മന്ത്രി പത്‌നിക്ക് പോലും നീതി ലഭിക്കാത്ത നാട്ടിൽ സാധാരണക്കാർക്ക് എന്ത് സുരക്ഷയെന്ന് വി ഡി സതീശൻ

'വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണം. ഇതിനെ മൗനംകൊണ്ട് മറികടക്കാമെന്ന് വ്യാമോഹിക്കേണ്ട'

മന്ത്രി പത്‌നിക്ക് പോലും നീതി ലഭിക്കാത്ത നാട്ടിൽ സാധാരണക്കാർക്ക് എന്ത് സുരക്ഷയെന്ന് വി ഡി സതീശൻ
dot image

തിരുവനന്തപുരം: ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരായ ഭാര്യ ബിന്ദു മേനോന്റെ ആരോപണത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണം. ഇതിനെ മൗനംകൊണ്ട് മറികടക്കാമെന്ന് വ്യാമോഹിക്കേണ്ട. മന്ത്രിയുടെ ഭാര്യക്ക് നീതി ലഭിച്ചില്ല, പിന്നെ കേരളത്തിലെ ഏത് സ്ത്രീക്കാണ് നീതി ലഭിക്കുകയെന്നും സതീശൻ ചോദിച്ചു. ഗണേഷ് കുമാറിന്റെ ഭാര്യയുടെ പരാതി വ്യക്തിപരമല്ല. സ്ത്രീയുടെ പരാതിയാണിതെന്നും സതീശൻ പറഞ്ഞു.

അതേസമയം ഗണേഷ് കുമാർ അടിയന്തരമായി രാജിവെക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി രാജി എഴുതി വാങ്ങണം. ഗണേഷ് കുമാറിന്റെ ഭാര്യ ഉന്നയിച്ചത് ഗുരുതര ആരോപണങ്ങളാണ്. മൂന്ന് ദിവസമായി പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ട്. എന്തുകൊണ്ട് മുഖ്യമന്ത്രി നടപടി എടുത്തില്ല. മുഖ്യമന്ത്രിയുടെ മകളെ വിളിച്ച് കാര്യം വിശദീകരിച്ചുവെന്നാണ് പറയുന്നത്. മൂന്ന് ദിവസം പിണറായി വിജയൻ ഉറങ്ങുകയായിരുന്നു. ഇതാണോ കേരളത്തിലെ സ്ത്രീ സുരക്ഷ. മന്ത്രിയുടെ ഭാര്യക്ക് പോലും സുരക്ഷിതത്വം ഇല്ല. പരാതിയുടെ പുറത്ത് മുഖ്യമന്ത്രി അടയിരിക്കുകയാണ്. യുഡിഎഫ് ഗവൺമെന്റിന്റെ കാലത്ത് ഗണേഷിന്റെ രാജി വാങ്ങിയത് എന്തിനെന്ന് ഇപ്പോൾ മനസ്സിലായല്ലോയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഗണേഷിന്റെ ഭാര്യ വെളിപ്പെടുത്തിയത് കേട്ടാൽ അറയ്ക്കുന്ന കാര്യങ്ങളാണ്. മന്ത്രിയുടെ ഭാര്യക്ക് ഇതാണ് അവസ്ഥയെങ്കിൽ സാധാരണക്കാർക്ക് എന്താകും ഗതിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പീഡക നായകനായ ഗണേഷ് കുമാറിനെ മന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് മഹിളാ കോൺഗ്രസ് അധ്യക്ഷ ജെബി മേത്തർ എംപി പറഞ്ഞു. മന്ത്രി പത്‌നിക്ക് ഇതാണ് അവസ്ഥ. പരാതി പറഞ്ഞിട്ടും പൊലീസ് ഒരു സഹായവും നൽകിയില്ല. അടിയന്തര നമ്പറിലേക്ക് വിളിച്ചാൽ പൊലീസ് നടപടി സ്വീകരിക്കേണ്ടതല്ലേയെന്നും ജെബി മേത്തർ പറഞ്ഞു. പിണറായി കാലം എന്നാൽ കണ്ണീർക്കാലമാണ്. മുൻപും ഗണേഷ് കുമാറിന്റെ കാര്യത്തിൽ കേരളം തല കുനിച്ചിട്ടുണ്ട്.

സിപിഐഎം വനിതാ സംഘടന വിഷയത്തിൽ പ്രതികരിക്കണം. പ്രണയങ്ങൾ ഉണ്ടെന്ന മന്ത്രിയുടെ പ്രതികരണം സിനിമ ഡയലോഗാണ്. സിനിമ ഡയലോഗ് കൊണ്ട് കാര്യമില്ല. നടപടി എടുക്കുന്നതിൽ വലിയ വീഴ്ച ഉണ്ടായിട്ടുണ്ടെന്നും ജെബി മേത്തർ ആരോപിച്ചു.

മുഖ്യമന്ത്രി ആ ഭാര്യയുടെ കരച്ചിൽ കേൾക്കുന്നില്ലേ. സംരക്ഷണം ലഭിക്കും എന്ന് മന്ത്രിക്ക് ഉറപ്പുണ്ട്. വിഷയത്തിൽ മുഖ്യമന്ത്രിയും ഡിജിപിയും ഉത്തരം പറയണം. കെഎസ് ആർടിസി ബസിൽ അവൾക്ക് ഒപ്പം എന്ന് എഴുതിയത് കൊണ്ട് സ്ത്രീകൾക്ക് ഒപ്പം എന്ന് അർത്ഥമില്ലെന്നും ജെബി മേത്തർ പറഞ്ഞു. വിഷയത്തിൽ വനിതാ കമ്മീഷനെതിരെ ജെബി മേത്തർ രൂക്ഷ വിമർശനം ഉന്നയിച്ചു.
നിരവധി പരാതികൾ നൽകിയിട്ടും നടപടി ഉണ്ടായില്ല. വനിതാ കമ്മീഷൻ സിപിഐഎം പോഷക സംഘടനയായി മാറിയെന്നും ജെബി മേത്തർ പറഞ്ഞു

മന്ത്രി ഗണേഷ് കുമാറിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടുവെന്നും അത് ചിത്രീകരിക്കാൻ ശ്രമിച്ച തന്നെ മന്ത്രിയുടെ നിർദേശപ്രകാരം അദ്ദേഹത്തിന്റെ ഡ്രൈവർ മർദിച്ചുവെന്നുമാണ് ബിന്ദു മേനോന്റെ ആരോപണം. സംഭവ സമയം പൊലീസിനെ വിളിച്ചെങ്കിലും ഇടപെട്ടില്ലെന്നും മാനസികമായി വർഷങ്ങളായി താൻ പീഡനം നേരിടുകയാണെന്നും ബിന്ദു മേനോൻ ആരോപിച്ചിരുന്നു. എന്നാൽ ആരോപണങ്ങളെ തള്ളിയ ഗണേഷ് കുമാർ തനിക്കെതിരെ ഉയരുന്ന വിവാദങ്ങള്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമാണെന്ന് പറഞ്ഞിരുന്നു.

Content Highlights: congress leaders reacts on allegations against Minister K B Ganesh Kumar by his wife Bindu Menon, they demands for Ganesh Kumar's immediate resignation

dot image
To advertise here,contact us
dot image