

കോഴിക്കോട്: കുറ്റ്യാടിയിൽ യുഡിഎഫിന്റെ പുതുയുഗ യാത്രയ്ക്കിടെ ഉണ്ടായ നേതാക്കന്മാരുടെ പിടിവലിയിൽ പ്രതികരണവുമായി കോഴിക്കോട് ഡിസിസി സെക്രട്ടറി പ്രമോട്ട് കക്കട്ടിൽ. പ്രചരിക്കുന്നത് എഐ നിർമിത ചിത്രങ്ങളാണെന്ന് പ്രമേദ് കക്കട്ടിൽ പറഞ്ഞു. ചിത്രം പ്രചരിപ്പിക്കുന്നതിന് പിന്നിൽ ഇടതുപക്ഷമാണ്. ജനകീയനായ എംപിയെ തേജോവധം ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പ്രമോദ് കക്കട്ടിൽ ആരോപിച്ചു.
ഷാഫി പറമ്പിൽ പ്രമോദ് കക്കട്ടിലിന്റെ കഴുത്തിൽ പിടിക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളുമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പരിപാടി വൈകിയതിനാൽ ഷാഫി സംസാരിക്കുന്നില്ലെന്ന് വ്യക്തമാക്കിയതാണെന്നും സംഘാടകരാണ് അദ്ദേഹത്തെ നിർബന്ധിച്ചതെന്നും ഡിസിസി സെക്രട്ടറി വിശദീകരിച്ചു.
ഷാഫി പ്രസംഗിക്കാൻ വിസമ്മതിക്കുന്ന സാഹചര്യമുണ്ടായി. എന്നാൽ സിപിഐഎം ഹാൻഡിലുകൾ ഇതിനെതിരെ നടത്തുന്ന വ്യാപകമായ പ്രചരണം രാഷ്ട്രീയ പ്രേരിതമാണ്. പ്രചരിക്കുന്ന രീതിയിലുള്ള ഒരു സംഭവവും ഉണ്ടായിട്ടില്ലെന്നും പ്രദീപ് കക്കട്ടിൽ പറഞ്ഞു. സംഭവത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തിയിരുന്നു. മാധ്യമങ്ങൾ ഇല്ലാത്ത കാര്യം ഊതിവീർപ്പിക്കുകയാണെന്നായിരുന്നു വി ഡി സതീശന്റെ പ്രതികരണം.
ഷാഫി തന്നെയാണ് അദ്ദേഹത്തിന്റെ പ്രസംഗം വേണ്ടെന്നും പകരം തന്നെ വിളിച്ചാൽ മതിയെന്നും പറഞ്ഞത്. എന്നാൽ ഇതിനിടെ പ്രമോദ് കക്കട്ടിൽ ഷാഫിയെ സംസാരിക്കാൻ നിർബന്ധിച്ചപ്പോൾ ഷാഫി പിടിച്ചുമാറ്റിയതാണെന്നും സതീശൻ പറയുന്നു. ഇതൊക്കെ ഒരു കുടുംബത്തിൽ ഉണ്ടാകുന്ന പോലത്തെ കാര്യങ്ങളാണെന്നും വേദിയിൽ ഒരു അച്ചടക്കക്കുറവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഫെബ്രുവരി പതിനൊന്നിന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര കുറ്റ്യാടിയിൽ എത്തിയപ്പോഴായിരുന്നു സംഭവം. ജാഥാ ക്യാപ്റ്റനായ വി ഡി സതീശന് മുമ്പ് ഷാഫി പറമ്പിലിനെ പ്രസംഗിക്കുന്നതിന് ക്ഷണിക്കാത്തതാണ് പ്രശ്‌നത്തിന് കാരണമായത്. യോഗത്തിന് അധ്യക്ഷത വഹിച്ച ഡിസിസി സെക്രട്ടറി ഷാഫിക്ക് മുൻപ് സതീശനെ ക്ഷണിക്കുകയാണ് ഉണ്ടായത്. ഇതിനിടെ ഷാഫിയെ പ്രസംഗിക്കാൻ വിളിക്കണമെന്ന ആവശ്യം വേദിയിൽ നിന്ന് ഉയർന്നു.
ഇതിന് പിന്നാലെ ഷാഫി പറമ്പിലിനെ വിളിക്കാനായി പ്രമോദ് കക്കട്ടില്‍ മൈക്കിന് അടുത്തേയ്ക്ക് പോയി. ഇതിനിടെ 'വിളിച്ച് കഴിഞ്ഞിട്ടാണോ എന്നെ വിളിക്കുന്നത്' എന്ന് ഷാഫി ചോദിച്ചു. തുടര്‍ന്ന് വേദിയില്‍ പിടിവലിയുണ്ടായി. തൊട്ടുപിന്നാലെ സതീശന്‍ വേദിയില്‍ എത്തുകയും സംസാരിക്കുകയും ചെയ്തു. സതീശന്‍ സംസാരിച്ച ശേഷം പ്രമോദ് കക്കട്ടില്‍ വീണ്ടും ഷാഫിയെ ക്ഷണിക്കാനായി മൈക്കിനടുത്തേയ്ക്ക് വരാനുള്ള ശ്രമം നടത്തി. ഇതിനിടെ പ്രമോദ് കക്കട്ടിലിനെ ഷാഫി പറമ്പില്‍ തടഞ്ഞു. കഴുത്തി പിടിച്ച് നിർത്തുകയായിരുന്നു. ഏറെ പരിശ്രമിച്ച് മൈക്കിന് അടുത്തേയ്ക്ക് വന്ന പ്രമോദ് കക്കട്ടില്‍ 'ഇനി പ്രിയപ്പെട്ട ഷാഫി പറമ്പില്‍ എംപി സംസാരിക്കും' എന്ന് പറഞ്ഞു.
പിന്നാലെ സംസാരിക്കാനായി ഷാഫി പറമ്പില്‍ മൈക്കിന് അടുത്തേയ്ക്ക് വന്നു. പ്രസംഗിക്കുന്നില്ലെന്ന് പറഞ്ഞ ഷാഫി, ഒറ്റ വാക്കില്‍ പറഞ്ഞ് അവസാനിപ്പിക്കാം എന്നും പറഞ്ഞു. 'പ്രതിപക്ഷ നേതാവിനോടാണ്, നൂറില്‍ കൂടുതല്‍ എണ്ണുമ്പോള്‍ കുറ്റ്യാടി കൂടി എണ്ണിക്കോളൂ' എന്ന് മാത്രമാണ് ഷാഫി പറമ്പില്‍ പറഞ്ഞത്. പിന്നാലെ അവിടെ നിന്ന് മാറുകയും ചെയ്തു. വേദിയില്‍ പിടിവലി നടക്കുമ്പോള്‍ ഇടപെടാതെ മാറിനില്‍ക്കുന്ന വി ഡി സതീശനെയും കാണാമായിരുന്നു.
Content Highlights: Kozhikode DCC President alleges that the video circulated from Kuttiyadi is edited and AI generated