ചൂട് കനക്കുന്നു; പകൽ 10 മുതൽ 3 വരെ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക; മുന്നറിയിപ്പ്

കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന് കാലാവസ്ഥ വകുപ്പ്

ചൂട് കനക്കുന്നു; പകൽ 10 മുതൽ 3 വരെ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക; മുന്നറിയിപ്പ്
dot image

കൊച്ചി: ചൂട് കൂടുന്ന സാഹചര്യത്തില്‍ അള്‍ട്രാ വയലറ്റ് രശ്മികള്‍ ഏല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ സുരക്ഷാ മുന്‍കരുതലെടുക്കണമെന്ന് മുന്നറിയിപ്പ്. തുടച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും സൂര്യതാപത്തിനുമടക്കം കാരണമായേക്കാമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. പകല്‍ 10 മണി മുതല്‍ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തുന്നത്. ഈ സമയങ്ങളില്‍ പുറത്തിറങ്ങുന്നത് പരമാവധി കുറയ്ക്കുകയോ സൂര്യപ്രകാശം നേരിട്ട് ശരീരത്തില്‍ ഏല്‍ക്കുന്ന സാഹചര്യം ഒഴിവാക്കുകയോ ചെയ്യണമെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

പുറത്തെ ജോലികള്‍ ചെയ്യുന്നവര്‍, കടലില്‍ പോകുന്നവര്‍, മത്സ്യത്തൊഴിലാളികള്‍, ബൈക്ക് യാത്രികര്‍, വിനോദസഞ്ചാരികള്‍, നേത്രരോഗങ്ങളുള്ളവര്‍, ചര്‍മരോഗങ്ങളുള്ളവര്‍, ക്യാന്‍സര്‍ രോഗികള്‍ തുടങ്ങിയവര്‍ പ്രത്യേക ജാഗ്രത പാലിക്കണം. പകല്‍ സമയത്ത് പുറത്തിറങ്ങുമ്പോള്‍ കുട, തൊപ്പി, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കാന്‍ ശ്രമിക്കുക. ശരീരം മുഴുവന്‍ മറയുന്ന തരത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതും പ്രതികൂല സാഹചര്യത്തെ മറികടക്കാന്‍ സഹായിക്കും.

മലമ്പ്രദേശങ്ങള്‍, ഉഷ്ണമേഖല പ്രദേശങ്ങളില്‍ താരതമ്യേന അള്‍ട്രാവയലറ്റ് സൂചിക ഉയര്‍ന്നതായിരിക്കും. മേഘങ്ങളില്ലാതെ തെളിഞ്ഞ ആകാശമാണെങ്കിലും അള്‍ട്രാവയലറ്റ് സൂചികയുണ്ടാകും. കൂടാതെ ജലാശയങ്ങള്‍ മണല്‍ എന്നിവ അള്‍ട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാല്‍ ഇത്തരം മേഖലകളില്‍ സൂചിക ഉയര്‍ന്നതായിരിക്കും. അള്‍ട്രാവയലറ്റ് രശ്മികള്‍ ഏല്‍ക്കാതിരിക്കാന്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതാണ്.

Content Highlight; People planning to go outside between 10:00 AM and 3:00 PM are advised to take extra precautions, as ultraviolet (UV) radiation levels are typically at their highest during these hours. Prolonged exposure may increase the risk of sunburn, skin damage, dehydration, and heat-related illnesses.

dot image
To advertise here,contact us
dot image