

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ എന്‍ വാസുവിന് ജാമ്യം അനുവദിച്ചതില്‍ അത്ഭുതമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ശബരിമലയിലെ സ്വര്‍ണ്ണം കട്ടതിലല്ല ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. യുഡിഎഫുകാരെ പിടിക്കാന്‍ വല്ല മാര്‍ഗവും ഉണ്ടോയെന്നാണ് എസ്‌ഐടി നോക്കിക്കൊണ്ടിരിക്കുന്നത്. എസ്‌ഐടി നോക്കുകുത്തിയായി മാറിയെന്നും കെ മുരളീധരന്‍ പറഞ്ഞു. ഈ സര്‍ക്കാരിന്റെ കാലത്ത് ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് സത്യം പുറത്തുവരില്ലെന്നും കെ മുരളീധരന്‍ വിമര്‍ശിച്ചു.
'ജാമ്യം ലഭിച്ചതില്‍ അത്ഭുതമില്ല. ശബരിമലയിലെ സ്വര്‍ണ്ണം കട്ടതിലല്ല അന്വേഷണം നടക്കുന്നത്. യുഡിഎഫുകാരെ പിടിക്കാന്‍ വല്ല മാര്‍ഗവും ഉണ്ടോയെന്നാണ് എസ്‌ഐടി നോക്കിക്കൊണ്ടിരിക്കുന്നത്. കുറച്ച് കഴിഞ്ഞാല്‍ പത്മകുമാറും പുറത്തിറങ്ങും. ഈ സര്‍ക്കാര്‍ ഉള്ളിടത്തോളം കാലം സത്യം പുറത്തുവരില്ല. അതിന്റെ ഉദാഹരണമാണ് വാസുവിന് ജാമ്യം കിട്ടിയത്. കുറച്ചുദിവസം കഴിഞ്ഞാല്‍ പത്മകുമാറിനും ജാമ്യം കിട്ടും. എസ്‌ഐടി നോക്കുകുത്തിയായി മാറി. എല്ലാ പ്രതികളും പുറത്തിറങ്ങിയാല്‍ എന്ത് കേസ് അന്വേഷിക്കാനാ. പത്മകുമാറും പുറത്തിറങ്ങിയാല്‍ ഒരു പ്രതിയും ജയിലിനകത്ത് ഉണ്ടാകില്ല. കുറ്റപത്രം വരുമ്പോഴേക്കും തെരഞ്ഞെടുപ്പ് കഴിയും', കെ മുരളീധരന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
കോടതിയില്‍ വാദിച്ചെടുക്കുന്ന ജാമ്യമല്ലല്ലോ സ്വാഭാവിക ജാമ്യമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പ്രതികരിച്ചു. കോടതി മനസ്സറിഞ്ഞുകൊടുക്കുന്നതല്ല സ്വാഭാവിക ജാമ്യം. സര്‍ക്കാരിന്റേത് നല്ല കൈവര്‍ക്കാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പരിഹസിച്ചു.
ശബരിമലയിലെ കട്ടിളപ്പാളിക്കേസില്‍ മൂന്നാം പ്രതിയായ എന്‍ വാസുവിന് കൊല്ലം വിജിലന്‍സ് കോടതിയാണ് സ്വാഭാവിക ജാമ്യം അനുവദിച്ചത്. നവംബര്‍ 11നായിരുന്നു വാസു അറസ്റ്റിലാവുന്നത്. കേസില്‍ ജയില്‍ മോചിതനാകുന്ന അഞ്ചാമനാണ് എന്‍ വാസു. ശബരിമല കട്ടിളപ്പാളികൾ ആദ്യമായി ചെമ്പാണെന്ന് രേഖപ്പെടുത്തിയത് എൻ വാസു ദേവസ്വം ബോർഡിന്റെ അംഗീകാരത്തിനായി നൽകിയ കത്തിലാണെന്ന് എസ്‌ഐടി കണ്ടെത്തിയിരുന്നു. 2019 ഫെബ്രുവരിയിൽ വാസു നൽകിയ കത്ത് അംഗീകരിച്ചാണ് മാർച്ചിൽ ബോർഡ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈയിൽ കട്ടിളപ്പാളികൾ കൊടുത്തുവിടാൻ തീരുമാനിച്ചതെന്നും അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഇതനുസരിച്ചുള്ള ദേവസ്വം സെക്രട്ടറിയായിരുന്ന എസ് ജയശ്രീയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പാളികൾ കടത്തിയെന്നും ദേവസ്വം ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച പറ്റിയെന്നും അന്വേഷണ റിപ്പോർട്ടിലുണ്ടായിരുന്നു. പിന്നാലെയാണ് പ്രതി ചേര്‍ത്തത്.
Content Highlights: K Muraleedharan mocks Government and SIT Over N Vasu Bail