

ആലപ്പുഴ: സിപിഐഎമ്മുമായി ഇടഞ്ഞതിന് പിന്നാലെ അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ജി സുധാകരനെ പിന്തുണച്ച് മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഷീബ രാകേഷ്. സിപിഐഎം അണികൾ സുധാകരന് അനുകൂലമായി വോട്ട് ചെയ്യുമെന്നും സൈബർ ആക്രമണം ഉള്ളതിനാലാണ് പലരും തുറന്നു പറയാത്തതെന്നും ഷീബ രാകേഷ് റിപ്പോർട്ടറിനോട് പറഞ്ഞു. സിപിഐഎം സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച ഷീബ, അമ്പലപ്പുഴ മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റും പാർട്ടി അംഗവുമാണ്.
നൂറ് ശതമാനവും സുധാകരൻ ജയിക്കും, അത് ഇവിടത്തെ ജനങ്ങളുടെ ആവശ്യമാണ്. സർക്കാരിൽനിന്ന് ലഭിക്കുന്ന തുക കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കാൻ കഴിവുള്ള നേതാവാണ് അദ്ദേഹം. സിപിഐഎമ്മിലെ നിരവധി പേർ അദ്ദേഹത്തിനൊപ്പം പോകാൻ കാത്തുനിൽക്കുന്നുണ്ട്. പൊതുജനങ്ങൾക്കിടയിൽ ജനകീയനാണ് ജി സുധാകരനെന്നും ഷീബ പറഞ്ഞു. സുധാകരനെ പിന്തുണച്ചു എന്നതിന്റെ പേരിൽ തന്നെ ഒഴിവാക്കാനും പാർട്ടിക്കാർ ശ്രമിച്ചിട്ടുണ്ട്. സുധാകരൻ ജനങ്ങൾക്കു വേണ്ടി പ്രവർത്തിച്ച നേതാവെന്നും ഷീബ രാകേഷ് പറഞ്ഞു.
പാർട്ടി നേതൃത്വത്തോടുള്ള അസ്വാരസ്യത്തിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽനിന്നും സ്വതന്ത്രനായി മത്സരിക്കുമെന്ന് ജി സുധാകരൻ പ്രഖ്യാപിച്ചത്. പാർട്ടി അംഗത്വം പുതുക്കില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ ഒന്നും പറയില്ല. ആരെയും വ്യക്തിഹത്യ ചെയ്യില്ല. ആരുടെയും പിന്തുണ വേണ്ട. ഒരു പാര്‍ട്ടിയിലും മുന്നണിയിലും ചേരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ജി സുധാകരന്‍ പറഞ്ഞിരുന്നു.
എന്നാൽ ജി സുധാകരന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ അദ്ദേഹത്തെ വിമർശിച്ച് സിപിഐഎം പ്രകടനം നടത്തുകയും ബാനറുകൾ പതിക്കുകയും ചെയ്തിരുന്നു. വർഗവഞ്ചകനെന്നും കുലംകുത്തിയെന്നുമടക്കമുള്ള വിമർശനം ഉന്നയിച്ചായിരുന്നു പ്രതിഷേധം.
Content Highlights: Former Block Panchayat President Sheeba Rakesh supports G Sudhakaran, who has announced that he will contest as an independent in Ambalappuzha