സുന്നി ഐക്യാഹ്വാനം സ്വാഗതം ചെയ്ത് സമസ്ത എ പി വിഭാഗം; ഐക്യം കാലഘട്ടത്തിന്‍റെ അനിവാര്യതയെന്ന് കാന്തപുരം

പൊളിറ്റിക്കൽ ഇസ്‌ലാമിസ്റ്റ് ആശയങ്ങൾ വിശ്വാസികളെ പൊതുസമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്തുമെന്ന് സമസ്ത പ്രമേയം

സുന്നി ഐക്യാഹ്വാനം സ്വാഗതം ചെയ്ത് സമസ്ത എ പി വിഭാഗം; ഐക്യം കാലഘട്ടത്തിന്‍റെ അനിവാര്യതയെന്ന് കാന്തപുരം
dot image

മലപ്പുറം: സുന്നി ഐക്യാഹ്വാനം സ്വാഗതം ചെയ്ത് സമസ്ത എ പി വിഭാഗം. ക്രിയാത്മകമായ ഐക്യനിർദേശങ്ങൾ സ്വാഗതം ചെയ്യുന്നുവെന്ന് എ പി വിഭാഗം വ്യക്തമാക്കി. ഐക്യം കാലം ആവശ്യപ്പെടുന്നതാണെന്നും ഐക്യത്തിന് ആരും എതിരല്ലെന്നും കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. സുന്നി ഐക്യം എന്നത് കാലഘട്ടത്തിന്റെ വലിയ അനിവാര്യതയാണെന്ന് അദ്ദേഹം പറഞ്ഞു.

സമസ്തയുടെ പ്രഖ്യാപിത നയനിലപാടുകളിൽ നിന്നുകൊണ്ടുള്ള ഐക്യശ്രമങ്ങളുമായി മുന്നോട്ടുപോവുക തന്നെ വേണം. വിയോജിപ്പുകളുടെ വഴിയല്ല, മറിച്ച് യോജിപ്പിന്റെ മേഖലകൾ കണ്ടെത്തി ഒന്നിച്ച് നീങ്ങാനാണ് നാം ശ്രമിക്കേണ്ടത്. സുന്നി ഐക്യചർച്ചകൾക്കായി ഇരു സമസ്തകളും നേരത്തെ നാലംഗങ്ങൾ വീതമുള്ള സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. ഈ സമിതിയുടെ നേതൃത്വത്തിൽ ചർച്ചകൾ മുന്നോട്ടുപോയിട്ടുണ്ട്. അത്തരം ചർച്ചകൾക്ക് ഇനിയും സന്നദ്ധമാണെന്ന് കാന്തപുരം അബൂബക്കർ മുസ്‌ലിയാർ വ്യക്തമാക്കി.

ക്രിയാത്മകമായ ഐക്യ ശ്രമങ്ങളെ മാന്യമായും ബഹുമാനത്തോടെയുമാണ് സമീപിക്കേണ്ടത്. വാക്കുകൾ കൊണ്ടോ പ്രവർത്തനങ്ങൾ കൊണ്ടോ ഈ നീക്കങ്ങൾക്ക് വിഘാതമാകുന്ന ഇടപെടലുകൾ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുത്. വിശ്വാസ വൈകല്യങ്ങളിൽ നിന്നും തീവ്ര ചിന്താധാരകളിൽ നിന്നും വിശ്വാസികളെയും പൊതുസമൂഹത്തെയും സംരക്ഷിക്കുക എന്നത് സുന്നി പണ്ഡിതന്മാരുടെ വലിയ ഉത്തരവാദിത്വമാണ്. ഈ ഉത്തരവാദിത്വം വർധിച്ചുവരുന്ന സാമൂഹിക സാഹചര്യമാണ് നിലവിലുള്ളതെന്നും കാന്തപുരം മുസ്‌ലിയാർ പറഞ്ഞു.

സുന്നി ഐക്യം പോലെത്തന്നെ പ്രധാനമാണ് സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കിടയിലുമുള്ള സമാധാനവും ഐക്യവും. എല്ലാ മനുഷ്യരുടെയും സാമൂഹികവും സാമ്പത്തികവുമായ അഭിവൃദ്ധി ലക്ഷ്യമിട്ടുള്ള വികസനമാണ് സാധ്യമാകേണ്ടത്. സന്തോഷവും സമാധാനവും ഇല്ലാതെ ഒരു ജനതയ്ക്കും പുരോഗതി പ്രാപിക്കാനാവില്ല. ജാതിയുടെയോ മതത്തിന്റെയോ പേരിൽ ഭിന്നതയുണ്ടാക്കി വികസനത്തെ തടസ്സപ്പെടുത്തുന്ന നീക്കങ്ങളെ നാം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

പൊളിറ്റിക്കൽ ഇസ്‌ലാമിസ്റ്റ് ആശയങ്ങൾ വിശ്വാസികളെ പൊതുസമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്തുമെന്ന് സമസ്ത പ്രമേയത്തിൽ വ്യക്തമാക്കി. ഇന്ത്യയുടെ മതേതര ജനാധിപത്യ പശ്ചാത്തലത്തിനും ബഹുസ്വരതക്കും നിരക്കാത്ത പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റ് ആശയങ്ങൾ വിശ്വാസികളെ പൊതുസമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്താനും സങ്കുചിതമായ വർഗീയ ധ്രുവീകരണത്തിലേക്ക് നയിക്കാനുമാണ് എക്കാലത്തും ശ്രമിച്ചിട്ടുള്ളതെന്ന് പ്രമേയത്തിൽ പറയുന്നു.

മതത്തെ രാഷ്ട്രീയവുമായി കൂട്ടിക്കുഴച്ച് വോട്ടുകൾ ഏകീകരിക്കാൻ ശ്രമിക്കുന്ന പ്രവണത ജനാധിപത്യത്തിന്റെ അന്തസ്സത്ത ചോർത്തിക്കളയുന്നതും മതാത്മക വർഗീയതയെ പ്രോത്സാഹിപ്പിക്കുന്നതുമാണെന്ന് പ്രമേയത്തിൽ പറയുന്നു.

മതേതര ചേരിയിലെ പ്രസ്ഥാനങ്ങൾ കേവലമായ തെരഞ്ഞെടുപ്പ് വിജയങ്ങൾക്കും അധികാര ലാഭങ്ങൾക്കും വേണ്ടി വിനാശകരമായ ആശയ പശ്ചാത്തലമുള്ള ഇത്തരം സംഘടനകളുമായി അവിശുദ്ധ സഖ്യങ്ങളിൽ എർപ്പെടുന്നതും അവർക്ക് രാഷ്ട്രീയ ഇടങ്ങളിൽ മാന്യത നൽകുന്നതും രാജ്യത്തിന്റെ ബഹുസ്വരതയെ പ്രതിസന്ധിയിലാക്കും. ആദർശ വൈകല്യമുള്ള പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകൾക്ക് താവളമൊരുക്കുന്ന അവസരവാദപരമായ നിലപാടുകളിൽ നിന്ന് എല്ലാ രാഷ്ട്രീയ സംഘങ്ങളും പിന്മാറണം. മതേതരത്വത്തിന്റെ സുരക്ഷാകവചം തകർക്കുന്ന ഇത്തരം രാഷ്ട്രീയ അപചയങ്ങളെയും സഖ്യങ്ങളെയും വിശ്വാസികൾ പൂർണമായും തിരസ്‌കരിക്കുകയും ജനാധിപത്യപരമായ ജാഗ്രത ഉയർത്തിപ്പിടിക്കുകയും വേണമെന്ന് പ്രമേയത്തിൽ പറയുന്നു.

അതേസമയം സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക സമ്മേളനം മലപ്പുറത്ത് നടക്കുമെന്ന് കാന്തപുരം മുസ്‌ലിയാർ അറിയിച്ചു. 'സമസ്ത; 100 പ്രകാശവർഷങ്ങൾ' എന്ന പ്രമേയത്തിൽ അടുത്ത വർഷം ജനുവരി 28, 29, 30, 31 തീയതികളിലാണ് സമ്മേളനം നടക്കുക. കോട്ടക്കലിൽ നടന്ന വിളംബര സമ്മേളനത്തിലാണ് സമസ്ത ജനറൽ സെക്രട്ടറിയായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നൂറാം വാർഷിക സമ്മേളനത്തിന്റെ സമയവും തീയതിയും പ്രഖ്യാപിച്ചത്.

Content Highlights:‌ samastha leader Kanthapuram A P Aboobacker Musliyar welcomes sunni unity discussion

dot image
To advertise here,contact us
dot image