കുഞ്ഞേ ചെറിയ നേരമെങ്കിലും ജീവിതംകൊണ്ട് മഹത്തരമായൊരു സന്ദേശം നല്‍കിയാണ് നീ മടങ്ങുന്നത്, വിട: കെ കെ ശൈലജ

'തീരാവേദനകള്‍ക്കിടയിലും നിന്റെ ജീവിതം മാനവ സാഹോദര്യത്തിന്റെയൊപ്പം ഓര്‍ക്കപ്പെടും'

കുഞ്ഞേ ചെറിയ നേരമെങ്കിലും ജീവിതംകൊണ്ട് മഹത്തരമായൊരു സന്ദേശം നല്‍കിയാണ് നീ മടങ്ങുന്നത്, വിട: കെ കെ ശൈലജ
dot image

തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ ആലിന്‍ ഷെറിന്റെ മരണത്തില്‍ അനുശോചനമറിയിച്ച് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും എംഎല്‍എയുമായ കെ കെ ശൈലജ. ചെറിയ നേരമെങ്കിലും ജീവിതം കൊണ്ട് മഹത്തരമായൊരു സന്ദേശം നല്‍കിയാണ് ആലിന്‍ ഷെറിന്‍ മടങ്ങുന്നതെന്ന് കെ കെ ശൈലജ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. തീരാവേദനകള്‍ക്കിടയിലും ആലിന്റെ ജീവിതം മാനവ സാഹോദര്യത്തിന്റെയൊപ്പം ഓര്‍ക്കപ്പെടും. ഹൃദയം കനക്കുന്ന വേദനയോടെ ഈ നാടിനൊപ്പം ആലിന് വിട നല്‍കുന്നുവെന്നും കെ കെ ശൈലജ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

പൊന്നോമനയ്ക്ക് വിട

കുഞ്ഞ് ആലിന് നിറകണ്ണുകളോടെ നാട് വിട നല്‍കി. കഴിഞ്ഞ ദിവസം കോട്ടയത്ത് വച്ചുണ്ടായ അപകടത്തിലാണ് 10 മാസം പ്രായമുള്ള ആലിന്‍ ഷെറിന്‍ എബ്രഹാമിന് മസ്തിഷ്‌ക മരണം സംഭവിച്ചത്. പൊന്നോമനയെ നഷ്ടപ്പെട്ട വേദനയിലും കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ രക്ഷിതാക്കള്‍ തയ്യാറായത് മഹത്തരമാണ്. കരള്‍, രണ്ട് വൃക്ക, ഹൃദയ വാള്‍വ്, രണ്ട് നേത്ര പടലങ്ങള്‍ എന്നിവയിലൂടെ 5 പേര്‍ക്കാണ് ആലിന്‍ ജീവിത വെളിച്ചം പകര്‍ന്നത്. നാട് ഒരുമിച്ച് നിന്ന് കഴിഞ്ഞ ദിവസം അവയവമാറ്റം വിജയകരമായി പൂര്‍ത്തീകരിച്ചു. സംസ്ഥാനം ഔദ്യോഗിക ബഹുമതിയോടെയാണ് കുഞ്ഞ് മാലാഖയെ യാത്രയാക്കുന്നത്. കുഞ്ഞേ ചെറിയ നേരമെങ്കിലും ജീവിതം കൊണ്ട് മഹത്തരമായൊരു സന്ദേശം നല്‍കിയാണ് നീ മടങ്ങുന്നത്. തീരാവേദനകള്‍ക്കിടയിലും നിന്റെ ജീവിതം മാനവ സാഹോദര്യത്തിന്റെയൊപ്പം ഓര്‍ക്കപ്പെടും. ഹൃദയം കനക്കുന്ന വേദനയോടെ ഈ നാടിനൊപ്പം നിനക്ക് വിട നല്‍കുന്നു.
ആദരാഞ്ജലികള്‍.

പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ അരുണ്‍ എബ്രഹാം, ഷെറിന്‍ ആന്‍ ജോൺ എന്നിവരുടെ മകളായിരുന്നു ആലിന്‍ ഷെറിന്‍. ഫെബ്രുവരി അഞ്ചിനായിരുന്നു ആലിന്‍ ഷെറിന്റെ മരണത്തിനിടയാക്കിയ അപകടമുണ്ടായത്. ആലിനും മാതാവും മാതാവിന്റെ രക്ഷിതാക്കളും സഞ്ചരിച്ചിരുന്ന കാറില്‍ എതിര്‍ദിശയില്‍ നിന്നെത്തിയ വാഹനം ഇടിക്കുകയായിരുന്നു. എം സി റോഡില്‍ പള്ളം ബോര്‍മ കവല ജംഗ്ഷനില്‍വെച്ചായിരുന്നു അപകടമുണ്ടായത്. അപകടത്തില്‍ ആലിന്‍ ഷെറിന് സാരമായി പരിക്കേറ്റിരുന്നു. ചങ്ങനാശ്ശേരിയിലെ ആശുപത്രിയിലായിരുന്നു ആലിനെ ആദ്യം പ്രവേശിപ്പിച്ചത്. പിന്നാലെ തിരുവല്ലയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നില ഗുരുതരമായതോടെയാണ് കൊച്ചി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഇക്കഴിഞ്ഞ പതിമൂന്നിന് മരണം സംഭവിക്കുകയായിരുന്നു. കടുത്ത ദുഃഖത്തിലും ആലിന്‍ ഷെറിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ മാതാപിതാക്കള്‍ തീരുമാനിക്കുകയായിരുന്നു. നേത്രപടലങ്ങള്‍, വൃക്കകള്‍, കരള്‍ അടക്കമാണ് ദാനം ചെയ്തത്. കുഞ്ഞിന്റെ കരള്‍ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലുള്ള ആറ് മാസം പ്രായമുള്ള കുഞ്ഞിനും വൃക്കകള്‍ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയിലുള്ള പത്ത് വയസുകാരനുമായിരുന്നു നല്‍കിയത്.

Content Highlights-K K Shailaja paid tribute to infant organ donor Alin Sherin, noting that the child left behind a powerful message through organ donation

dot image
To advertise here,contact us
dot image