

തിരുവനന്തപുരം: ശബരിമല കൊടിമരക്കൊള്ളയിൽ നടനും എംപിയുമായ സുരേഷ് ഗോപിയെ ചോദ്യം ചെയ്ത് വിജിലൻസ്. മോഹൻലാൽ അടക്കമുള്ള കൂടുതൽ സിനിമാ പ്രവർത്തകരുടെ മൊഴിയും വിജിലൻസ് രേഖപ്പെടുത്തും. ഈയാഴ്ച തന്നെ മൊഴിയെടുപ്പ് പൂർത്തിയാക്കാനാണ് വിജിലൻസ് നീക്കം.
എന്നാൽ, കൊടിമര പുനർനിർമാണത്തിന് എത്ര സ്വർണം ലഭിച്ചു എന്നതിൽ വിജിലൻസിന് ഇനിയും വ്യക്തത വന്നിട്ടില്ല. സ്വർണം നൽകിയവർ ഒറ്റയ്‌ക്കൊറ്റയ്ക്കല്ല, ഒരുമിച്ച്, സംഘമായാണ് സ്വർണം സംഭാവന ചെയ്തത്. അതിനാൽ ഒരാൾ എത്ര സ്വർണം തന്നു എന്നത് വിജിലൻസിന് കണ്ടെത്താനായിട്ടില്ല. സ്വർണ്ണം നൽകിയവരിൽ പലർക്കും അളവിനെക്കുറിച്ച് ഓർമയില്ല. മാത്രമല്ല, രേഖകളിൽ സ്വർണം നൽകിയവരുടെ പേരുകളും ഇല്ല. അതിനാൽതന്നെ, സംഭാവന ലഭിച്ച സ്വർണത്തിന്റെ കണക്ക് കൂടാനാണ് സാധ്യത.
കൊടിമരക്കൊള്ളയിൽ നേരത്തെ ഷാജി കൈലാസ്, രഞ്ജി പണിക്കർ, സുരേഷ് കുമാർ എന്നിവരുടെ മൊഴികൾ വിജിലൻസ് രേഖപ്പെടുത്തിയിരുന്നു. നാണയങ്ങളായി സ്വർണം നൽകിയെന്നാണ് ഇവർ മൊഴി നൽകിയത്. സ്വർണത്തിന്റെ കണക്കും അറിയിച്ചതായി സൂചനകൾ ഉണ്ടായിരുന്നു.
സെലിബ്രിറ്റികൾ ഉൾപ്പെടെയുള്ള 27 പേരാണ് കൊടിമര പുനർനിർമാണത്തിന് സംഭാവന നൽകിയതെന്നാണ് വിജിലൻസ് കണ്ടെത്തൽ. ശബരിമല കൊടിമര പുനഃപ്രതിഷ്ഠ കേസിൽ വിജിലന്‍സ് ഡിവൈഎസ്പി സി എസ് ഹരിക്കാണ് അന്വേഷണ ചുമതല. തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റ് സിഐ സജി ശങ്കര്‍, പത്തനംതിട്ട വിജിലന്‍സ് യൂണിറ്റ് സിഐ രാജേഷ് കുമാര്‍, വിജിലന്‍സ് തെക്കന്‍ മേഖല സിഐ അജി ജി നാഥ് എന്നിവരും സംഘത്തിലുണ്ട്.
2017-ലാണ് ശബരിമലയിലെ കൊടിമരത്തിന്റെ പുനർനിർമ്മാണം നടന്നത്. നിർമ്മാണത്തിനാവശ്യമായ സ്വർണം സ്വീകരിക്കുന്നതിൽ ചട്ടലംഘനം നടന്നെങ്കില്‍ അക്കാര്യത്തില്‍ അന്വേഷണം വേണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സിനിമാക്കാരുള്‍പ്പെടെ നിരവധിപേര്‍ കൊടിമരത്തിനും വാജി വാഹനത്തിനുംവേണ്ടി സ്വര്‍ണം നല്‍കിയിട്ടുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയത്.
ശബരിമലയിലെ കൊടിമരത്തിന്‍റെ പുനർനിർമ്മാണത്തിനായി സ്വർണം സ്വീകരിച്ചതിൽ മുൻ അഡ്വക്കേറ്റ് കമ്മീഷണർ എഎസ്പി കുറുപ്പ് ഗുരുതര ചട്ടലംഘനം നടത്തിയതായും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ദേവസ്വം വിജിലൻസ് ഹൈക്കോടതിക്ക് നൽകിയ റിപ്പോർട്ടിലാണ് കണ്ടെത്തലുള്ളത്. എക്‌സിക്യൂട്ടീവ് ഓഫീസറെ ദേവസ്വം ബോർഡ് ചുമതലപ്പെടുത്തിയിട്ടും ഭക്തരിൽ നിന്ന് എഎസ്പി കുറുപ്പ് നേരിട്ട് സ്വർണം വാങ്ങിയത് ചട്ടലംഘനമെന്നാണ് കണ്ടെത്തൽ. സ്വർണ്ണത്തിന്റെ അളവ് വിശദമാക്കുന്ന രസീത് നൽകുന്നതിലും വീഴ്ചയുണ്ടായി എന്നും കണ്ടെത്തലുണ്ട്. സ്വർണ ബിസ്കറ്റുകളും നാണയങ്ങളും അടക്കമുള്ളവയാണ് എഎസ്പി കുറുപ്പ് സ്വീകരിച്ചത്. ബാക്കിവന്ന സ്വർണം എവിടെ ഉപയോഗിച്ചെന്നതിലും കൃത്യമായ രേഖകളില്ല എന്നും കണ്ടെത്തലുണ്ട്.
Content Highlights: Actor and MP Suresh Gopi was questioned by vigilance officials in the Sabarimala case. Statements from other prominent Malayalam cinema figures, including Mohanlal, are expected as the investigation continues.