്ടിട്ടാണ് തന്നെ എൻഎസ്എസ് വൈസ് പ്രസിഡന്റാക്കിയത്. ഏറ്റവും കൂടുതൽ വോട്ട് കിട്ടി ജയിച്ചയാളാണ് താൻ. ജനാധിപത്യവ്യവസ്ഥയിലാണ് തന്നെ തെരഞ്ഞെടുത്തത്, വളഞ്ഞവഴിക്ക് വന്നതല്ല. താനൊരു മതേതര വിശ്വാസിയായ രാഷ്ട്രീയ പ്രവർത്തകനാണ്. തനിക്ക് എല്ലാ സമുദായവും ഒരുപോലെയാണ്. നായൻമാരുടെ മാത്രം ആളല്ല, പൊതു പ്രവർത്തകനാണ്. തന്നെ നിയന്ത്രിക്കാനും വിമർശിക്കാനും എല്ലാ സമുദായത്തിനും അവകാശമുണ്ട്. താൻ ഏകാധിപതിയെന്ന് പത്തനാപുരത്തെ ജനങ്ങൾ പറയില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു.
എൻഎസ്എസ് ജനറൽ സെക്രട്ടറിയായ ജി സുകുമാരൻ നായർ ജീവിച്ചിരിക്കുന്ന അത്രയും കാലം അദ്ദേഹത്തിന്റെ കൂടെ നിൽക്കണമെന്നും അദ്ദേഹത്തെ എതിർക്കരുതെന്നും അച്ഛൻ പറഞ്ഞിരുന്നു. അത് താൻ പാലിക്കും. എൻഎസ്എസിന്റെ ഔദ്യോഗിക വിഭാഗത്തിൽ ആര് ഇരുന്നാലും അവരെ എതിർക്കരുതെന്നും പ്രസ്ഥാനത്തെ എതിർക്കരുതെന്നും അച്ഛൻ പറഞ്ഞിട്ടുണ്ട്. പിതാവിന്റെ വിയോഗത്തിന് ശേഷം പിതൃതുല്യനായാണ് ജി സുകുമാരൻ നായരെ കാണുന്നത്. രാജിക്കത്ത് നൽകാമെന്ന് അദ്ദേഹത്തിനെ നേരിൽ കണ്ട് അറിയിച്ചിരുന്നെങ്കിലും അന്ന് അത് വാങ്ങാതെ എന്തിന് പിരിച്ചുവിടൽ നടപടി സ്വീകരിച്ചുവെന്ന് അറിയില്ല. താൻ ജി സുകുമാരൻ നായരുടെ ആളായത് കൊണ്ടാണ് വെള്ളാപ്പള്ളി നടേശൻ തന്നെ വിമർശിച്ചത്. അല്ലാതെ വ്യക്തിപരമായി ഒരു വിരോധവുമില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു.
തനിക്ക് പണത്തിന്റെ ആവശ്യമില്ല. കോടിക്കണക്കിന് രൂപ കണ്ട് വളർന്നയാളാണ്. ഒരിക്കലും കൈക്കൂലി വാങ്ങില്ല. പത്മകഫേയിൽ ഒരു അഴിമതിയുമില്ല. താൻ അഴിമതിക്കാരനല്ല, അത് മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനും അറിയാമെന്നും ഗണേഷ് കുമാർ പറഞ്ഞു.
എൻഎസ്എസ് പത്തനാപുരം താലൂക്ക് യൂണിയൻ പ്രസിഡന്റാണ് ഗണേഷ് കുമാർ. ഗണേഷിന്റെ നടപടികളിൽ നേരത്തെ തന്നെ യൂണിയനുളളിൽ അഭിപ്രായവ്യത്യാസങ്ങളും പ്രശ്നങ്ങളും ഉണ്ടായിരുന്നു. തുടർന്ന് 19 അംഗ ഭരണ സമിതിയിലെ പത്തുപേർ രാജിവെക്കുകയായിരുന്നു. ഇതോടെ കോറം നഷ്ടപ്പെട്ടതിന് പിന്നാലെ കമ്മിറ്റി പിരിച്ചുവിടുകയായിരുന്നു.
പത്മ കഫേ നിര്‍മ്മാണത്തില്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഗണേഷ് കുമാറിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ഗണേഷിന് ഏകാധിപത്യമാണ് എന്നായിരുന്നു അംഗങ്ങളുടെ വിമര്‍ശനം.
Content Highlights: Ganesh Kumar says he will not oppose NSS leadership