പെരുമ്പാവൂരിനായി എറണാകുളം-അങ്കമാലി അതിരൂപത രംഗത്ത്; എൽദോസിന് പകരം ആളെ നിർദേശിച്ച് ഹൈക്കമാൻഡിന് കത്ത്

സ്ഥാനാർത്ഥിയെ നിർദേശിച്ച് എറണാകുളം-അങ്കമാലി അതിരൂപത രംഗത്ത്

പെരുമ്പാവൂരിനായി എറണാകുളം-അങ്കമാലി അതിരൂപത രംഗത്ത്; എൽദോസിന് പകരം ആളെ നിർദേശിച്ച് ഹൈക്കമാൻഡിന് കത്ത്
dot image

കൊച്ചി: നിയമസഭാ മണ്ഡലങ്ങളിലെ കോൺഗ്രസ് സ്ഥാനാർത്ഥി നിർണയങ്ങളിൽ ക്രൈസ്തവ സഭകളുടെ ഇടപെടൽ തുടരുന്നു. പെരുമ്പാവൂർ സീറ്റിൽ കോൺഗ്രസിൽ അനിശ്ചിതത്വം നിലനിൽക്കെ, സ്ഥാനാർത്ഥിയെ നിർദേശിച്ച് എറണാകുളം-അങ്കമാലി അതിരൂപത രംഗത്തെത്തി. പാസ്റ്ററൽ കൗൺസിൽ അംഗമായ മനോജ് മൂത്തേടന് സീറ്റ് നൽകണമെന്നാണ് സഭയുടെ ആവശ്യം. ഇത് സംബന്ധിച്ച് ആർച്ച് ബിഷപ്പ് കോൺഗ്രസ് ഹൈക്കമാൻഡിന് കത്തുനൽകി.

പീഡനപരാതിയിൽ അന്വേഷണം നടക്കുന്നതിനാൽ പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിയെ വീണ്ടും മത്സരിപ്പിക്കാൻ സാധ്യതയില്ല. നാളെയാണ് പെരുമ്പാവൂർ മണ്ഡലത്തെ സംബന്ധിച്ച് ഹൈക്കമാൻഡ് ചർച്ച നടത്തുക. ഈ സാഹചര്യത്തിലാണ് മറ്റ് സ്ഥാനാർത്ഥികളെയും കോൺഗ്രസ് പരിഗണിക്കാൻ ആരംഭിച്ചിരിക്കുന്നത്. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂടിയാണ് മനോജ് മൂത്തേടൻ.

ഇദ്ദേഹത്തിന് പുറമെ എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെയും പെരുമ്പാവൂരിൽ പരിഗണിക്കുന്നുണ്ട്. കൊച്ചിക്ക് പുറമെയാണ് ഷിയാസിനെ പെരുമ്പാവൂരിലും പരിഗണിക്കുന്നത്. എന്നാൽ ഷിയാസിന് കൊച്ചി തന്നെ ലഭിക്കാനാണ് സാധ്യത. കൊച്ചിയിൽ തങ്ങളുടെ സമുദായത്തിൽ നിന്നുള്ള സ്ഥാനാർത്ഥി വേണമെന്ന് ലത്തീൻ സഭ ആവശ്യപ്പെട്ടിരുന്നത് എങ്കിലും കോൺഗ്രസ് അത് അംഗീകരിക്കാനിടയില്ല. പകരം വൈപ്പിനിൽ ലത്തീൻ സമുദായാംഗത്തെ പരിഗണിക്കാനാണ് നീക്കം.

വീക്ഷണം എംഡി ജെയ്‌സൺ ജോസഫും സ്ഥാനാർത്ഥി സാധ്യതാ പട്ടികയിലുണ്ട്. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസും പരിഗണനയിലുണ്ട്. എൽദോസിനെ മാറ്റണമെന്ന് കോൺഗ്രസിൽ ഒരു വിഭാഗം ശക്തമായി വാദിക്കുകയാണ്. പീഡന പരാതിക്കൊപ്പം നേതാക്കളുടെ അതൃപ്തിയും എൽദോസിന് വലിയ വെല്ലുവിളിയായിരിക്കുകയാണ്.

എൽദോസ് കുന്നപ്പിള്ളിയുടെ കാര്യത്തിൽ ഹൈക്കമാൻഡ് നേരിട്ടാണ് തീരുമാനമെടുക്കുക. എംഎൽഎയ്‌ക്കെതിരെ എഐസിസിക്ക് നേരിട്ട് പരാതി ലഭിച്ചതിനെ തുടർന്നാണിത്. കോൺഗ്രസ് പ്രവർത്തകരാണ് എഐസിസിക്ക് പരാതി നൽകിയത്. പിന്നാലെ എൽദോസ് കുന്നപ്പിള്ളിക്ക് എതിരായ കേസ് ഫയൽ പരിശോധിക്കാൻ ഹൈക്കമാൻഡ് തീരുമാനിച്ചിരുന്നു. എംഎൽഎയോട് ഫയൽ ഹാജരാക്കാൻ മധുസൂദൻ മിസ്ത്രി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

തൃപ്പൂണിത്തുറയിലും സ്ഥാനാർത്ഥിയാര് എന്ന കാര്യത്തിൽ കോൺഗ്രസിൽ സജീവ ആലോചനകൾ നടക്കുകയാണ്. സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച എംഎൽഎ കെ ബാബു, നിലവിലെ കൊച്ചി കോർപ്പറേഷൻ ഡെപ്യൂട്ടി മേയറായ ദീപക് ജോയ്‌യുടെ പേരാണ് നിർദേശിച്ചിരിക്കുന്നത്. എം ലിജുവും തൃപ്പൂണിത്തുറയിലെ സാധ്യതാപട്ടികയിൽ ഇടം പിടിച്ചിരുന്നു.

Content Highlights: Christian church leadership continues to play a role in candidate selection in Kerala assembly constituencies. Amid uncertainty within the Congress over the Perumbavoor seat, the Ernakulam Angamaly Archdiocese has reportedly stepped in and suggested a candidate for the constituency.

dot image
To advertise here,contact us
dot image