

പാലക്കാട്: സിപിഐഎം പാർട്ടി നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് പുതിയ പാർട്ടി രൂപീകരിക്കാൻ നേതൃത്വം നൽകുന്ന പാലക്കാട്ടെ വിമതർ. പാർട്ടി പ്രവർത്തകരെ നേതൃത്വം അടിമകളാക്കി സംഘടനാ പ്രവർത്തനം നടത്തുന്നുവെന്നും ഇത് അംഗീകരിക്കാൻ കഴിയാത്തതിനാലാണ് പുതിയ പാർട്ടി രൂപീകരിക്കുന്നതെന്നും സിപിഐഎം വിമത നേതാവ് എം സതീഷ് റിപ്പോർട്ടറിനോട് പറഞ്ഞു.
പാർട്ടി കമ്മിറ്റികളിൽ ചർച്ചകളും വിമർശനങ്ങളും നടത്താൻ സാധിക്കുന്നില്ല എന്നും സതീഷ് കൂട്ടിച്ചേർത്തു. പ്രതികരണശേഷിയുള്ള നല്ല സഖാക്കളെ കൂടെകുട്ടി പാർട്ടി രൂപീകരിക്കും. ജനാധിപത്യ രീതിയിലുള്ള മാർക്സിസ്റ്റ് പാർട്ടി രൂപീകരിക്കാനാണ് തീരുമാനം. പി കെ ശശി പോലുള്ള മുതിർന്ന നേതാക്കളെ പാർട്ടിയിൽ എത്തിക്കുമെന്നും സതീഷ് പറഞ്ഞു. പാർട്ടി നേതൃത്വത്തിൻ്റെ പ്രവർത്തനത്തിൽ അമർഷമുള്ള പലരും പിന്തുണ അറിയിച്ചിട്ടുണ്ട്. ഇൻഡ്യ മുന്നണി എന്ന രീതിയിൽ കോൺഗ്രസിന് ഒപ്പം സഹകരിച്ച് തെരഞ്ഞെടുപ്പിനെ നേരിടുമെന്നും സതീഷ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സിപിഐഎമ്മിന് ഭീഷണി ഉയര്‍ത്തി പാലക്കാട്ടെ സിപിഐഎം വിമതര്‍ പാര്‍ട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചത്. 'ഡെമോക്രാറ്റിക് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി' എന്ന പാര്‍ട്ടി രൂപീകരിക്കുമെന്നാണ് പറഞ്ഞത്. പാലക്കാട് കേന്ദ്രീകരിച്ചായിരിക്കും ആദ്യഘട്ടത്തില്‍ നീക്കങ്ങള്‍. പാലക്കാട് ജില്ലയില്‍ വിമത കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ക്കാനാണ് തീരുമാനം. കൊഴിഞ്ഞാമ്പാറ, മണ്ണാര്‍ക്കാട്, ഒറ്റപ്പാലം മേഖലയിലെ സിപിഐഎം വിമതരാണ് സംയുക്തനീക്കം നടത്തുന്നത്. ഇവർക്ക് യുഡിഎഫിന്റെ പിന്തുണയുമുണ്ട്.
പാലക്കാട്ടെ വിമതനീക്കം സിപിഐഎം നിരീക്ഷിക്കുകയാണ്. പി കെ ശശിയുടെ നീക്കങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലെ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റില്‍ ചര്‍ച്ചയായിരുന്നു. ശശിയെ കോണ്‍ഗ്രസിലേക്ക് എത്തിക്കാനുള്ള നീക്കം സജീവമാണ്. അങ്ങനെയുണ്ടായാൽ ഷൊര്‍ണ്ണൂര്‍, ഒറ്റപ്പാലം സീറ്റുകളില്‍ ഏതെങ്കിലും ഒന്ന് നല്‍കിയേക്കും. കെടിഡിസി ചെയര്‍മാന്‍ സ്ഥാനവും പി കെ ശശി ഉടന്‍ രാജിവെയ്ക്കും.
ബിജെപി നേതാവ് പ്രമീള ശശിധരനെ പാര്‍ട്ടിയിലെത്തിക്കാനുള്ള ശ്രമവും കോണ്‍ഗ്രസില്‍ നടക്കുന്നതായാണ് വിവരം. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്ര പാലക്കാട് എത്തുമ്പോഴായിരുന്നു നേതാക്കളുടെ പാര്‍ട്ടി പ്രവേശനം ഉണ്ടായേക്കുക. വി എസ് അച്യുതാനന്ദന്റെ മുന്‍ പി എ സുരേഷിനെ പാര്‍ട്ടിയിലെത്തിക്കാനുള്ള ചര്‍ച്ചയ്ക്ക് പിന്നാലെയാണ് പുതിയ നീക്കങ്ങള്‍.
Content Highlights: CPI(M) rebels in Palakkad have announced plans to form a new political party, sharply criticizing the party leadership. Rebel leader M. Satheesh said the leadership has reduced party workers to mere followers and is running the organisation in an unacceptable manner