ജി സുധാകരന്റെ സ്ഥാനാര്‍ത്ഥിത്വം നേരത്തെ തയാറാക്കിയ നാടകം, രണ്ട് രംഗങ്ങള്‍ കൂടി ബാക്കിയുണ്ട്: എച്ച് സലാം

'സുധാകരനുമായി വ്യക്തിപരമായ വിരോധമില്ല'

ജി സുധാകരന്റെ സ്ഥാനാര്‍ത്ഥിത്വം നേരത്തെ തയാറാക്കിയ നാടകം, രണ്ട് രംഗങ്ങള്‍ കൂടി ബാക്കിയുണ്ട്: എച്ച് സലാം
dot image

ആലപ്പുഴ: ജി സുധാകരന്റെ സ്ഥാനാര്‍ത്ഥിത്വം നേരത്തെ തയാറാക്കിയ നാടകമാണെന്ന് എച്ച് സലാം എംഎല്‍എ. എല്ലാം പ്ലാനിങാണ്. നാടകത്തിന് രണ്ട് രംഗങ്ങള്‍ കൂടി ബാക്കിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സുധാകരനുമായി വ്യക്തിപരമായ വിരോധമില്ല. വീണ് പരിക്ക് പറ്റിയപ്പോള്‍ ഒരു മണിക്കൂറിനകം ആശുപത്രിയില്‍ എത്തി. ഇന്നലെ മറ്റൊരു പരിപാടി ഉണ്ടായിരുന്നത് കൊണ്ടാണ് നേരിട്ട് കാണാന്‍ പോകാത്തത്. അദ്ദേഹം കൂടി അധ്വാനിച്ചുണ്ടാക്കിയ പാര്‍ട്ടി തന്നെയാണിത്. രക്തസാക്ഷിയായ സഹോദരന്‍ ഭുവേശ്വരനെയെങ്കിലും സുധാകരന്‍ ഓര്‍ക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം ജി സുധാകരനെ വര്‍ഗവഞ്ചകനെന്ന് വിശേഷിപ്പിച്ച് സിപിഐഎം പ്രവര്‍ത്തകര്‍ പോസ്റ്ററുകള്‍ പതിച്ചു.

വിഎസ് പോലും ഇത്ര തവണ മത്സരിച്ചിട്ടില്ല. 15 പേര്‍ പോലും അമ്പലപ്പുഴയില്‍ നിന്ന് പാര്‍ട്ടി വിട്ടു പോകില്ല. പാര്‍ട്ടി അണികള്‍ പാര്‍ട്ടിക്കൊപ്പം നില്‍ക്കും. ആര് സ്ഥാനാര്‍ത്ഥിയായാലും പാര്‍ട്ടി അണികള്‍ പാര്‍ട്ടിക്കൊപ്പം ആയിരിക്കും. താൻ ജയിച്ചത് വ്യക്തി പ്രഭാവം കൊണ്ടല്ല, അണികൾ പണിയെടുത്തതുകൊണ്ടാണ്. തെരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുന്‍പ് തന്നെ താന്‍ പരാതി നല്‍കിയിരുന്നു. ഫലം വന്നതിനുശേഷം അല്ല പരാതിപ്പെട്ടത്. പാര്‍ട്ടി വിശദമായി അന്വേഷിച്ചാണ് നടപടി തീരുമാനിച്ചത്. സുധാകരന്‍ തനിക്കെതിരെ ചെയ്ത കാര്യങ്ങളുടെ തെളിവുണ്ട്. എല്ലാ തെളിവും നല്‍കിയിട്ടില്ല. ഇപ്പോഴും പറയാന്‍ ഒരുപാട് കാര്യങ്ങള്‍ ഉണ്ട്. പക്ഷേ എല്ലാം ഇപ്പോള്‍ പറയുന്നില്ലെന്നും എച്ച് സലാം കൂട്ടിച്ചേര്‍ത്തു.

അമ്പലപ്പുഴയില്‍ സിപിഐഎമ്മിന് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടാണ് ജി സുധാകരന്‍ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. യുഡിഎഫ് പിന്തുണയോടെ മത്സരിക്കുമെന്ന് താന്‍ ആരോടും പറഞ്ഞിട്ടില്ലെന്നും ചില മാധ്യമങ്ങള്‍ താന്‍ കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത പ്രചരിപ്പിക്കുകയാണെന്നും ജി സുധാകരന്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു. യുഡിഎഫ് പിന്തുണയോടെ താന്‍ മത്സരിക്കുമെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും അങ്ങനെ പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സുധാകരൻ പറഞ്ഞു.

പാർട്ടിയെയോ പാർട്ടി രേഖയെയോ ആക്ഷേപിക്കാൻ ഇല്ല. പാർട്ടിക്ക് വേണ്ടി ജീവിച്ചയാളാണ് താനെന്നും ജി സുധാകരൻ പറഞ്ഞു. ഒരു പാർട്ടിയിലും മുന്നണിയിലും ചേരാൻ ഉദ്ദേശിക്കുന്നില്ല. ആർക്കെതിരെയും വ്യക്തിഹത്യ നടത്തുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊളിറ്റിക്കൽ ക്രിമിനലുകളെ ആയുധമാക്കി വ്യക്തിഹത്യ നടത്തുകയാണ്. തന്റെ അച്ഛനെ വിളിച്ചത് അതിന് ഉദാഹരണമാണ്. അധ്വാനിച്ച് ജീവിച്ച ആളാണ് തന്റെ അച്ഛൻ. വ്യക്തിഹത്യ കൊണ്ട് പാർട്ടി നശിക്കുക മാത്രമേയുള്ളൂ. കമ്മ്യൂണിസ്റ്റുകാർക്ക് ഗാന്ധിജിയുടെ ലാളിത്യം വേണം. റോസാപ്പൂ വിരിച്ച പാതയിലൂടെ വന്നയാളല്ല താൻ. മർദനവും ഗുണ്ടായിസവും ഒക്കെ നേരിടേണ്ടി വന്നിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തിനോട് 100 ശതമാനം നീതി പുലർത്തി. അഭിപ്രായങ്ങൾ തുറന്നു പറയുന്നത് തന്റെ പ്ലസ് പോയിന്റാണെന്നും ജി സുധാകരൻ പറഞ്ഞു.

Content Highlights: h salam mla against g sudhakaran

dot image
To advertise here,contact us
dot image