പി എം ശ്രീ ഇനി പഴങ്കഥ? ഉപസമിതി യോഗം ഒരു തവണ പോലും കൂടിയില്ല; തത്വത്തില്‍ ഉപേക്ഷിച്ചതായി സൂചന

വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായ മന്ത്രിസഭ ഉപസമിതിയിൽ 7 മന്ത്രിമാരാണ് ഉള്ളത്

പി എം ശ്രീ ഇനി പഴങ്കഥ? ഉപസമിതി യോഗം ഒരു തവണ പോലും കൂടിയില്ല; തത്വത്തില്‍ ഉപേക്ഷിച്ചതായി സൂചന
dot image

തിരുവനന്തപുരം: പി എം ശ്രീ പദ്ധതി സംസ്ഥാന സർക്കാർ തത്വത്തിൽ ഉപേക്ഷിച്ചതായി സൂചന. തീരുമാനമെടുക്കാൻ സർക്കാർ ചുമതലപ്പെടുത്തിയ മന്ത്രിസഭ ഉപസമിതി ഒരു തവണപോലും യോഗം ചേർന്നില്ല. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായ മന്ത്രിസഭ ഉപസമിതിയിൽ 7 മന്ത്രിമാരാണ് ഉള്ളത്. പദ്ധതിയുമായി മുന്നോട്ട് പോകേണ്ടതില്ല എന്ന രാഷ്ട്രീയ തീരുമാനത്തിന് പിന്നാലെയാണ് ഉപസമിതി യോഗം ചേരാത്തത് എന്നാണ് സൂചന.

മന്ത്രിമാരായ വി ശിവൻകുട്ടി, പി രാജീവ്, കെ രാജൻ, പി പ്രസാദ്, എ കെ ശശീന്ദ്രൻ, കെ കൃഷ്‌ണൻകുട്ടി, റോഷി അഗസ്റ്റിൻ എന്നിവരാണ് സമിതിയിൽ ഉള്ളത്. ഈ ഉപസമിതി ഒരു തവണ പോലും യോഗം ചേർന്നിട്ടില്ല. തെരഞ്ഞെടുപ്പ് ഉടൻ പ്രഖ്യാപിക്കും എന്നതിനാൽ ഉപസമിതി യോഗം ഇനി കൂടാനിടയുമില്ല. ഇതോടെയാണ് പദ്ധതിയിൽ നിന്ന് സർക്കാർ പൂർണമായും പിന്മാറുന്ന പ്രതീതി ഉളവായിരിക്കുന്നത്.

പി എം ശ്രീ പദ്ധതി ഇനി നടപ്പിലാകില്ല എന്ന് മുൻ മന്ത്രിയും സിപിഐഎം നേതാവുമായ തോമസ് ഐസക് റിപ്പോർട്ടറിനോട് പറഞ്ഞിരുന്നു. പി എം ശ്രീയിൽ വിട്ടുവീഴ്ചയില്ല എന്ന് എൽഡിഎഫ് തീരുമാനമെടുത്ത് കഴിഞ്ഞു. പദ്ധതിയിൽ വലിയ കഥയില്ല, നിസാര പണമാണുള്ളത്. ഈ നിസാര തുക തരാമെന്ന് പറഞ്ഞാണ് കേരളത്തെ വിഴുങ്ങാൻ വരുന്നത്. ഒരു ബ്ലോക്കിലെ സ്കൂളുകൾക്ക് രണ്ടുകോടി തരുമെന്നാണ് പറയുന്നത്. കേരളത്തിലെ ഏത് സ്കൂളുകൾക്കാണ് രണ്ടോ മൂന്നോ കോടി രൂപ കിട്ടാത്തത് എന്നും എല്ലാ മണ്ഡലത്തിലും അഞ്ചുകോടി രൂപയുടെ നിക്ഷേപമുള്ള സ്കൂളുകളുണ്ട് എന്നുമാണ് തോമസ് ഐസക് റിപ്പോര്‍ട്ടറിനോട് പറഞ്ഞത്.

500 കുട്ടികളിൽ കൂടുതൽ പഠിക്കുന്ന സ്കൂളുകൾക്ക് സർക്കാർ പണം നൽകിയിട്ടുണ്ട്. അപ്പോഴാണ് ഒരു ബ്ലോക്കിന് രണ്ടു കോടി തരാമെന്ന് പറഞ്ഞ് കേരളത്തിനെ വിഴുങ്ങാൻ വരുന്നത്. സർവ്വശിക്ഷാ അഭിയാന്റെ പണം പിഎം ശ്രീയിൽ ഒപ്പിട്ടാലെ തരികയുള്ളൂ എന്നാണ് കേന്ദ്രം പറയുന്നത്. അതിനെതിരെയുള്ള നിയമ-രാഷ്ട്രീയ പോരാട്ടം നടന്നു വരികയാണ് എന്നും തോമസ് ഐസക് പറഞ്ഞു. പി എം ശ്രീ പദ്ധതി കേരളത്തിൽ കഴിഞ്ഞുവെന്നും എൽഡിഎഫ് അത് നടപ്പിലാക്കില്ല എന്നുമാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞത്.

വലിയ വിവാദമാണ് പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കേരളത്തിൽ ഉണ്ടായത്. പിഎം ശ്രീ പദ്ധതിയില്‍ സര്‍ക്കാര്‍ ഒപ്പുവെച്ചതിന് പിന്നാലെ സിപിഐ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇത് സിപിഐ- സിപിഐഎം പരസ്യപോരിലേക്കും വഴിവെച്ചിരുന്നു. ദിവസങ്ങള്‍ നീണ്ട രാഷ്ട്രീയ പ്രതിസന്ധിക്കൊടുവില്‍ എം എ ബേബിയും മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി നടത്തിയ ചര്‍ച്ചയിലാണ് സമവായമുണ്ടായത്. പിന്നാലെ പിഎം ശ്രീ പദ്ധതിയുടെ ധാരണാ പത്രം മരവിപ്പിക്കാന്‍ കേന്ദ്രത്തിന് സർക്കാർ കത്തയക്കുകയായിരുന്നു.

Content Highlights: Indications have emerged that the Kerala government may have effectively abandoned the PM SHRI scheme at the policy level. A cabinet sub committee appointed to take a final decision on the implementation of the centrally sponsored education initiative has reportedly not convened even once

dot image
To advertise here,contact us
dot image