ഒറ്റപ്പാലത്ത് പി കെ ശശി യുഡിഎഫിനായി ഇറങ്ങുമോ? പി സരിനെയും പരിഗണിച്ച് എൽഡിഎഫ്

കഴിഞ്ഞ ത​ദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് മികച്ച മുന്നേറ്റം ഒറ്റപ്പാലത്ത് നടത്തിയിരുന്നു

ഒറ്റപ്പാലത്ത് പി കെ ശശി യുഡിഎഫിനായി ഇറങ്ങുമോ? പി സരിനെയും പരിഗണിച്ച് എൽഡിഎഫ്
dot image

പാലക്കാട്: 2006 മുതൽ സിപിഐഎം തുടർച്ചയായി വിജയിച്ച് വരുന്ന മണ്ഡലമാണ് ഒറ്റപ്പാലം. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 15152 വോട്ടിൻ്റെ ഭൂരിപക്ഷത്തിനായിരുന്നു സിപിഐഎമ്മിൻ്റെ കെ പ്രേംകുമാർ കോൺ​ഗ്രസിൻ്റെ പി സരിനെ തോൽപ്പിച്ചത്. 2016ൽ കോൺ​ഗ്രസിൻ്റെ ഷാനിമോൾ ഉസ്മാനെ 16088 വോട്ടിന് സിപിഐഎമ്മിൻ്റെ പി ഉണ്ണി പരാജയപ്പെടുത്തിയിരുന്നു.

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 2,208 വോട്ടിൻ്റെ മുൻതൂക്കം ഒറ്റപ്പാലം നിയമസഭാ മണ്ഡലത്തിൽ യുഡിഎഫിന് ലഭിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ത​ദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് മികച്ച മുന്നേറ്റം ഇവിടെ നടത്തിയിരുന്നു. ഒറ്റപ്പാലം മുൻസിപ്പാലിറ്റി അടക്കം ആകെയുള്ള എട്ട് തദ്ദേശ സ്ഥാപനങ്ങളിൽ ആറിടത്തും എൽഡിഎഫ് ഭരണം പിടിച്ചിരുന്നു. രണ്ടിടത്ത് മാത്രമാണ് യുഡിഎഫിന് ഭരണത്തിലെത്താൻ സാധിച്ചത്.

സിറ്റിം​ഗ് എംഎൽഎ കെ പ്രേംകുമാറിനാണ് ഇത്തവണ സിപിഐഎം ആദ്യ പ​രി​ഗണന നൽകുന്നത്. കോൺ​ഗ്രസ് വിട്ടെത്തിയ പി സരിനെയും സിപിഐഎം ഇവിടെ പരി​ഗണിക്കുന്നുണ്ട്. 2021ൽ അവസാന നിമിഷം കോൺ​ഗ്രസ് നേതൃത്വം ഒഴിവാക്കിയ പി ഹരി​ഗോവിന്ദനാണ് ഒറ്റപ്പാലത്ത് കോൺ​ഗ്രസ് ആദ്യപരി​ഗണന നൽകുന്നത്. കെപിസിസി സെക്രട്ടറിയും കോൺ​ഗ്രസ് അനുകൂല അധ്യാപക സംഘടന നേതാവുമാണ് ഹരി​ഗോവിന്ദൻ. മുൻ സിപിഐഎം നേതാവ് പി കെ ശശിയുടെ പേരും കോൺ​ഗ്രസ് കേന്ദ്രങ്ങളിൽ ചർച്ചയാണ്. മത്സരിക്കാനുള്ള താൽപ്പര്യം ഇതിനകം പി കെ ശശി പ്രകടിപ്പിച്ച് കഴിഞ്ഞിട്ടുണ്ട്. ജില്ലയിലെ സിപിഐഎം വിമതരുടെ കൂട്ടായ്മയുടെ പിൻബലവും പി കെ ശശിക്കുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബിജെപി പാലക്കാട് വെസ്റ്റ് ജില്ലാ പ്രസിഡൻ്റ് പി ​വേണു​ഗോപാലൻ, യുവമോർച്ച സംസ്ഥാന പ്രസിഡൻ്റ് വി മനുപ്രസാദ് എന്നിവരെയാണ് ബിജെപി ഒറ്റപ്പാലത്ത് പരി​ഗണിക്കുന്നത്.

2021ലെ തെരഞ്ഞെടുപ്പ് ഫലം

  • അഡ്വ കെ പ്രേംകുമാർ- എൽഡിഎഫ്- 74859(46.45%)
  • ഡോ. പി സരിൻ- യുഡിഎഫ്- 59707(37.05%)
  • പി വേണുഗോപാലൻ- എൻഡിഎ- 25056(15.55%)
  • പി പി ശിവൻ- ബിഎസ്പി- 672(0.42%)
  • നോട്ട - 867
  • പോൾ ചെയ്ത വോട്ടുകൾ - 161161
  • ഭൂരിപക്ഷം - 15152

ഒറ്റപ്പാലത്തെ പ്രതിനിധീകരിച്ച എംഎൽഎമാർ

  • 2021- കെ പ്രേംകുമാർ-സിപിഐഎം
  • 2016-2021-പി ഉണ്ണി സിപിഐഎം
  • 2011-2016- എം ഹംസ-സിപിഐഎം
  • 2006-2011- എം ഹംസ- സിപിഐഎം
  • 2001-2006- വി സി കബീർ- എൻസിപി
  • 1996-2001- വി സി കബീർ- കോൺഗ്രസ്
  • 1991-1996- വി സി കബീർ- കോൺഗ്രസ്
  • 1987-1991-കെ ശങ്കരനാരായണൻ-കോൺഗ്രസ്
  • 1982-1987-വി സി കബീർ കോൺഗ്രസ് (എസ്)
  • 1980-1982- വി സി കബീർ- കോൺഗ്രസ് (യു)
  • 1977-1980- പി ബാലൻ-കോൺഗ്രസ്
  • 1970-1977- പി പി കൃഷ്ണൻ- സിപിഐഎം
  • 1967-1970- പി പി കൃഷ്ണൻ- സിപിഐഎം
  • 1965*- പി പി കൃഷ്ണൻ- സിപിഐഎം
  • 1960-1965- പി വി കുഞ്ഞുണ്ണി നായർ- സിപിഐ
  • 1957-1959- പി വി കുഞ്ഞുണ്ണി നായർ- സിപിഐ

*1965 ലെ തെരഞ്ഞെടുപ്പിന് ശേഷം ഒരു കക്ഷിക്കും മുന്നണിക്കും ഭൂരിപക്ഷമില്ലാതെ പോയതിനാല്‍ എംഎല്‍എമാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പായി ഗവർണ്ണർ വി വി ഗിരിയുടെ ശുപാർശപ്രകാരം സഭ പിരിച്ചുവിട്ടു.

Content Highlights: Explore the latest buzz in Ottapalam assembly constituency for Kerala 2026 elections. Former CPI(M) leader PK Shashi eyes UDF ticket amid internal Congress dissent, while ex-Congress digital convener P Sarin is in LDF's radar. Get full updates on candidates, past winners, and election dynamics.

dot image
To advertise here,contact us
dot image