കുഞ്ഞ് ആലിൻ ഷെറിന് വിട നൽകി നാട്; കണ്ണീരണിഞ്ഞ് ജനസാഗരം, ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിച്ചു

കുഞ്ഞുമാലാഖയ്ക്ക് ആദരാഞ്ജലി അർപ്പിക്കാൻ ജനസാഗരമാണ് മല്ലപ്പള്ളിയിലേക്ക് ഒഴുകിയെത്തിയത്

കുഞ്ഞ് ആലിൻ ഷെറിന് വിട നൽകി നാട്; കണ്ണീരണിഞ്ഞ് ജനസാഗരം, ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിച്ചു
dot image

പത്തനംതിട്ട: നന്മയുടെ സന്ദേശം പകർന്ന കുഞ്ഞ് ആലിൻ ഷെറിന് വേദനയോടെ വിടനൽകി നാട്. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ മല്ലപ്പള്ളി നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സിഎസ്‌ഐ പള്ളിയിലെ സെമിത്തേരിയിലാണ് ആലിന്റെ അന്ത്യവിശ്രമം. ജില്ലാ ഭരണകൂടത്തിന്റെ ചുമതലയിൽ, പ്രത്യേക പൊലീസ് സേന ആലിൻ ഷെറിന് ആദരമർപ്പിച്ചു. ബ്യൂഗിൾ സല്യൂട്ട് അടക്കമുള്ള പൊലീസ് ബഹുമതികളോടെ ആയിരുന്നു സംസ്‌കാരം.

കുഞ്ഞുമാലാഖയ്ക്ക് ആദരാഞ്ജലി അർപ്പിക്കാൻ ജനസാഗരമാണ് മല്ലപ്പള്ളിയിലേക്ക് ഒഴുകിയെത്തിയത്. ആശുപത്രിയിലും ആലിന്റെ വീട്ടിലും പള്ളിയിലുമായാണ് പൊതുദർശനം നടന്നത്. രാവിലെ എട്ട് മണിക്ക് വീട്ടിലെത്തിച്ച മൃതദേഹത്തിൽ ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും നാട്ടുകാരും ഉൾപ്പടെ നിരവധി പേരാണ് അന്തിമോപചാരമർപ്പിച്ചത്. പള്ളിയിലെ പൊതുദർശനത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുമെത്തി ആദരാഞ്ജലി അർപ്പിച്ചു.

ഫെബ്രുവരി അഞ്ചിന് എംസി റോഡിൽ പള്ളം ബോർമ കവലയിലുണ്ടായ വാഹനാപകടത്തിലാണ് നെടുങ്ങാടപ്പള്ളി വാലുമണ്ണിൽ അരുൺ എബ്രഹാമിന്റെയും ഷെറിൻ ആൻ ജോണിന്റെയും മകളായ ആലിന് ഗുരുതരമായി പരിക്കേറ്റത്. തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. ഇതോടെ കുടുംബം കുഞ്ഞിന്റെ അവയവങ്ങൾ ദാനം ചെയ്യാമെന്ന തീരുമാനത്തിൽ എത്തുകയായിരുന്നു. ആലിന്റെ വൃക്കകൾ, കരൾ, ഹൃദയവാൽവ്, നേത്ര പടലങ്ങൾ എന്നിവയാണ് ദാനം ചെയ്തത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി പത്തുമാസം പ്രായമുള്ള ആലിൻ മാറി. വെറും പത്തുമാസം മാത്രം ഈ ഭൂമിയിൽ ജീവിച്ച് സ്വന്തം ജീവിതം കൊണ്ട് ലോകത്തിനമുന്നിൽ അവയവദാനമെന്ന മഹത്തായ സന്ദേശം നൽകിയാണ് ആലിന്റെ വേർപാട്. അപകടത്തിന് പിന്നാലെ മസ്തിഷ്‌ക മരണം സംഭവിച്ച ആലിന്റെ അവയവങ്ങളിലൂടെ നാല് പേർക്കാണ് പുതുജീവിതം ലഭിക്കുക.

Content Highlights:‌ painful farewell to the baby organ donar Alin Sherin, The funeral function was completed with official honors

dot image
To advertise here,contact us
dot image